സ്റ്റാർ ഇന്‍ഷുറന്‍സ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; ടെലഗ്രാം ചാറ്റ് ബോട്ടുകളിൽ വിവരങ്ങൾ വില്‍പനയ്ക്കെന്ന് റിപ്പോർട്ട്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ടെലഗ്രാം ചാറ്റ് ബോട്ടുകളിലാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരസ്യമാകുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയാണ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കോ ലിമിറ്റഡ്.
ദശലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളാണ് ചാറ്റ് ബോട്ട് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. വിവരങ്ങള്‍ സംബന്ധിച്ച സാംപിളുകളും ചാറ്റ്‌ബോട്ട് പരസ്യമാക്കുന്നുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ഇന്‍ഷുറന്‍സ് പോളിസി വിവരങ്ങള്‍, വിലാസം ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ എന്നിവയാണ് പരസ്യമാക്കപ്പെട്ടിരിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ ഗവേഷകന്‍ ജേസണ്‍ പാര്‍ക്കര്‍ ആണ് വിവരച്ചോര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 31 ദശലക്ഷത്തിലധികം സ്റ്റാര്‍ ഹെല്‍ത്ത് ഉപഭോക്താക്കളില്‍ നിന്ന് മോഷ്ടിച്ച 7 ടെറാബൈറ്റിലധികം ഡാറ്റ തങ്ങളുടെ കൈവശമുണ്ടെന്നാണ് 'xenZen' എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചാറ്റ്‌ബോട്ടുകളുടെ സ്രഷ്ടാവ് അവകാശപ്പെടുന്നത്.
എന്നാല്‍, ഉപയോക്താക്കളുടെ വിവരങ്ങള്‍ വ്യാപകമായി ചോര്‍ന്നിട്ടില്ലെന്നാണ് സ്റ്റാര്‍ ഹെല്‍ത്ത് അധികൃതരുടെ നിലപാട്. എന്നാല്‍ സ്റ്റാര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാകുണ്ടെന്ന് റോയിട്ടേഴ്‌സ് പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തന്നെ ടെലഗ്രാം ചാറ്റ് ബോട്ടിന്റെ പ്രവര്‍ത്തനം തടഞ്ഞെങ്കിലും അല്‍പസമയത്തിനകം തന്നെ ഇതേ വിവരങ്ങളുമായി മറ്റൊരു ചാറ്റ് ബോട്ട് രംഗത്തെത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഇതിനോടകം വലിയ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കമ്പനിയില്‍ സുരക്ഷിതമല്ലെന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ് എന്നാണ് ഉപഭോക്താക്കളുടെ നിലപാട്. ഡാറ്റ ചോര്‍ച്ച സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിക്കാത്തതിലും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.