യുപിയിൽ ഹലാൽ ഉത്പ്പന്നങ്ങൾ നിരോധിച്ചു; സർട്ടിഫിക്കറ്റ് നല്കിയവർക്കെതിരെ നടപടി
ഹലാൽ ഉത്പന്നങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകി നിർമ്മിക്കുന്ന ഭക്ഷണ സാധനങ്ങൾക്കുമേൽ നിരോധനമേർപ്പെടുത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. യു പി ഭക്ഷ്യ കമ്മീഷണർ ആണ് ഉത്തരവിറക്കിയത്. കയറ്റുമതി ചെയ്യുന്ന ഭക്ഷണ സാധനങ്ങൾക്ക് ഈ നിരോധനം ബാധകമാവുകയില്ല എന്നും ഉത്തരവിൽ പറയുന്നു. ഭക്ഷ്യ സുരക്ഷാ നിയമം 89 ആം വകുപ്പ് പ്രകാരം ഹലാൽ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമാണെന്നാണ് ഉത്തരവിൽ പറയുന്നത്.
29 ആം വകുപ്പ് പ്രകാരം ഒരു ഭക്ഷണ സാധനത്തിന്റെ നിലവാരം നിർണയിക്കാനുള്ള അവകാശം സർക്കാരിന് മാത്രമാണെന്നും ഉത്തരവിൽ പറയുന്നു. ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകിയതിന് ഒരു കമ്പനിക്കും മൂന്ന് സംഘടനകൾക്കുമെതിരെ ലഖ്‌നൗ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്തിന് പിന്നാലെയാണ് തീരുമാനം. സംസ്ഥാനത്ത് ഹലാലെന്ന് സാക്ഷ്യപ്പെടുത്തിയ വെജിറ്റേറിയൻ ഉത്പന്നങ്ങളായ എണ്ണ, സോപ്പ്, ടൂത്ത്പേസ്റ്റ് എന്നിവയുടെ വിൽപ്പനയ്ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം നടപടികൾ ആരംഭിച്ചു.
ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജാമിഅത്ത് ഉലമ ഐ ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഫ് ഇന്ത്യ മുംബൈ, ജാമിഅത്ത് ഉലമ മഹാരാഷ്ട്ര എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ബ്യൂട്ടി ഓയിൽ, സോപ്പുകൾ, ടൂത്ത് പേസ്റ്റ് തുടങ്ങി സസ്യാഹാരം ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് ഹലാൽ സ്റ്റിക്കറുകൾ പതിക്കുന്നതിനെതിരെ ശൈലേന്ദ്ര കുമാർ ശർമ എന്ന ലക്നൗ സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് നടപടികൾ. ഇത് മറ്റു സമുദായങ്ങളിലെ കച്ചവടങ്ങളെ ബാധിക്കുമെന്നും, രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നും പരാതിയിൽ ആരോപിക്കുന്നു. സർട്ടിഫിക്കറ്റുകൾ വ്യാജമായി സമ്പാദിച്ചെന്നാരോപിച്ചാണ് ഇപ്പോൾ പോലീസിന്റെ നടപടി.
ഭീകരസംഘടനകൾക്ക് ഫണ്ട് ചെയ്യാനാണ് ഹലാൽ സർട്ടിഫിക്കേഷനിൽ നിന്നുള്ള സാമ്പത്തിക നേട്ടം ഉപയോഗിക്കുന്നതെന്ന തരത്തിലാണ് പരാതി. ക്രിമിനൽ ഗൂഢാലോചന, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തുക എന്നെ ഇ കുറ്റങ്ങൾ ആരോപിച്ച്, കൊള്ള, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.