''രാഹുല്‍ അധ്യക്ഷനായതോടെ പാര്‍ട്ടി തകര്‍ന്നു. കോണ്‍ഗ്രസ് ജോഡോ യജ്ഞമാണ് നടത്തേണ്ടത്'' ഗുലാം നബി ആസാദ്
രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഗുലാം നബി ആസാദിന്റെ കോണ്‍ഗ്രസില്‍ നിന്നുള്ള പടിയിറക്കം. സോണിയ ഗാന്ധിയുടെ നേതൃപാടവത്തെ പ്രശംസിച്ച അദ്ദേഹം രാഹുലിനെയാണ് കടന്നാക്രമിക്കുന്നത്. തിരിച്ചുവരാനാവാത്തവിധം കോണ്‍ഗ്രസ് തകര്‍ന്നിരിക്കുന്നതായും ഗുലാം നബി ആസാദ് തന്റെ രാജിക്കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തി. അനുഭവപരിചയമില്ലാത്ത പുതിയ സംഘത്തെ കാര്യങ്ങള്‍ ഏല്‍പ്പിച്ചു. മുതിർന്ന നേതാക്കളുടെ ഉപദേശങ്ങളൊന്നും രാഹുല്‍ കേട്ടില്ല. 2014 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി അംഗങ്ങളുമായി ചർച്ച ചെയ്ത് മുന്നോട്ട് വെച്ച നിർദേശങ്ങളൊന്നും അംഗീകരിച്ചില്ല. അതെല്ലാം ഒൻപത് വർഷങ്ങളായി എ ഐ സി സി ആസ്ഥാനത്തെ സ്റ്റോർ റൂമിൽ കിടപ്പുണ്ട്. പലപ്പോഴും ഓർമിപ്പിച്ചെങ്കിലും അത് പരിശോധിക്കാനുള്ള യാതൊരു നടപടിയും അന്നത്തെ വൈസ് പ്രസിഡന്റ് ആയിരുന്ന രാഹുൽ ഗാന്ധി കാണിച്ചില്ലെന്നും ആസാദ് കുറ്റപ്പെടുത്തുന്നു.
ജനുവരി 2013 ന് രാഹുൽ ഗാന്ധി പാർട്ടി വൈസ് പ്രസിഡന്റായ ശേഷം കോൺഗ്രസിന്റെ മുഴുവൻ സംവിധാനങ്ങളും തകർന്നു. കോൺഗ്രസ് കോർ ഗ്രൂപ്പ് ചർച്ച ചെയ്ത് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് മാധ്യമങ്ങളുടെ മുന്നിൽ കീറി കളഞ്ഞു. ഇത് രാഹുലിന്റെ പക്വതയില്ലായ്മയുടെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാഹുലിന്റെ ഈ 'കുട്ടിക്കളി'യാണ് യു പി എ സർക്കാരിനെ 2014 ൽ പരാജയപെടുത്തിയതിൽ മുഖ്യ പങ്ക് വഹിച്ചെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.
ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം കോണ്‍ഗ്രസ് തകർന്നു. നേതൃസ്ഥാനങ്ങളിലേക്ക് 'ചരടിൽ കെട്ടിയ പാവകളാണ്' വന്നത്. ആ പരീക്ഷണവും പരാജയപ്പെട്ടു. ദേശീയ തലത്തിലെ പാർട്ടിയുടെ രാഷ്ട്രീയ സ്വാധീനം ബിജെപിക്കും സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾക്കും വിട്ടു കൊടുത്തു. ഇതിനെല്ലാം കാരണം പാർട്ടിയുടെ തലപ്പത്ത് കാര്യ ഗൗരവമില്ലാത്ത വ്യക്തികളെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചതാണെന്നും അദ്ദേഹം വിമർശിച്ചു.
2019ന് പാർട്ടി വളരെ മോശം അവസ്ഥയിലാണ്. 2020 ഓഗസ്റ്റിൽ കോൺഗ്രസിന്റെ തകർച്ചയെ മുന്നിൽകണ്ട് കത്തെഴുതിയ ആസാദും മറ്റ് 22 നേതാക്കളും ചെയ്ത ഒരേയൊരു കുറ്റം പാർട്ടിയുടെ ദൗർബല്യങ്ങളും അതിനുള്ള പരിഹാര മാർഗങ്ങളും ചൂണ്ടിക്കാട്ടി എന്നതാണ്. എന്നാൽ ആ വീക്ഷണങ്ങളെ ക്രിയാത്മകമായി കാണുന്നതിന് പകരം ജി 23 നേതാക്കളെ അപമാനിക്കുകയും പറ്റുന്ന രീതിയിലെല്ലാം ഇകഴ്ത്തുകയുമാണുണ്ടായത്. പാർട്ടി യോഗങ്ങളിൽ അവരെ അപകീർത്തിപ്പെടുത്തുന്ന നീക്കങ്ങൾ വരെ ഉണ്ടായി.
മുഴുവൻ സംഘടനാ തിരഞ്ഞെടുപ്പും വ്യാജവും വെറും നാടകവുമാണ്. കൃത്യമായ രീതിയിൽ രാജ്യത്തൊരിടത്തും സംഘടനാ തിരഞ്ഞടുപ്പ് നടന്നിട്ടില്ല. തിരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടക്കുന്നതിൽ എ ഐ സി സി നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്. സ്വാതന്ത്ര്യത്തിനായി പോരാടിയ ഒരു ദേശീയ പ്രസ്ഥാനത്തിന് അതിന്റെ എഴു വാർഷികത്തിൽ ഇങ്ങനെയൊരു വിധി അർഹിക്കുന്നുണ്ടോയെന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു.
ഇനി മുതൽ സംഘടനയുടെ പുറത്തുനിന്ന് കോൺഗ്രസിന്റെ ആദർശങ്ങളെ കൂടുതൽ ദൃഢമാക്കാൻ ശ്രമിക്കും. രാഹുലിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് ഇന്ത്യയെ വീണ്ടെടുക്കാനുള്ള ഇച്ഛാശക്തിയെല്ലാം നഷ്ടമായിക്കഴിഞ്ഞു. അതിനാൽ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് നേതൃത്വം രാജ്യത്തുടനീളം ഒരു കോണ്‍ഗ്രസ് ജോഡോ യജ്ഞം നടത്തേണ്ടതുണ്ട്. ഇതെല്ലം മുൻ നിർത്തിക്കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള അരനൂറ്റാണ്ട് ബന്ധം വിച്ഛേദിക്കാനും പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കാനും തീരുമാനിച്ചത് അങ്ങേയറ്റം ഖേദത്തോടെ അറിയിക്കുന്നവനും സോണിയക്ക് നൽകിയ കത്തിൽ അദേഹം പറയുന്നു.