ഹരിയാന വർഗീയ സംഘർഷത്തിൽ മരണം മൂന്നായി; ഇരുന്നൂറിലേറെ പേർക്ക് പരുക്ക്, ഇന്റർനെറ്റ് സേവനം റദ്ദാക്കി
ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെയുണ്ടായ വർഗീയ സംഘർഷത്തിൽ മരണം മൂന്നായി. മരിച്ചവരിൽ ഒരു ഹോംഗാർഡും ഉൾപ്പെടും. പോലീസുകാരുൾപ്പെടെ 200ലേറെ പേർക്ക് പരുക്കേറ്റു.
പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാർ പ്രവർത്തകനുമായ മോനു മനേസറും സംഘവും ഘോഷയാത്രയിൽ പങ്കാളികളായതാണ് സംഘർഷത്തിന് വഴിവച്ചത്. ഘോഷയാത്രയുടെ ഭാഗമായി വിഎച്ച്‌പി പ്രവർത്തകൻ സമൂഹമാധ്യമത്തിൽ എതിർസമുദായത്തെ വെല്ലുവിളിക്കുന്നതും പ്രകോപനപരവുമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന് വഴിയൊരുക്കി.
വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച 'ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര'യാണ് സംഘർഷത്തിൽ കലാശിച്ചത്. ഗുരുഗ്രാമിലെ സിവിൽ ലൈനിൽ നിന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഗാർഗി കക്കർ ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്ര നൂഹിലെ ഖേദ്‌ല മോഡിന് സമീപം ഒരു സംഘം ആളുകൾ തടയുകയായിരുന്നു. ഇതിന് പിന്നാലെ കൊലപാതകവും കല്ലേറും തീവയ്പ്പും ഉൾപ്പെടെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അതിക്രമങ്ങളെ അപലപിച്ചു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി എല്ലാവരുടേയും സഹകരണമുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. '' കുറ്റവാളികളെ ഒരു കാരണവശാലും വെറുതെവിടില്ല. അവർക്കെതിരെ കർശന നടപടിയെടുക്കും." അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സംഘർഷം രൂക്ഷമായതോടെ, നൂഹ് ഗുരുഗ്രാം ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇവിടങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും ബുധനാഴ്ച വരെ താത്കാലികമായി റദ്ദാക്കി. മുൻകരുതൽ നടപടിയായി, ഗുരുഗ്രാമിലെയും ഫരീദാബാദിലെയും എല്ലാ സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച രാത്രി ഹരിയാന സർക്കാർ അടച്ചു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ ഗുരുഗ്രാമിന് സമീപമുള്ള ക്ഷേത്രത്തില്‍ അഭയംപ്രാപിച്ച കുട്ടികളടക്കം 4,000ത്തോളം പേരെ ഒഴിപ്പിച്ചു. ഇതിനായി സംസ്ഥാന ആഭ്യന്തരമന്ത്രാലയം കേന്ദ്രത്തിൽ നിന്ന് കൂടുതൽ സേനയെ തേടിയിരുന്നതായും സംസ്ഥാനം അറിയിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് നൂഹിൽ ഘോഷയാത്രയ്ക്കിടെ അജ്ഞാതരായ അക്രമികള്‍ കല്ലെറിഞ്ഞത്. മോനു മനേസറും കൂട്ടാളികളും വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചതായും റാലി നടക്കുന്നതിനിടെ മേവാദിൽ താനുണ്ടാകുമെന്ന് എതിർവിഭാഗത്തെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുകയായിരുന്നു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അക്രമികൾ ആയുധങ്ങളുമായി നിൽക്കുന്നതും വാഹനങ്ങൾക്ക് തീയിടുന്നതും ഹരിയാനയിൽ നിന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് അക്രമം വ്യാപിക്കാന്‍ കാരണമായതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.