'ജയിലിൽവെച്ച് മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം'; ഇഡി ആരോപണം തെറ്റാണെന്ന് കെജ്‌രിവാൾ കോടതിയിൽ

'ജയിലിൽവെച്ച് മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം'; ഇഡി ആരോപണം തെറ്റാണെന്ന് കെജ്‌രിവാൾ കോടതിയിൽ

ജയിലിൽ കഴിയവേ 48 തവണയാണ് വീട്ടിൽനിന്ന് ഭക്ഷണം എത്തിച്ചത്, ഇതിൽ മൂന്ന് പ്രാവശ്യം മാത്രമാണ് മാങ്ങ കഴിച്ചതെന്നും പഞ്ചസാരയിട്ട ചായ കുടിക്കാറില്ലെന്നും കെജ്‌രിവാൾ കോടതിയിൽ പറഞ്ഞു
Updated on
2 min read

ജാമ്യം ലഭിക്കുന്നതിനായി മാങ്ങയും മധുരപലഹാരവും പഞ്ചസാര ഇട്ട ചായയും കുടിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇ ഡിയുടെ ആരോപണം തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജയിലിൽ കഴിയവേ 48 തവയാണ് വീട്ടിൽനിന്ന് ഭക്ഷണം എത്തിച്ചതെന്നും ഇതിൽ മൂന്ന് പ്രാവശ്യം മാത്രമാണ് മാങ്ങ കഴിച്ചതെന്നും പഞ്ചസാരയിട്ട ചായ കുടിക്കാറില്ലെന്നും കെജ്‌രിവാൾ കോടതിയിൽ പറഞ്ഞു. അതേസമയം, ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിച്ച സമയം കോടതി അംഗീകരിച്ച ഭക്ഷണക്രമമാണോ കെജ്‌രിവാൾ പാലിച്ചതെന്ന് പരിശോധിക്കുമെന്ന് ഡൽഹി കോടതി ചോദിച്ചു.

ജയിലിൽ ഇൻസുലിൻ നൽകാനും വീഡിയോ കോൺഫറൻസ് മുഖേന ഡോക്ടർമാരുമായി കൂടിയാലോചന നടത്താനും കെജ്‌രിവാൾ സമർപ്പിച്ച അപേക്ഷയിൽ വിധി പറയുന്നതിനിടെയാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ഗുരുതരമായ പ്രമേഹവും രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകളും സംബന്ധിച്ച് ദിവസവും 15 മിനുറ്റ് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഡോക്ടറുമായി സമീപിക്കാനാണ് കെജ്‌രിവാൾ അനുമതി തേടിയത്. ഡോക്ടർമാരോടൊപ്പം ഭാര്യയെ വീഡിയോ കോളിൽ ചേരാൻ അനുവദിക്കണമെന്നും ആവശ്യമുണ്ടായിരുന്നു.

'ജയിലിൽവെച്ച് മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം'; ഇഡി ആരോപണം തെറ്റാണെന്ന് കെജ്‌രിവാൾ കോടതിയിൽ
'ഷുഗര്‍ കൂട്ടാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരപലഹാരങ്ങളും കഴിക്കുന്നു'; ജാമ്യം ലഭിക്കാനുള്ള സൂത്രമെന്ന് ഇഡി

മാധ്യമവിചാരണയാണ് ഇ ഡി നടത്തുന്നതെന്ന് കെജിരിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ആരോപിച്ചു. മുഖ്യമന്ത്രിയും ജയിൽ അധികൃതരും തമ്മിലുള്ള പ്രശ്‌നമായതിനാൽ കേന്ദ്ര അന്വേഷണ ഏജൻസിക്ക് ഈ വിഷയത്തിൽ ഒരു പങ്കുമില്ലെന്നാണ് കെജ്‌രിവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രമേഷ് ഗുപ്ത വ്യക്തമാക്കിയത്.

പൂരിയും ഉരുളക്കിഴങ്ങ് കറിയും കഴിക്കുന്നുവെന്ന ആരോപണവും കെജ്‌രിവാൾ തള്ളി. നവരാത്രി പ്രസാദമായി എത്തിച്ച പൂരിയും ഉരുളക്കിഴങ്ങ് കറിയും ഒരുതവണ മാത്രമാണ് കഴിച്ചത്. പ്രമേഹ രോഗിയായതിനാൽ ഷുഗർഫ്രീ മാത്രമാണ് ചായയിൽ ഉപയോഗിക്കാറുള്ളതെന്നും കെജ്‌രിവാൾ പഞ്ചസാര ഇട്ട ചായ കുടിക്കാറില്ലെന്നും അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിച്ചു.

അതേസമയം കോടതി കെജ്‌രിവാളിന് നിർദ്ദേശിച്ച ഭക്ഷണക്രമത്തിൽ മധുരപലഹാരങ്ങളോ പഴങ്ങളോ പരാമർശിക്കുന്നില്ലെന്നും ഡയറ്റ് ചാർട്ട് പ്രകാരമുള്ള ഭക്ഷണമല്ല കെജ്‌രിവാൾ കഴിക്കുന്നതെന്നും ഇ ഡിയുടെ പ്രത്യേക അഭിഭാഷകന്‍ സുഹേബ് ഹുസൈൻ കോടതിയിൽ വാദിച്ചു.

'ജയിലിൽവെച്ച് മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം'; ഇഡി ആരോപണം തെറ്റാണെന്ന് കെജ്‌രിവാൾ കോടതിയിൽ
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി

കെജ്‌രിവാൾ അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന പ്രമേഹത്തിന്‌റെ അളവിലുള്ള ഭയാനകമായ വര്‍ധനവില്‍ ആശങ്കാകുലരാണെന്നാണ് ഇഡിയുടെ പ്രത്യേക അഭിഭാഷകന്‍ സുഹേബ് ഹുസൈന്‍ കോടതിയിൽ പറഞ്ഞത്. 'ഏത് ഡയറ്റാണ് അദ്ദേഹം പിന്തുടരുന്നതെന്നും ഏതൊക്കെ മരുന്നുകളാണ് കഴിക്കുന്നതെന്നും ജയിലധികാരികളോട് കത്തെഴുതി ചോദിച്ചിരുന്നു. പ്രമേഹം കൂടുതലാണെന്ന് അവകാശപ്പെടുമ്പോഴും മാങ്ങയും മധുരപലഹാരങ്ങളും പഞ്ചസാര ഇട്ട ചായയുമാണ് കഴിക്കുന്നത്, ഇതിലൂടെ ജാമ്യത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം,'' ഇ ഡി കോടതിയിൽ ആരോപിച്ചു.

കേന്ദ്ര ഏജൻസിയുടെ നിർബന്ധിത നടപടികളിൽനിന്ന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് മാർച്ച് 21 ന് രാത്രി കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 22 ന്, വിചാരണ കോടതി അദ്ദേഹത്തെ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു. പിന്നീടാണ് ഏപ്രില്‍ 23വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

logo
The Fourth
www.thefourthnews.in