'പരാമർശങ്ങള്‍ അനുചിതം, ബില്‍ക്കിസ് ബാനു കേസ് വിധി പുനഃപരിശോധിക്കണം'; ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയില്‍

'പരാമർശങ്ങള്‍ അനുചിതം, ബില്‍ക്കിസ് ബാനു കേസ് വിധി പുനഃപരിശോധിക്കണം'; ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയില്‍

ഗുജറാത്ത് സർക്കാർ വിവേചനാധികാരം ദുരുപയോഗം ചെയ്തു, അധികാരം കവർന്നെടുത്തു തുടങ്ങിയ പരാമർശങ്ങള്‍ വിധി പ്രസ്താവത്തില്‍ സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു
Updated on
1 min read

ബില്‍ക്കിസ് ബാനു കേസില്‍ 11 പ്രതികളുടേയും ജാമ്യം റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയില്‍. വിധിയിലെ ചില പരാമർശങ്ങള്‍ അനുചിതവും കേസിന് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പ്രതികളിലെ മൂന്നാമനായ രാധേശ്യാം ഭഗവാന്‍ദാസ് ഷായുമായി സർക്കാർ സഹകരിച്ചു പ്രവർത്തിച്ചുവെന്ന കോടതിയുടെ പരാമർശത്തെ അതിശയകമായ നിരീക്ഷണമെന്നാണ് റിവ്യു ഹർജിയില്‍ ഗുജറാത്ത് സർക്കാർ വിശേഷിപ്പിച്ചിരിക്കുന്നത്.

ഗുജറാത്ത് സർക്കാർ വിവേചനാധികാരം ദുരുപയോഗം ചെയ്തു, അധികാരം കവർന്നെടുത്തു തുടങ്ങിയ പരാമർശങ്ങള്‍ വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതികളുടെ ഇളവ് അഭ്യർഥനയില്‍ സർക്കാരിന് തീരുമാനമെടുക്കാമെന്ന 2022 മേയ് 13ലെ സുപ്രീംകോടതിയുടെ കോ-ഓർഡിനേറ്റ് ബെഞ്ചിന്റെ ഉത്തരവ് പിന്തുടരുക മാത്രമാണ് ചെയ്തതെന്ന് ഹർജിയില്‍ ഗുജറാത്ത് സർക്കാർ വ്യക്തമാക്കി.

ഷായുടെ ഹർജിയിലായിരുന്നു രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് 2022, മേയ് 13നുണ്ടായത്. 2008ല്‍ മുംബൈയിലെ സിബിഐ കോടതി ജീവപര്യന്തം ശിക്ഷയാണ് ഷായ്ക്ക് നല്‍കിയത്. 15 വർഷവും നാല് മാസവും ജയില്‍ശിക്ഷ അനുഭവിച്ചതിന് ശേഷമായിരുന്നു ഷാ ഇളവിനായി സുപ്രീംകോടതിയെ സമീപിച്ചത്.

'പരാമർശങ്ങള്‍ അനുചിതം, ബില്‍ക്കിസ് ബാനു കേസ് വിധി പുനഃപരിശോധിക്കണം'; ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയില്‍
സോണിയ ഗാന്ധി രാജ്യസഭയിലേക്ക്, ഇന്ന് പത്രിക നല്‍കും; റായ്ബറേലി പ്രിയങ്കക്കോ?

2022 മേയ് 13ലെ ഉത്തരവ് കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നേടിയതാണെന്നും അതിനാല്‍ നിലനില്‍ക്കില്ലെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ സുപ്രീകോടതി വ്യക്തമാക്കിയിരുന്നു. 2022 മേയ് 13ലെ ഉത്തരവ് തിരുത്തുന്നതിനായി എന്തുകൊണ്ടാണ് ഗുജറാത്ത് സർക്കാർ പുനഃപരിശോധന ഹർജി നല്‍കാത്തതെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.

എന്നാല്‍ 2002ലെ ഉത്തരവില്‍ പുനഃപരിശോധന ഹർജി നല്‍കിയില്ല എന്നതുകൊണ്ട് അധികാരം ദുർവിനിയോഗം ചെയ്തെന്ന് പറയാനാകില്ലെന്നാണ് പുതിയ ഹർജിയില്‍ ഗുജറാത്ത് സർക്കാരിന്റെ വാദം. ഇളവ് അഭ്യർഥനയില്‍ തീരുമാനമെടുക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് സിആർപിസി 432(7) പ്രകാരം സുപ്രീംകോടതിയിലും ഗുജറാത്ത് ഹൈക്കോടതിയിലും സമർപ്പിച്ചിട്ടുള്ള രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഹർജിയില്‍ പറയുന്നു.

തങ്ങള്‍ പുനഃപരിശോധന ഹർജി നല്‍കിയിരുന്നില്ലെങ്കിലും ബില്‍ക്കിസ് ബാനു സമർപ്പിച്ച പുന:പരിശോധന ഹർജി 2022 ഡിസംബർ 13ന് തള്ളിയെന്നത് പരിഗണിക്കാതെ പോയത് കോടതിക്ക് സംഭവിച്ച വീഴ്ചയാണെന്നും ഗുജറാത്ത് സർക്കാർ ചൂണ്ടിക്കാണിച്ചു.

logo
The Fourth
www.thefourthnews.in