ബിപോര്‍ജോയ് ചുഴലിക്കാറ്റ്: 37,000 പേരെ മാറ്റിപ്പാർപ്പിച്ചു, 95 ട്രെയിനുകൾ റദ്ദാക്കി
അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് നാളെ ഗുജറാത്ത് തീരം തൊടാനിരിക്കെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി അധികൃതർ. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും 37,000 പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ഗാന്ധിധാം ടൗണിലെ സർദാർ വല്ലഭായ് പട്ടേൽ ഹാളിലേക്കാണ് ആളുകളെ താൽക്കാലികമായി മാറ്റിയിരിക്കുന്നത്. കച്ച്, പോർബന്തർ, ജുനാഗഡ്, ജാംനഗർ, അടക്കമുള്ള എട്ട് ജില്ലകളിൽ നിന്നുമാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്.
രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ തന്നെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മതിൽ ഇടിഞ്ഞ് വീണ് പോർബന്തറിലെ ഖർവാവാദ് മേഖലയിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച കച്ചിലെ ഭുജിൽ സമാന സംഭവത്തിൽ രണ്ട് കുട്ടികൾ മരിച്ചിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അപകട സാധ്യതാ പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ബാധിത മേഖലകളില്‍ സര്‍വീസ് നടത്തുന്ന 95 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ കാണ്ട്ലയില്‍ നിന്നും ഒഴിപ്പിച്ച ജനങ്ങളെ സന്ദര്‍ശിച്ചു. ചുഴലിക്കാറ്റ് ഉണ്ടാക്കിയേക്കാവുന്ന അപകടത്തെക്കുറിച്ച് ജനങ്ങളെ പറഞ്ഞ് ബോധവാന്മാരാക്കുകയും സ്ഥിതിഗതികള്‍ ശാന്തമാകും വരെ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്ന മുന്നറിയിപ്പും നൽകി. 1998-ലെ തീവ്രമായ ചുഴലിക്കാറ്റ് ഏറ്റവും കൂടുല്‍ നാശം വിതച്ച പ്രദേശമാണ് കാണ്ട്ല.
കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതെന്ന മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളുടെ വിവിധ മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വരെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറിൽ 125-135 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് സൗരാഷ്ട്ര, കച്ച്, മാൻഡ്‌വി, പാകിസ്താനിലെ കറാച്ചി എന്നിവിടങ്ങളിലൂടെ കടന്ന് പോകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.