ഹനുമാനും പാകിസ്താന്‍ ചാരനും മുതല്‍ മല്ലിയില വരെ എടുത്ത കോവിഡ് വാക്‌സിനേഷന്‍

ഹനുമാനും പാകിസ്താന്‍ ചാരനും മുതല്‍ മല്ലിയില വരെ എടുത്ത കോവിഡ് വാക്‌സിനേഷന്‍

റദ്ദാക്കപ്പെട്ട ഒരേ ആധാര്‍ കാര്‍ഡ് നമ്പറുകള്‍ ഉപയോഗിച്ച് നിരവധി പേര്‍ പലതവണ വാക്സിന്‍ സ്വീകരിച്ചു
Updated on
2 min read

കോവിൻ വാക്സിനേഷൻ‌ വിവരങ്ങള്‍ ചോര്‍ന്ന സംഭവം ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചകളില്‍ ഒന്നാണെന്നാണ് സാങ്കേതിക വിദഗ്ദര്‍. എന്നാല്‍ ചോര്‍ച്ചകളില്‍ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടവരില്‍ ഹനുമാനും പാകിസ്താന്‍ ചാരനും എന്തിന് നമ്മുടെ അടുക്കള തോട്ടത്തിലെ മല്ലിയില പോലും ഉള്‍പ്പെടുന്നുവെന്നതാണ് കൗതുകരമായ വസ്തുത.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ദ ഫോർത്ത് നടത്തിയ അന്വേഷണത്തിലാണ് മുന്‍പ് പിന്‍വലിച്ച കുറച്ച് ആധാര്‍ നമ്പറുകള്‍ ഉപയോഗിച്ചും ഇന്ത്യയില്‍ ആളുകള്‍ വാക്സിന്‍ സ്വീകരിച്ചതായി വെളിപ്പെ​​ട്ടത്.

റദ്ദാക്കപ്പെട്ട ഒരേ ആധാര്‍ കാര്‍ഡ് നമ്പറുകള്‍ ഉപയോഗിച്ച് നിരവധി പേര്‍ പലതവണ വാക്സിന്‍ സ്വീകരിച്ചുവെന്നതാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. ഇതോടെ പിഴവ് പറ്റിയിരിക്കുന്നത് കോവിഡ് വാക്‌സിന്‍ ഡാറ്റയുടെ കാര്യത്തില്‍ മാത്രമാണോ എന്ന സംശയം കൂടിയാണ് ഉയരുന്നുണ്ട്.

രാജ്യത്ത് ആറ് ലക്ഷത്തോളം വ്യാജ ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കിയതായി 2022 ജൂലായില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു

ആധാര്‍ കാര്‍ഡുകളുടെ പേരില്‍ ഇന്ത്യയില്‍ ഉണ്ടായ വിവാദങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഒരാള്‍ക്ക് തന്നെ ഒന്നിലധികം ആധാര്‍ കാര്‍ഡുകള്‍, നാട്ടില്‍ കറങ്ങി നടക്കുന്ന പട്ടിക്കും പൂച്ചയ്ക്കും വെറുതെ നില്‍ക്കുന്ന മരത്തിനും വരെ ആധാര്‍ കാര്‍ഡ് ലഭിക്കുന്ന നിലയുണ്ടായി. അതിനിടയിലായിരുന്നു ഹനുമാന്റെ പേരിലും ആധാര്‍ ഇറങ്ങിയത്. രാജസ്ഥാനിലെ സികാര്‍ ജില്ലയിലായിരുന്നു ഹനുമാന്റെ പേരില്‍ ആധാര്‍ കാര്‍ഡ് ലഭിച്ചത്. പാകിസ്താന്‍ ചാരന്‍ മെഹ്‌ബൂബ് അക്തറിന്റെ പേരിലുള്ള ആധാര്‍ കാര്‍ഡും പുറത്ത് വന്നതോടെ ഈ വിഷയം വലിയ വിവാദത്തിനും തുടക്കമിട്ടു. മെഹ്ബൂബ് രാജ്പുത് എന്ന പേരിലായിരുന്നു പാക് ചാരന്റെ ആ വ്യാജ ആധാർ.

ഇതിനുപിന്നാലെ രാജ്യത്ത് ആറ് ലക്ഷത്തോളം വ്യാജ ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കിയതായി 2022 ജൂലായില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതില്‍ വ്യാജന്മാരായ മേല്‍പ്പറഞ്ഞ ആധാറുകളും ഉള്‍പ്പെട്ടതാണ്.

കോവിഡ് വാക്‌സിന്‍ എടുത്തവരുടെ സ്വകാര്യ രേഖകള്‍ ലഭ്യമാക്കിയ ടെലഗ്രാം ചാനലിൽനിന്ന് തന്നെയാണ് വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നിരവധിപേര്‍ വാക്‌സിന്‍ സ്വീകരിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നത്. ആര്‍ക്കാണ് ഇവിടെ പിഴവ് പറ്റിയത്?

