200 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് ഗുജറാത്ത് കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍; ആറ് പാകിസ്താന്‍ സ്വദേശികള്‍ അറസ്റ്റില്‍‌

200 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് ഗുജറാത്ത് കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍; ആറ് പാകിസ്താന്‍ സ്വദേശികള്‍ അറസ്റ്റില്‍‌

200 കോടി രൂപ വില വരുന്ന 40 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു
Updated on
1 min read

ലഹരി മരുന്നുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ച പാകിസ്താന്‍ മത്സ്യബന്ധന ബോട്ട് ഗുജറാത്ത് കോസ്റ്റ്ഗാര്‍ഡ് പിടികൂടി. 200 കോടി രൂപ വിലവരുന്ന 40 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന ആറ് പാക് പൗരന്മാരെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് കോസ്റ്റ് ഗാര്‍ഡിന്റേയും തീവ്രവാദ വിരുദ്ധ സക്വാഡിന്റേയും സംയുക്ത ഓപ്പറേഷനിലൂടെയാണ് 'അല്‍ ഹുസൈനി' എന്ന പേരിലുള്ള പാക് ബോട്ട് പിടിച്ചെടുത്തത്.

ഗുജറാത്തിലെ കച്ച് ജില്ലയില്‍ നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെയുളള ജാഖൗ കോസ്റ്റില്‍ വെച്ചാണ് ബോട്ട് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്നവരെ ജാഖൗ തുറമുഖത്തേക്ക് എത്തിച്ചു. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കറാച്ചിയില്‍ നിന്ന് പുറപ്പെട്ട ബോട്ട്, മയക്കുമരുന്ന് കൈമാറാനായി ഹരി 1, ഹരി 2 എന്നീ കോഡുകള്‍ ഉപയോഗിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. ബോട്ട് ജാഖൗ തുറമുഖത്തിന്റെ 35 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ കടന്നതായി സിഗ്നല്‍ ലഭിച്ചതോടെയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ഓപ്പറേഷന്‍ ആരംഭിച്ചത്.

ശഹബാസ് അലിയെന്ന പാക് സ്വദേശിയുടെ ഉടമസ്ഥതയിലുളള ബോട്ട് കറാച്ചി മുതല്‍ ഇന്ത്യന്‍ സേന നിരീക്ഷിച്ചിരുന്നു. കറാച്ചിയില്‍ നിന്നും ആറ് നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഫൈബര്‍ ബോട്ടുകളിലെത്തിച്ചാണ് മയക്കുമരുന്നുകള്‍ പിടിയിലായ ബോട്ടിലേക്ക് ആറംഗസംഘം കയറ്റിയത് . പാകിസ്താന്‍ സ്വദേശികളായ ഹാജി ഹസന്‍ ,ഹാജി ഹസാം എന്നിവരാണ് ഹെറോയിന്‍ വിതരണം ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. പഞ്ചാബിലെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനായാണ് ലഹരി വസ്തുക്കള്‍ എത്തിച്ചതെന്നാണ് സൂചന.

2018 മുതല്‍ 2019 വരെ 4600 കോടി വിലമതിക്കുന്ന 920 കിലോ മയക്കു മരുന്നാണ് വിവിധ ഓപ്പറേഷനുകളിലൂടെ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. ഈ കേസുകളില്‍ മയക്കുമരുന്ന് വിതരണത്തിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്താന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ പൗരന്‍മാരേയും അവര്‍ക്ക് സഹായം നല്‍കുന്ന ഇന്ത്യന്‍ പൗരന്‍മാരേയും പിടികൂടിയിരുന്നു. ഈ വര്‍ഷം ഏപ്രിലിലും സമാന രീതിയിലുളള ലഹരി വേട്ട ജാഖൗ തുറമുഖത്ത് നടന്നിരുന്നു. 150 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം ലഹരിവസ്തുക്കളാണ് അന്ന് പിടിച്ചെടുത്തത്. ഗുജറാത്തിലെ മോര്‍ബിയില്‍ നിന്ന് 600 കോടി വിലമതിക്കുന്ന ഹെറോയിനും പിടിച്ചെടുത്തു.

logo
The Fourth
www.thefourthnews.in