ഗുജറാത്ത് കലാപക്കേസ്; ആര്‍ ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം
ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ മുൻ ഡിജിപി ആര്‍ ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം. ഗുജറാത്ത് ഹൈക്കോടതിയാണ് കേസ് ഇനി പരിഗണിക്കുന്ന നവംബര്‍ 15 വരെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ഇലേഷ് ജെ വോറയുടെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജാമ്യോപാധികള്‍ തീരുമാനിക്കാന്‍ അഹമ്മദാബാദ് സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസില്‍ സ്ഥിരജാമ്യത്തിനായി അപേക്ഷ സമർപ്പിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ശ്രീകുമാര്‍ ജയില്‍ മോചിതനാകുമെന്നാണ് പ്രതീക്ഷ.
10,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം. പാസ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇടക്കാല ജാമ്യം പൂർത്തിയാകുന്ന ദിവസം ജയിൽ അധികൃതർക്ക് മുമ്പിലെത്തണമെന്നും കോടതി നിർദേശിച്ചു. അതേസമയം കേസില്‍ അദ്ദേഹത്തോടൊപ്പം അറസ്റ്റിലായ ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ കോടതി നവംബർ 15ലേക്ക് മാറ്റി. സെപ്തംബർ 2 ന് സുപ്രീം കോടതി ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
സെപ്റ്റംബർ 20നാണ് കേസില്‍ സംസ്ഥാനം കുറ്റപത്രം സമർപ്പിച്ചത്. ജൂൺ 25നാണ്ഗുജറാത്ത് കലാപത്തില്‍ വ്യജരേഖ ചമച്ചുവെന്ന് ആരോപിച്ച് ഗാന്ധിനഗറിലെ വീട്ടില്‍ നിന്ന് ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. മാധ്യമപ്രവർത്തകയായ ടീസ്റ്റ സെതൽവാദിനെയും അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട അഫ്ദാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയുടെ ഹർജി തള്ളിയതിന് തൊട്ടുപിന്നാലെയായിരുന്നു ആര്‍ ബി ശ്രീകുമാറിന്റെയും ടീസ്റ്റയുടെയും അറസ്റ്റ്.