ഹരിയാനയുടെ മനമെന്ത്? കശ്മീരില്‍ താമര വിരിയുമോ?
ഹരിയാന, ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുഫലം ഇന്ന്. എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തില്‍ വലിയ മുന്നേറ്റ പ്രതീക്ഷയിലാണ് ഹരിയാനയിലും ജമ്മു - കശ്മീരിലും പ്രതിപക്ഷം. എന്നാല്‍ കശ്മീര്‍ താഴ് വരയില്‍ നിര്‍ണായക മുന്നേറ്റം നടത്താനാകുമെന്നും ഹരിയാനയില്‍ മൂന്നാം ഊഴം ലഭിക്കുമെന്നുമുള്ള തികഞ്ഞ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. 90 സീറ്റുകളില്‍ വീതമാണ് ഹരിയാനയിലും ജമ്മു-കശ്മീരിലും തിരഞ്ഞെടുപ്പ് നടന്നത്.
ഹരിയാനയില്‍ 49-55 സീറ്റു ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്.
ജമ്മു-കശ്മീരില്‍ ഇന്ത്യസഖ്യത്തിന് എക്‌സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നീക്കം നിര്‍ണായകമായേക്കും. കശ്മീര്‍ താഴ്‌വരയില്‍ 30-35 സീറ്റുകള്‍ വരെ നേടുമെന്നാണ് ബിജെപി ക്യാംപുകള്‍ നല്‍കുന്ന പ്രതികരണം.
തൂക്കുസഭയെന്ന് പ്രവചനങ്ങളുണ്ടെങ്കിലും എൻസി - കോണ്‍ഗ്രസ് സഖ്യത്തിന് ചെറിയ മുൻതൂക്കം ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ടുകള്‍. സർക്കാർ രൂപീകരണത്തിന് മറ്റ് പാർട്ടികളുടെയോ സ്വതന്ത്രരുടെയോ സഹായം തേടേണ്ടി വന്നേക്കാം. ഇവിടെയാണ് പിഡിപി നിർണായകമാകുക.