നിജ്ജാര്‍ കാനഡയിലിരുന്ന് ഇന്ത്യയിൽ ഭീകരവാദ പ്രവര്‍ത്തനം നടത്തി; ആക്രമണത്തിന് പദ്ധതിയിട്ടെന്നും റിപ്പോര്‍ട്ട്
കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജാര്‍ ചെറുപ്പം മുതല്‍ പ്രാദേശിക ഗുണ്ടകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 1980കള്‍ മുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്നും അധികാരികള്‍ തയ്യാറാക്കിയ കേസ് ഫയലിനെ മുന്‍നിര്‍ത്തി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 1996ല്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കാനഡയിലേക്ക് പോയ നിജ്ജാര്‍ ട്രക്ക് ഡ്രൈവറെന്ന രീതിയില്‍ പ്രൊഫൈല്‍ ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ആയുധ സ്‌ഫോടക പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോയതായും ഫയലില്‍ പറയുന്നു.
കാനഡയില്‍ അഭയം പ്രാപിക്കുമ്പോള്‍ തന്നെ പഞ്ചാബില്‍ നിരവധി കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും നിജ്ജാര്‍ ഉത്തരവിട്ടു. പഞ്ചാബിലെ ജലന്ധറിലെ ഭര്‍സിങ് പൂര ഗ്രാമത്തിലെ അന്തേവാസിയായിരിക്കവേ ഗുര്‍നേക് സിങ് എന്ന നേകയാണ് നിജ്ജാറിനെ ഗ്യാങ്സ്റ്റര്‍ ജീവിതത്തിലേക്ക് എത്തിച്ചത്. 1980-90കളില്‍ ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് (കെസിഎഫ്) തീവ്രവാദികളുമായും 2012ല്‍ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെടിഎഫ്) മേധാവി ജഗ്ദാര്‍ സിങ്ങ് താരയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നിരവധി തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടതിന് ശേഷം 1996ല്‍ നിജ്ജാര്‍ കാനഡയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
പിന്നീടാണ് പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ജഗ്ദാര്‍ സിങ് താരയുമായി നിജ്ജാര്‍ ബന്ധം സ്ഥാപിച്ചത്. ഏപ്രില്‍ 2012ല്‍ ബൈസാഖി ജാഥ അംഗമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ച നിജ്ജാര്‍ രണ്ടാഴ്ചയോളം അവിടെ ആയുധ പരിശീലനവും സ്‌ഫോടനാത്മക പരിശീലനവും നടത്തിയിരുന്നു. തുടര്‍ന്ന് കാനഡയില്‍ തിരിച്ചെത്തിയ നിജ്ജാര്‍ കാനഡയിലെ ലഹരി-ആയുധക്കടത്തില്‍ പങ്കാളികളായ തന്റെ അനുയായികള്‍ മുഖാന്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഞ്ചാബില്‍ തീവ്രവാദ ആക്രമം നടത്താന്‍ ജഗ്ദാര്‍ സിങ്ങുമായി ചേര്‍ന്ന് നിജ്ജാര്‍ പദ്ധതിയിട്ടിരുന്നു. കൂടാതെ മന്ദീപ് സിങ് ധാലിവാല്‍, സര്‍ബ്ജിത് സിങ്, അനൂപ്‌വീര്‍ സിങ്, ദര്‍ശന്‍ സിങ് എന്ന ഫൗജി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഒരു ഗ്യാങ്ങിനെയും വളര്‍ത്തിയെടുത്തു. ഡിസംബര്‍ 15ന് ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ച് അവര്‍ക്ക് ആയുധ പരിശീലനവും നല്‍കി. 2014ല്‍ നിജ്ജാര്‍ ഹരിയാനയിലെ സിര്‍സയിലെ ദേര സച്ച സൗദ ആസ്ഥാനത്ത് അക്രമം നടത്താന്‍ പദ്ധതിയിട്ടെങ്കിലും ഇന്ത്യയിലേക്ക് വരാന്‍ സാധിച്ചില്ല. എന്നാല്‍ മുന്‍ ഡിജിപി മുഹമ്മദ് ഇസ്ഹാര്‍ ആലം, പഞ്ചാബ് കേന്ദ്രീകരിച്ചുള്ള ശിവസേന നേതാവ് നിഷാന്ത് ശര്‍മ, ബാബ മന്‍ സിങ് പെഹോവ വേല്‍ എന്നിവരെ ലക്ഷ്യമിടാന്‍ നിജ്ജാര്‍ നിര്‍ദേശിച്ചു.
പഞ്ചാബില്‍ ഭീകരവാദ പ്രവര്‍ത്തനം നടത്താന്‍ പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്യാങ്സ്റ്റര്‍ അര്‍ഷ് ധാല എന്ന അര്‍ഷ്ദീപ് സിങ് ഗില്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2020ല്‍ പാന്തിക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികളായ മനോഹര്‍ ലാല്‍ അറോറയും മകന്‍ ജദീന്തര്‍ബിര്‍ സിങ് അറോറയുടെയും ഇരട്ടക്കൊലയക്ക് വേണ്ടി നിജ്ജാര്‍ അര്‍ഷ്ദീപിനെ ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2020 നവംബര്‍ 20ന് ആക്രമണത്തില്‍ സ്വന്തം വസതിയില്‍ വെച്ച് മനോഹര്‍ ലാലിനെ വെടിവെച്ച് കൊല്ലുകയും ചെയ്തു.
എന്നാല്‍ ജദീന്തര്‍ രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് പ്രതിഫലമായി നിജ്ജാര്‍ കാനഡയില്‍ നിന്ന് പണമയക്കുകയും ചെയ്തു. 2021ല്‍ ഭര്‍സിങ് പുരയിലെ പുരോഹിതനെ വധിക്കാനും നിജ്ജാര്‍ അര്‍ഷ്ദീപിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ഇങ്ങനെ കാനഡയില്‍ നിന്നാണെങ്കിലും പഞ്ചാബില്‍ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നുവെന്നും കേസ് ഫയലില്‍ വ്യക്തമാക്കുന്നു.