ഭീമ കൊറേഗാവ് കേസ്: ഹാക്കിങ്ങിലൂടെ രേഖകള്‍ സ്ഥാപിച്ചു; ഫാ.സ്റ്റാന്‍ സ്വാമിയെ കുടുക്കിയതെന്ന് റിപ്പോർട്ട്
ഭീമ കൊറേഗാവ് കേസില്‍ ഫാ.സ്റ്റാന്‍ സ്വാമിയെ കുടുക്കിയതെന്ന് റിപ്പോർട്ട്. അമേരിക്കന്‍ ഫൊറൻസിക് സ്ഥാപനമായ ആഴ്സണല്‍ കൺസള്‍ട്ടിങ്ങാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കേസില്‍ കുടുക്കുന്നതിനായി സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ്പില്‍ ഹാക്കിങ്ങിലൂടെ രേഖകള്‍ സ്ഥാപിച്ചെന്നാണ് കണ്ടെത്തല്‍. ഈ രേഖകള്‍ എന്‍ഐഎ കുറ്റപ്പത്രത്തില്‍ എഴുതിച്ചേർത്തെന്നും റിപ്പോർട്ടില്‍ പറയുന്നു.
മാവോയിസ്റ്റ് കത്തുകള്‍ എന്ന നിലയില്‍ പ്രചരിപ്പിച്ചവയടക്കം 44 രേഖകളാണ് ലാപ്ടോപ്പ് ഹാക്ക് ചെയ്ത് സ്ഥാപിച്ചത്. ലാപ്ടോപ്പ് പൂർണമായും നിയന്ത്രണത്തിലാക്കി 2014 മുതല്‍ 2019 ജൂൺ 11 വരെ ഹാക്കിങ് നടന്നു. എങ്ങനെ ആര് ഹാക്ക് ചെയ്തു എന്ന് കണ്ടെത്താതിരിക്കാനുള്ള സാങ്കേതിക ഇടപെടലുകളും ഹാക്കർമാർ നടത്തിയിരുന്നു. ജൂൺ 12 നാണ് പൂനെ പോലീസ് സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്തത്. കേസില്‍ പ്രതി ചേർക്കപ്പെട്ട റോണ വില്‍സിന്റെയും സുരേന്ദ്ര ഗാഡിലിങ്ങിന്റെയും ലാപ്ടോപ്പുകളിലും ഹാക്കിങ് നടന്നതായി മുൻപ് കണ്ടെത്തിയിരുന്നു. ഇവർ മൂന്ന് പേരുടെയും ലാപ്പ്ടോപ്പുകളില്‍ ഹാക്കിങ് നടത്തിയത് ഒരേ ഹാക്കറാണെന്നാണ് പുതിയ റിപ്പോർട്ട്.
തീവ്രവാദ ബന്ധമാരോപിച്ച് 2020ലാണ് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ അഞ്ചിന് സ്റ്റാന്‍ സ്വാമി മരിച്ചു. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകരാണ് ഫൊറൻസിക് സ്ഥാപനത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.