വരുന്നു... ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ഗ്രാമം
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ഗ്രാമമാകാനൊരുങ്ങി ഗുജറാത്തിലെ മൊധേര. ഗ്രാമത്തിലെ 1300-ലധികം വീടുകളുടെ മേല്‍ക്കൂരകളില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലുകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കും. കുറഞ്ഞ ചെലവില്‍ ഊർജം ഉത്പാദിപ്പിക്കുന്നതിനൊപ്പം പുനരുപയോഗ ഊർജം പ്രയോജനപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സജ്ജന്‍പുര ഗ്രാമത്തിലെ 12 ഹെക്ടർ വരുന്ന സ്ഥലത്താണ് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം(BESS) ക്രമീകരിച്ചിരിക്കുന്നത്. പകല്‍ സമയത്ത് സോളാർ പാനലുകള്‍ ഗ്രാമത്തില്‍ മുഴുവന്‍ സൗരോർജം വിതരണം ചെയ്യുകയും രാത്രിയില്‍ പിന്നീടുള്ള ഉപയോഗത്തിനായി സംഭരിച്ചുവെയ്ക്കുകയും ചെയ്യും. 80.66 കോടി രൂപ ചെലവഴിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.
മോധേരയിലെ ലോകപ്രശസ്തമായ സൂര്യക്ഷേത്രത്തിലെ പൈതൃകവിളക്കുകള്‍ക്കുമിനി സൗരോർജം വെളിച്ചം പകരും. 3ഡി പ്രൊജക്ഷനും സൗരോർജത്തില്‍ പ്രവർത്തിക്കും. 15മുതല്‍ 18 മിനിട്ട് വരെ നീണ്ടുനില്‍ക്കുന്ന 3ഡി പ്രദർശനം ക്ഷേത്രത്തിന്റെ ചരിത്രം കാഴ്ചക്കാരിലേക്ക് എത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ 9ന് മോധേരയെ സമ്പൂർണ സൗരോർജ ഗ്രാമമായി പ്രഖ്യാപിക്കും.