ഗുജറാത്ത് തിരഞ്ഞെടുപ്പ്;  ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഗുജറാത്ത് തിരഞ്ഞെടുപ്പ്; ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് 89 സീറ്റുകളിലേക്ക്
Updated on
1 min read

ഗുജറാത്തിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണപരിപാടികൾ കൊഴുപ്പിക്കുകയാണ് മുന്നണികൾ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളിലെയും മുൻനിര നേതാക്കൾ തന്നെ മുന്നിട്ടിറങ്ങിയാണ് പ്രചാരണം നടത്തിയത്.

മോര്‍ബി പാലം ദുരന്തം ബിജെപിക്കെതിരായ പ്രധാന പ്രചാരണ ആയുധമാക്കി മാറ്റി

ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരുടെ നീണ്ട നിരതന്നെ പ്രചാരണത്തിനെത്തിയപ്പോൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മന്നിന്റെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നാകെ ആംആദ്മി പാർട്ടിക്കായി പ്രചാരണത്തിന് എത്തി. ഭാരത് ജോഡോ യാത്രയ്ക്ക് അവധി നല്‍കിയായിരുന്നു കോൺഗ്രസ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയും എത്തിയത്. മോര്‍ബി പാലം ദുരന്തം ബിജെപിക്കെതിരായ പ്രധാന പ്രചാരണ ആയുധമാക്കി മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസും ആംആദ്മിയും.

തുടർഭരണം ഉറപ്പിക്കാനുള്ള പരിശ്രമത്തിൽ ബിജെപി

രണ്ടര പതിറ്റാണ്ട് നീണ്ട തുടർഭരണം ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ബിജെപിയുള്ളത്. എന്നാൽ കലാശക്കൊട്ടിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുൻ ഗുജറാത്ത് മന്ത്രി ജയ് നാരായൺ വ്യാസ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത് പാർട്ടിക്ക് ചെറിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.

രണ്ട് ഘട്ടമായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 1ന് ആദ്യ ഘട്ടവും ഡിസംബർ 5ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പും നടക്കും. മോര്‍ബി, സൂറത്ത്, ഗിര്‍ സോമനാഥ്, കച്ച്, രാജ്‌കോട്ട്, ജാംനഗര്‍, പോര്‍ബന്തര്‍ എന്നീ മേഖലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 8നാണ് വോട്ടെണ്ണൽ.

logo
The Fourth
www.thefourthnews.in