ഹരിയാന തിരഞ്ഞെടുപ്പ് തോൽവി: രാജിസന്നദ്ധത അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയ

ഹരിയാന തിരഞ്ഞെടുപ്പ് തോൽവി: രാജിസന്നദ്ധത അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയ

തന്റെ ചുമതലയിലേക്ക് മറ്റാരെയെങ്കിലും നിയമിക്കണമെന്ന ആവശ്യവും ദീപക് ബാബരിയ മുന്നോട്ടുവച്ചിട്ടുണ്ട്
Updated on
1 min read

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തോൽ‌വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കോൺഗ്രസ് നേതാവും ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ ദീപക് ബാബരിയ രാജി സന്നദ്ധതയറിയിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് ബാബരിയ ദേശീയ നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചത്.

തന്റെ ചുമതലയിലേക്ക് മറ്റാരെയെങ്കിലും നിയമിക്കണമെന്ന ആവശ്യവും നേതൃത്വത്തിന് മുന്നിലേക്ക് അദ്ദേഹം വച്ചിട്ടുണ്ടെന്നാണ് വിവരം. ഹരിയാനയിൽ കോൺഗ്രസിന്റെ എല്ലാ കണക്കു കൂട്ടലുകളെയും അസ്ഥാനത്താക്കുന്നതായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.

ഹരിയാനയിലെ നേതാക്കൾ തങ്ങൾ സംഘടനയ്ക്കപ്പുറം വ്യക്തിതാല്പര്യങ്ങൾക്ക് മുൻഗണന നൽകി എന്ന വിമർശനം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ ഉയർത്തിയതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാല്‍ രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തുകയും ചെയ്തു.

തിരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെ മുതിർന്ന നേതാവ് ഭൂപീന്ദർ ഹൂഡയ്ക്കെതിരെ ഹരിയാന മുൻപിസിസി അധ്യക്ഷയും നിലവിലെ എംപിയുമായ കുമാരി സെൽജ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് തകർന്നടിഞ്ഞെന്നാണ് അവർ പറഞ്ഞത്. അനുകൂലമായ സാഹചര്യമുണ്ടായിട്ടും എന്തുകൊണ്ട് വിജയിക്കാനായില്ലെന്ന് ദേശീയ നേതൃത്വം പരിശോധിക്കണമെന്നും സംസ്ഥാന നേതൃത്വത്തിൽ കാര്യമായ അഴിച്ചുപണി നടത്തണമെന്നും കുമാരി സെൽജ പറഞ്ഞു.

ഹരിയാന തിരഞ്ഞെടുപ്പ് തോൽവി: രാജിസന്നദ്ധത അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയ
തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ പരസ്യപ്പോര്; ഹൂഡയ്‌ക്കെതിരേ വിമര്‍ശനവുമായി കുമാരി സെല്‍ജ

ഇതിനെല്ലാമിടയിലാണ് രാജി സന്നദ്ധതയറിയിച്ച് ഹരിയാനയുടെ ചുമതലയുള്ള ദീപക് ബാബരിയ രംഗത്തെത്തുന്നത്. ഹരിയാനയിൽ ഇത്തവണ എന്തായാലും ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. 55 സീറ്റിലധികംനേടി കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആകെയുള്ള 90 സീറ്റിൽ 37 സീറ്റ് മാത്രമേ കോൺഗ്രസിന് ജയിക്കാൻ സാധിച്ചുള്ളൂ. ബിജെപിയാകട്ടെ ഇത്തവണ 48 സീറ്റ് ജയിക്കുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ തവണ 40 സീറ്റ് മാത്രം ജയിച്ച ബിജെപി, ജനനായക് ജനത പാർട്ടി (ജെജെപി) നേടിയ പത്ത് സീറ്റിന്റെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ ഇത്തവണ മറ്റാരുടെയും പിന്തുണയില്ലാതെ തന്നെ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചു.

'കിസാൻ ജവാൻ ഫയൽവാൻ' എന്ന മുദ്രാവാക്യം ഇത്തവണ ഫലിക്കുമെന്നാണ് കോൺഗ്രസ് കരുതിയത്. ജാട്ട്, ദളിത്, മുസ്ലിം വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ കൃത്യമായ പ്രചാരണത്തിലൂടെ 77 ശതമാനം വരുന്ന ജാട്ടിത്തര വോട്ടുകളിൽ ഭൂരിഭാഗവും തങ്ങൾക്കനുകൂലമാക്കാൻ ബിജെപിക്ക് സാധിച്ചതോടെ വിജയം ബിജെപിക്ക് അനായാസമായി.

തിരഞ്ഞെടുപ്പ് തോൽവിയോടെ ഹരിയാന കോൺഗ്രസിൽ ഇനിയെന്തൊക്കെ മാറ്റങ്ങൾ വരും എന്ന ചോദ്യം പ്രസക്തമാകുമ്പോൾതന്നെ വരാനിരിക്കുന്ന മഹാരാഷ്ട്ര ഝാർഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ ഇതേ തന്ത്രം ആവർത്തിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നതെങ്കിൽ കോൺഗ്രസ് അതിനെ എങ്ങനെ നേരിടുമെന്നതാണ് ഏറെ പ്രധാനപ്പെട്ട ചോദ്യം.

logo
The Fourth
www.thefourthnews.in