ഗോധ്രകലാപം; പ്രതികൾക്ക് ജാമ്യം നൽകുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഗുജറാത്ത് സർക്കാർ

ഗോധ്രകലാപം; പ്രതികൾക്ക് ജാമ്യം നൽകുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഗുജറാത്ത് സർക്കാർ

2018 മുതൽ 31 പ്രതികളുടെ അപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്
Updated on
1 min read

വർഗീയ കലാപത്തിന് കാരണമായ 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതികൾക്ക് ജാമ്യം നൽകുന്നതിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഗുജറാത്ത് സർക്കാർ. പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. പ്രതികളിൽ ചിലർ കല്ലെറിയുക മാത്രമാണ് ചെയ്തതെന്നും വർഷങ്ങളോളം ജയിലിൽ കഴിഞ്ഞവരുമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാനുള്ള നിർദേശം സുപ്രീംകോടതി മുന്നോട്ട് വെച്ചപ്പോഴാണ് സർക്കാർ എതിർപ്പ് അറിയിച്ചത്.

കേസിലെ പ്രതികൾ കല്ലെറിയൽ മാത്രമല്ല നടത്തിയതെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. അതുകൊണ്ട് തന്നെ പ്രതികളോട് മൃദുവായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ വാദം. 2018 മുതൽ 31 പ്രതികളുടെ അപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കേസിലെ 15 പ്രതികളുടെ ജാമ്യാപേക്ഷ ഡിസംബർ 15ന് പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും ഉൾപ്പെട്ട ബെഞ്ച് ഗുജറാത്ത് സർക്കാരിനോട് നിലപാട് ചോദിച്ചത്. കല്ലെറിയുക എന്നത് മാത്രമായിരുന്നില്ല ഈ കേസെന്ന് ചൂണ്ടിക്കാട്ടിയ തുഷാർ മേത്ത, കത്തിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങാതിരിക്കാനായി മനഃപൂർവം കല്ലെറിയുകയായിരുന്നുവെന്നും കോടതിയെ അറിയിച്ചു.

2002 ഫെബ്രുവരി 27നാണ് ഗോധ്ര സ്റ്റേഷന് സമീപം സബർമതി എക്‌സ്പ്രസിന്റെ ബോഗി അഗ്നിക്കിരയാക്കി കൊണ്ട് ആക്രമണം നടക്കുന്നത്. 52ലധികം പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിൽ 31 പ്രതികൾക്ക് ജീവപര്യന്തം അടക്കമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. 2011 മാർച്ചിൽ വിചാരണക്കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തുകയും അതിൽ 11 പേർക്ക് വധശിക്ഷയും ബാക്കി 20 പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. മറ്റ് 63 പ്രതികളെ വെറുതെ വിട്ടു. 2017ൽ ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയും മറ്റ് 20 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. കേസിൽ ജീവപര്യന്തം തടവിന് വിധിച്ച അബ്ദുൾ റഹ്മാന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോലി, ജെ ബി പർദിവാല എന്നിവർ അടങ്ങിയ ബെഞ്ച് നവംബർ 11ന് ജാമ്യം നീട്ടി കൊടുത്തിരുന്നു. ഭാര്യയ്ക്ക് അസുഖമായതിനാലും രണ്ട് കുട്ടികളും വൈകല്യമുള്ളവർ ആയതിനാലുമാണ് പ്രതിക്ക് അടുത്ത വർഷം മാർച്ച് 31വരെ ജാമ്യം നീട്ടിയത്.

ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപം സബർമതി എക്സ്പ്രസ്സിന്റെ എസ് 6 കോച്ചാണ് ആക്രമികൾ കത്തിച്ചത്. ആളുകളെ രക്ഷപ്പെടുത്താൻ വന്ന ഫയർ എഞ്ചിൻ പോലും പ്രതികൾ കടത്തിവിട്ടില്ല. സംസ്ഥാനത്ത് ഉടനീളം വർഗീയ കലാപങ്ങൾ ഉണ്ടാകാൻ സംഭവം കാരണമായിരുന്നു.

logo
The Fourth
www.thefourthnews.in