ഗ്യാന്‍വ്യാപി കേസ്; 'ശിവലിംഗ'ത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹർജി തള്ളി

ഗ്യാന്‍വ്യാപി കേസ്; 'ശിവലിംഗ'ത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹർജി തള്ളി

'ശിവലിംഗ'ത്തിന്റെ പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു
Updated on
1 min read

ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ കണ്ടെത്തിയത് ശിവലിംഗമാണോ എന്നതില്‍ ആധികാരികത വരുത്തുന്നതിനും കാലപ്പഴക്കം നിശ്ചയിക്കുന്നതിനും ശാസ്ത്രീയ പരിശോധന വേണമെന്ന ഹര്‍ജി തള്ളി. പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന ഹര്‍ജികളാണ് വരാണസി സെഷൻസ് കോടതി തള്ളിയത്. ഹിന്ദുമതവിശ്വാസികളായ നാല് സ്ത്രീകളുടെ ഹർജി സുപ്രീം കോടതി നിർദേശം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തർക്ക പ്രദേശം സീൽ ചെയ്യണമെന്ന കോടതി നിർദേശം നിലനിൽക്കുന്നതിനാൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്.

തർക്ക പ്രദേശം സീൽ ചെയ്യണമെന്ന കോടതി നിർദേശം നിലനിൽക്കുന്നതിനാൽ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി

ഗ്യാൻവ്യാപി കേസിലെ ഹർജിക്കാരായ നാല് സ്ത്രീക‍ളാണ് ശിവലിംഗത്തിന്റെ പഴക്കം നിർണയിക്കാൻ കാർബൺ ഡേറ്റിംഗ് വേണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ശിവലിംഗത്തില്‍ കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന നടത്തേണ്ടതില്ലെന്ന് കോടതി അറിയിച്ചു. ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും നിത്യാരാധനയ്ക്ക് അനുമതി വേണമെന്നുമാണ് ഗ്യാന്‍വാപി കേസിലെ മുഖ്യ ഹര്‍ജി. 'ശിവലിംഗം' സുരക്ഷിതമായി സംരക്ഷിക്കണമെന്ന് നേരത്തെ സുപ്രീം കോടതി അറിയിച്ചിരുന്നു.

പള്ളിക്കുള്ളിൽ ഹിന്ദു ദൈവമായ 'മാ ശൃംഗാർ ഗൗരി''യെ ആരാധിക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍ തന്നെ ശിവലിംഗമാണെന്ന് തെളിയിക്കണമെന്ന പുതിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിക്കുന്നു. ശിവലിംഗമല്ല, ജലധാരയാണ് ഇതെന്നും പള്ളി കമ്മിറ്റി കോടതിയിൽ പറഞ്ഞു.

ഹര്‍ജികള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ അതീവ സുരക്ഷാസന്നാഹമാണ് കോടതിക്ക് പുറത്ത് ഒരുക്കിയിരുന്നത്. കോടതിമുറിയില്‍ 58 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു.

അതേസമയം, കോടതി ഉത്തരവിന് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വിഷ്ണു ജയിന്‍ പ്രതികരിച്ചു. ഉത്തരവിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

logo
The Fourth
www.thefourthnews.in