'മോദിയെ വ്യക്തിപരമായി നേരിടാന്‍ പറഞ്ഞു, ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ശിഷ്യര്‍ക്കതിനാകില്ല': രാഹുലിനെതിരെ വീണ്ടും ആസാദ്
കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ചും പ്രാധാനമന്ത്രി നരേന്ദ്ര മോദിയോട് നിലപാട് മയപ്പെടുത്തിയം പാര്‍ട്ടി വിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റത്തെയും പക്വതയില്ലായ്മയെയും ആസാദ് വിമര്‍ശിച്ചു. ബിജെപിയില്‍ ചേരില്ലെന്നും സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്ന വാദത്തില്‍ ഗുലാം നബി ആസാദ് ഉറച്ചു നിന്നു. എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗുലാംനബി ആസാദ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബിജെപിയില്‍ ചേരില്ല, സ്വന്തമായി പാര്‍ട്ടി രൂപീകരിക്കും
ഗുലാം നബി ആസാദ്
പാര്‍ട്ടിയില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി ഇപ്പോള്‍ നിശ്ചലമായി മാറി. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കീഴില്‍ സജീവമായിരുന്ന പ്രവർത്തക സമിതി അര്‍ത്ഥശൂന്യമായി മാറിയെന്നും ഗുലാം നബി ആസാദ് കൂട്ടിചേര്‍ത്തു. സോണിയ ഗാന്ധി പാര്‍ട്ടിയെ നയിച്ചിരുന്ന കാലഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കളുമായെല്ലാം കൂടിയാലോചനകള്‍ നടത്തുകയും എല്ലാവരുടെയും ശുപാര്‍ശകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് പ്രവർത്തക സമിതി ഇപ്പോൾ നിശ്ചലമായി മാറി
എന്നാല്‍ 2004 ന് ശേഷം രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ വന്നതോടെ സ്ഥിതിഗതികള്‍ ആകെ മാറി. സോണിയ ഗാന്ധി കൂടൂതലായി രാഹുല്‍ ഗാന്ധിയെ ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ അദ്ദേഹത്തിന് മികച്ച നേതൃപാടവം കാഴ്ച്ചവെയ്ക്കാനായില്ല. തീരുമാനങ്ങള്‍ എല്ലാവരും രാഹുല്‍ ഗാന്ധിയുമായി ഏകോപിപ്പിക്കണമെന്നാണ്സോണിയാ ഗാന്ധിയും ആഗ്രഹിച്ചത്.
ഞങ്ങള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ലഭിച്ചത് ഇന്ദിരാഗാന്ധിയുടെ കീഴിലാണ്
2019 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ 'കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പ്രചാരണത്തെ പല മുതിര്‍ന്ന നേതാക്കളും എതിര്‍ത്തതാണ്. എതിര്‍പ്പ് പ്രകടിപ്പിച്ചതില്‍ താനും മന്‍മോഹന്‍ സിങും, എകെ ആന്റണിയുമെല്ലാം ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ലഭിച്ചത് ഇന്ദിരാഗാന്ധിയുടെ കീഴിലാണ്. മുതിര്‍ന്നവരെ ബഹുമാനിക്കുകയും പ്രതിപക്ഷ നേതാക്കള്‍ക്ക് തുല്യമായ ബഹുമാനം നല്‍കുന്നതായിരുന്നു ഞങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസം. ജൂനിയര്‍ മന്ത്രിയായിരിക്കെ തന്നെയും എംഎല്‍ ഫോട്ടേദാറിനെയും വിളിച്ച് അടല്‍ ബിഹാരി വാജ്‌പേയിയെ കാണണമെന്ന് ഇന്ദിരാഗാന്ധി പറഞ്ഞിട്ടുണ്ട്.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇടംവലം രാഷ്ട്രീയപരമായും വ്യക്തിപരമായും ആക്രമിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ രീതി. എന്നാല്‍ തനിക്ക് ഒരാളെ വ്യക്തിപരമായി ആക്രമിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള രാഹുല്‍ ഗാന്ധിയുടെ അടുത്ത നേതാക്കള്‍ക്ക് എതിരെയും രൂക്ഷമായ ഭാഷയിലാണ് ഗുലാം നബി ആസാദ് പ്രതികരിച്ചത്. ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പേപ്പറില്‍ ഒപ്പുവയ്ക്കുന്ന വ്യക്തിമാത്രമാണ്. അദ്ദേഹം തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ ഭാഗമല്ലെന്നും ആസാദ് തുറന്നടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും ഗുലാം നബി ആസാദ് ഇന്ന് തയ്യാറായി. മോദി ഒരു മര്യാദയില്ലാത്ത മനുഷ്യനാണെന്നാണ് താന്‍ കരുതിയത്, പക്ഷേ അദ്ദേഹം മനുഷ്യത്വമുള്ള വ്യക്തിയാണെന്നായിരുന്നു പ്രതികരണം. എന്നാല്‍ ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തെയും അദ്ദേഹം തള്ളി. ബിജെപിയില്‍ ചേരുന്നത് തന്റെ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല. ഇത്തരം വാര്‍ത്തകള്‍ കോണ്‍ഗ്രസ് നടത്തുന്ന സംഘടിത പ്രചാരണമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റ പരാജയത്തിന് രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി ആസാദ് രാജിക്കത്ത് അയച്ചിരുന്നു. 9 വര്‍ഷത്തോളമായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ എഐസിസിയ്ക്ക് കൈമാറിയിട്ട്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ ചവറ്റുകൊട്ടയിലാണെന്നും ആസാദ് ആവര്‍ത്തിച്ചു. പാര്‍ട്ടിയെ മെച്ചപ്പെടുത്താന്‍ ആരും ഒരു ശ്രമവും നടത്തുന്നില്ലെന്നും ആസാദ് കൂട്ടിചേര്‍ത്തു. രാഹുല്‍ നല്ല വ്യക്തിയാണെന്നും അദ്ദേഹത്തോട് വ്യക്തിപരമായി യാതൊരു എതിര്‍പ്പും തനിക്ക് ഇല്ലെന്നും ഗുലാം നബി ആസാദ് കൂട്ടിചേര്‍ത്തു.