ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ സർവേയ്ക്ക് തുടക്കം; പ്രദേശത്ത് കനത്ത സുരക്ഷ
വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ എസ് ഐ) ശാസ്ത്രീയ സർവേ ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സർവേക്ക് ആവശ്യമായ ഉപകരണങ്ങളുമായി എ എസ് ഐ സംഘം പള്ളിയിൽ എത്തിയത്. വാരാണസി ജില്ല കോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് നടപടി. നാല്‍പതോളം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി പള്ളിയിലെത്തിയിരിക്കുന്നത്.
പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന ഇടം ഒഴികെയുള്ള സ്ഥലങ്ങളില്‍ സർവേ നടത്താനാണ് കോടതിയുടെ അനുമതി. പരിശോധനാ റിപ്പോര്‍ട്ട് ഓഗസ്റ്റ് 4ന് മുമ്പായി എഎസ്‌ഐ ജില്ലാകോടതിയ്ക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നടപടി. പ്രദേശത്ത് കര്‍ശന സുരക്ഷയാണ് പരിശോധനയ്ക്ക് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്. അതിനിടെ, സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്ന് പരാമർശിക്കും.
ഹിന്ദു ക്ഷേത്രം ഇരുന്ന സ്ഥലത്താണ് പള്ളി പണിഞ്ഞിരിക്കുന്നതെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയുടെ പരിഗണിച്ചാണ് വാരാണസി ജില്ല കോടതി വെള്ളിയാഴ്ച സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. സർവേ സമയത്ത് നമസ്‌കാരത്തിന് യാതൊരു നിയന്ത്രണവുമില്ല. സര്‍വേയിൽ പള്ളിക്ക് കേടുപാടുകള്‍ വരുത്തരുതെന്നും ജില്ലാ ജഡ്ജി എ കെ വിശ്വേശ്വ നിർദേശിച്ചിട്ടുണ്ട്.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിന്റെ പരിസരം മുഴുവൻ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടത്തണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ മേയിലാണ് കോടതി സമ്മതിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഹിന്ദു പക്ഷം സമര്‍പ്പിച്ച വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗ്യാന്‍വാപി പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
ജൂലൈ 14 ന് ഇരുപക്ഷത്തിന്റേയും വാദം കേട്ടശേഷം കോടതി കാര്‍ബണ്‍ ഡേറ്റിങ് പരിശോധന സംബന്ധിച്ച് വിധി പറയാന്‍ ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സര്‍വേ മസ്ജിദ് സമുച്ചയത്തിന് കേടുപാടുകള്‍ വരുത്തുമെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം പക്ഷം ഹര്‍ജിയെ എതിര്‍ത്തിരുന്നു. പള്ളിയുടെ മൂന്ന് മിനാരങ്ങൾക്ക് താഴെ ഭൂമിക്കടിയിലുള്ള സാഹചര്യം വ്യക്തമാക്കാന്‍ ഉപകരിക്കുന്ന ‘ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ’ (ജി.പി.ആർ) സർവേ നടത്താനും കോടതിയുടെ പ്രത്യേക നിർദേശമുണ്ട്.
മുമ്പ് ശിവലിംഗമാണെന്ന് ഹിന്ദു വിഭാഗക്കാര്‍ അവകാശപ്പെടുന്ന പള്ളിക്കുള്ളില്‍ കണ്ടെത്തിയ കല്ല് ശാസ്ത്രീയ സര്‍വേയ്ക്ക് വിധേയമാക്കാന്‍ അലഹാബാദ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അത് നമാസ് അര്‍പ്പിക്കുന്നതിന് മുമ്പായി ആളുകള്‍ വുദു ചെയ്യുന്ന വസുഖാനയിലെ ജലധാരയുടെ ഭാഗമാണെന്നായിരുന്നു ഗ്യാന്‍വാപി മസ്ജിദ് അധികൃതരുടെ വാദം.
ഹൈന്ദവ വിശ്വാസികള്‍ 'ശിവലിംഗം' എന്ന് അവകാശപ്പെടുന്ന വസ്തു നിലനില്‍ക്കുന്ന 'വസുഖാന' (അംഗശുദ്ധി വരുത്തുന്ന സ്ഥലം) സര്‍വേയുടെ ഭാഗമാകില്ല. ആ പ്രദേശം മുദ്രവച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കാനാകുമെന്ന് കേസില്‍ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി വാരാണസി കോടതി തള്ളിയിരുന്നു.