ഹനുമാനും പാകിസ്താന്‍ ചാരനും മുതല്‍ മല്ലിയില വരെ എടുത്ത കോവിഡ് വാക്‌സിനേഷന്‍
കോവിൻ ഡാറ്റ ചോർച്ച: ഹാക്കിങ് ആരോപണം മുൻപേ ഉയർന്നിട്ടും നടപടി എടുത്തില്ല, കേന്ദ്രത്തിന്റേത് വലിയ വീഴ്ച

ഒരു ആധാർ നമ്പർ ഉപയോഗിച്ച് എത്രപേർക്ക് വാക്സിൻ എടുക്കാമായിരുന്നു എന്നതും വ്യക്തത വരുത്തേണ്ട കാര്യമാണ്

ഒരു ഫോണ്‍ നമ്പറില്‍ നിന്ന് നാലോ അതില്‍ കുറവോ ആളുകള്‍ക്കാണ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ സാധ്യമായിരുന്നത്. എന്നാല്‍ ആധാര്‍ കാര്‍ഡുപയോഗിച്ച് അതിന്റെ ഉടമയ്ക്ക് മാത്രമേ രജിസ്‌റ്റർ ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ ദ ഫോര്‍ത്ത് നടത്തിയ പരിശോധനയില്‍ ഈ വ്യാജ കാര്‍ഡുകളില്‍ നിന്ന് ഒന്നിലധികം ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ എടുത്തതായി കണ്ടെത്തി. ഹനുമാന്റെ പേരിലുള്ള റദ്ദാക്കപ്പെട്ട 209470519541 ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നാല് പേര്‍ വാക്‌സിന്‍ എടുത്തിട്ടുണ്ട്. ഹരിഷ് ചന്ദ്ര, ടെസ്റ്റ്, പ്രകാശ് ശര്‍മ, ടെസ്റ്റ് തുടങ്ങിയ പേരുകളിലാണ് വാക്‌സിന്‍ എടുത്തതായി കാണിക്കുന്നത്. ഇവരുടെ നമ്പറും വാക്‌സിനേഷന്‍ കേന്ദ്രവും അടക്കമുള്ള വിവരങ്ങളാണ് ലഭ്യമാകുന്നത്.

ടെസ്റ്റ് എന്ന പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്, ഒരു പക്ഷെ, സോഫ്റ്റ്‌വെയർ ടെസ്റ്റ് ചെയ്യാൻ വേണ്ടി നടത്തിയ പരിശോധനയാണെന്ന് അനുമാനിക്കാം. എങ്കിലും യഥാർത്ഥ പേരും ഐഡി വിവരങ്ങളുമുള്ള പ്രകാശ് ശർമ എന്ന വ്യക്തി എങ്ങനെയാണ് ഈ റദ്ദാക്കപ്പെട്ട നമ്പർ ഉപയോഗിച്ച് വാക്‌സിൻ എടുക്കുന്നത്? 

ഹനുമാനും പാകിസ്താന്‍ ചാരനും മുതല്‍ മല്ലിയില വരെ എടുത്ത കോവിഡ് വാക്‌സിനേഷന്‍
എന്താണ് കേന്ദ്രത്തിന്റെ 'ഡാറ്റ സുരക്ഷ'? ദ ഫോർത്ത് പുറത്തുവിട്ട കോവിഡ് വിവരച്ചോര്‍ച്ച ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നു

മെഹ്‌ബൂബിന്റെ പേരിലുള്ള 390051307206 എന്ന നമ്പറില്‍ അഞ്ച് പേരാണ് വാക്‌സിന്‍ എടുത്തത്. കൃത്യമായ പേരുകളല്ല വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി നല്‍കിയിരിക്കുന്നത്. മല്ലിയിലയുടെ പേരിലും നാലുപേർ വാക്‌സിൻ എടുത്തതായാണ് രേഖകൾ. അതിൽ ഒരാളുടെ പേര് സാമ്പിൾ യൂസർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മല്ലി എന്നർത്ഥം വരുന്ന കൊറിയാണ്ടർ, കൊറി, നാനോ സമൂസ എന്നിങ്ങനെയാണ് മറ്റു പേരുകാർ. ഇവരുടെയൊക്കെ മൊബൈൽ നമ്പറും വാക്‌സിൻ കേന്ദ്രവും ചോർന്ന ഡാറ്റാ ബെയിസിൽ ലഭ്യമാണ്. 

ഹനുമാനും പാകിസ്താന്‍ ചാരനും മുതല്‍ മല്ലിയില വരെ എടുത്ത കോവിഡ് വാക്‌സിനേഷന്‍
കോവിൻ ഡാറ്റ ചോർച്ച: ഹാക്കിങ് ആരോപണം മുൻപേ ഉയർന്നിട്ടും നടപടി എടുത്തില്ല, കേന്ദ്രത്തിന്റേത് വലിയ വീഴ്ച

വാക്‌സിനേഷന്‍ കിട്ടിയതാര്‍ക്ക്?

ഹനുമാനും പാക് ചാരനും നമ്മുടെ വയറ്റിലേക്ക് എത്തുന്നത് വരെ മാത്രം ആയുസ്സുള്ള മല്ലിയിലയ്ക്കും വരെ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കി എന്നത് അഭിമാനമുള്ള കാര്യം തന്നെ. എന്നാല്‍ വലിയൊരു സംശയം ബാക്കിയാകുന്നു. അപ്പോള്‍ ആ ആധാര്‍ നമ്പറില്‍ കൊടുത്ത ബാക്കി വാക്‌സിനേഷന്‍ ഒക്കെ കിട്ടിയതാര്‍ക്കാണ്? ഈ പേരുകൾ ടെസ്റ്റിങ്ങിനായാണോ ഉപയോഗിച്ചത് അതോ അനധികൃത വാക്‌സിനേഷൻ നൽകാനായി ഡമ്മി ആയാണോ ഉപയോഗിച്ചത് തുടങ്ങിയ വിവരങ്ങൾ വിശദമായ അന്വേഷണത്തിൽ വെളിപ്പെടേണ്ടതാണ്. 

logo
The Fourth
www.thefourthnews.in