പാഠം ഒന്ന്, ഹരിയാന ഫലം! കോണ്‍ഗ്രസിന് 'ക്ലാസെടുത്ത്' സഖ്യകക്ഷികള്‍; 'ഇന്ത്യ' മുന്നണിയില്‍ വിള്ളല്‍
ഭരണവിരുദ്ധ വികാരം ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയായിരുന്നു കോണ്‍ഗ്രസിനുണ്ടായത്. തോല്‍വിയുടെ ഉത്തരവാദി ആരെന്ന് ചോദ്യമുയർത്തി സംസ്ഥാന കോണ്‍ഗ്രസ് തലവൻ ഭൂപീന്ദർ ഹൂഡയ്ക്ക് നേരെ ആദ്യ ഒളിയമ്പ് എയ്‌തത് കോണ്‍ഗ്രസ് നേതാവുകൂടിയായ കുമാരി സെല്‍ജയായിരുന്നു. ഉള്‍പാർട്ടിപോര് പരിഹരിക്കാൻ ഒരുങ്ങും മുൻപ് തന്നെ കോണ്‍ഗ്രസ് നേരിടേണ്ടി വരുന്നത് മറ്റൊരു പരീക്ഷണമാണ്. അത് ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളില്‍ നിന്നാണ്. സഖ്യകക്ഷികളെ അപ്പാടെ അവഗണിച്ചുള്ള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രമാണ് തോല്‍വിക്ക് കാരണമായതെന്ന വിമർശനം സഖ്യകക്ഷികള്‍ ഉയർത്തിക്കഴിഞ്ഞു.
90 മണ്ഡലങ്ങളില്‍ 48 ഇടത്തും വിജയിച്ചാണ് ഹരിയാനയില്‍ തുടർച്ചയായ മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തിയത്. 2019നെ അപേക്ഷിച്ച് ആറ് സീറ്റുകളും വോട്ടുവിഹിതവും വർധിപ്പിക്കാൻ കോണ്‍ഗ്രസിനായി. സഖ്യകക്ഷികളെ ഒപ്പം കൂട്ടിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താൻ കഴിയുമായിരുന്നെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രത്യേകിച്ചും അരവിന്ദ് കെജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടിയെ.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ തന്നെ എഎപി തലവൻ അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഗ്രസിന്റെ അമിതാത്മവിശ്വാസത്തെ ചോദ്യം ചെയ്തിരുന്നു. ഒരു തിരഞ്ഞെടുപ്പിനേയും ഒരു സീറ്റിനേയും ചെറുതായി കാണരുതെന്നായിരുന്നു കോണ്‍ഗ്രസിനുള്ള കെജ്‌രിവാളിന്റെ ഉപദേശം. ഹരിയാനയിലെ ജനങ്ങള്‍ക്ക് ബിജെപിയെ തോല്‍പ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷേ സ്വന്തം തന്ത്രങ്ങള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയായിരുന്നെന്ന് എഎപി നേതാവ് മനീഷ് സിസോദിയ പറഞ്ഞു.
എഎപി മാത്രമല്ല ശിവസേന (യുബിടി), സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാർട്ടികളും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ശിവസേന-യുബിടി നേതാവായ പ്രിയങ്ക ചതുർവേദിയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് പുനരാലോചിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വരാനിരിക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ ഹരിയാനഫലം ബാധിക്കില്ലെന്ന ആത്മവിശ്വാസവും പ്രിയങ്ക പങ്കുവെച്ചു.
ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് വിശദമായി പരിശോധിക്കണമെന്നായിരുന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ അഭിപ്രായം. മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളെ ഓപ്പം കൂട്ടണമെന്നും രാജ നിർദേശിച്ചു.
സഖ്യകക്ഷികളെ ഒപ്പം കൂട്ടാൻ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നാണ് തൃണമൂല്‍ കുറ്റപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ ധാർഷ്ട്യമാണ് തോല്‍വിയിലേക്ക് നയിച്ചതെന്നും തൃണമൂല്‍ പറയുന്നു.
വരാനിരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകള്‍ ഇതോടെ കോണ്‍ഗ്രസിന് നിർണായകമായിരിക്കുകയാണ്. ഹരിയാനയില്‍ വിജയിക്കാൻ സാധിച്ചിരുന്നെങ്കില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിന്നുണ്ടായ മുൻതൂക്കം തുടരാൻ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നെന്നാണ് വിലയിരുത്തല്‍.
മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് പുറമെ സമാജ്‌വാദി പാർട്ടി, സിപിഐ, എൻസിപി (ശരദ് പവാർ), ശിവസേവ-യുബിടി, സ്വഭിമാനി പക്ഷ, പെസന്റ്സ് ആൻഡ് വർക്കേഴ്‌സ് പാർട്ടി ഓഫ് ഇന്ത്യ എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്.
ജാർഖണ്ഡില്‍ മഹാഗത്‌ബന്ധന്റെ ഭാഗമാണ് കോണ്‍ഗ്രസ്. ജാർഖണ്ഡ് മുക്തി മോർച്ച, രാഷ്ട്രീയ ജനതാദള്‍, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ് ലെനിനിസ്റ്റ് ) ലിബറേഷൻ എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്. ജാർഖണ്ഡില്‍ സഖ്യം ഭരണത്തിലും മഹരാഷ്ട്രയില്‍ പ്രതിപക്ഷത്തുമാണുള്ളത്.