ജിലേബിക്കും ജാട്ടിനും പിന്നാലെ പോയ രാഹുലും കോണ്‍ഗ്രസും! ഹരിയാന മധുരം ബിജെപിക്കും

ജിലേബിക്കും ജാട്ടിനും പിന്നാലെ പോയ രാഹുലും കോണ്‍ഗ്രസും! ഹരിയാന മധുരം ബിജെപിക്കും

ഹരിയാനയില്‍ 90 മണ്ഡലങ്ങളില്‍ 48ലും വിജയിച്ച് ഹാട്രിക്ക് ജയം നേടി ബിജെപി
Updated on
1 min read

ജാട്ട് സമുദായവും ജിലേബിയും, ഇവ രണ്ടുമായിരുന്നു ഹരിയാന തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ കോണ്‍ഗ്രസ് ചൂടോടെ വിളമ്പിയത്. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മധുരിച്ചത് മറുപക്ഷത്തുള്ള ബിജെപിക്കാണെന്ന് മാത്രം! രാവിലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളിലായിരുന്ന, ജിലേബി ഉച്ചയോടെ തന്നെ ബിജെപി ഓഫീസുകളിലെത്തി.

ഭരണവിരുദ്ധവികാരമെന്ന ഏണിയില്‍ കയറി ഭരണം പിടിക്കാമെന്ന് കരുതിയ രാഹുല്‍ ഗാന്ധിക്കും കൂട്ടർക്കും കണക്കുകൂട്ടലാകെ തെറ്റി. 90 മണ്ഡലങ്ങളില്‍ 48ലും വിജയിച്ച് ബിജെപി ഹാട്രിക്ക് ജയം നേടി. ഇപ്പോള്‍ രാഹുലിനുള്ള ജിലേബിയുമായി നടക്കുകയാണ് ബിജെപി പ്രവർത്തകർ.

എന്താണ് ജിലേബിയും കോണ്‍ഗ്രസും തമ്മിലുള്ള കണക്ഷനെന്ന് മനസിലാകാത്തവർക്കായി.

പ്രചാരണത്തിനിടെ ഹരിയാന കോണ്‍ഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയാണ് രാഹുലിന് ഒരു ബോക്സ് ജിലേബി സമ്മാനിച്ചത്. ഗൊഹാനയിലുള്ള ലാലാ മാതുറാം ഹല്‍വാ എന്ന കടയില്‍ നിന്നുള്ള ജിലേബിയായിരുന്നു ഇത്. ജിലേബി കഴിച്ച ഉടനെ തന്നെ രാഹുല്‍ പ്രിയങ്ക ഗാന്ധിക്കൊരു സന്ദേശമയച്ചു. "ഞാൻ എന്റെ ജീവിതത്തില്‍ കഴിച്ചിട്ടുള്ളതില്‍ ഏറ്റവും സ്വാദുള്ള ജിലേബിയാണിത്, നിനക്കും ഒരു ബോക്‌സ് കൊണ്ടുവരും," ഇതായിരുന്നു രാഹുലിന്റെ വാക്കുകള്‍.

ജിലേബിക്കും ജാട്ടിനും പിന്നാലെ പോയ രാഹുലും കോണ്‍ഗ്രസും! ഹരിയാന മധുരം ബിജെപിക്കും
ഹരിയാന: 'ജാട്ട്' അമിതാത്മവിശ്വാസത്തില്‍ അടിതെറ്റി കോണ്‍ഗ്രസ്; കളമറിഞ്ഞ് വിതച്ച് വിജയം കൊയ്ത് ബിജെപി

പിന്നെയാണ് ജിലേബിയില്‍ കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ വട്ടം കറങ്ങിയത്. മാതുറാം ജിലേബി രാജ്യത്തിന്റെ എല്ലാ കോണിലും എത്തിക്കണമെന്നായി രാഹുല്‍. മധുരത്തില്‍ ചാലിച്ച തൊഴില്‍ വാഗ്ദാനമായിരുന്നു പിന്നാലെ എത്തിയത്.

മാതുറാം ജിലേബി രാജ്യത്തിന്റെ എല്ലാ കോണുകളില്‍ വില്‍ക്കുകയും കയറ്റുമതി ചെയ്യുകയുമാണെങ്കില്‍ ഈ കട ഒരു ഫാക്ടറിയായി മാറുമെന്നും ഒരു ദിവസം 20,000 മുതല്‍ 50,000 പേർക്കുവരെ ജോലിയും ലഭിക്കുമെന്നായി രാഹുല്‍. കേന്ദ്ര സർക്കാരിന്റെ നോട്ടുനിരോധനവും ജിഎസ്‌ടിയുമൊക്കെ കാരണം മാതുറാമിനെ പോലുള്ളവരുടെ ജീവിതം കഷ്ടത്തിലായെന്നും രാഹുല്‍ പറഞ്ഞു.

തൊഴിലില്ലായ്മയെ ഇല്ലാതാക്കാനുള്ള രാഹുലിന്റെ ജിലേബി ശ്രമങ്ങള്‍ക്ക് ബിജെപിയുടെ ഭാഗത്തുനിന്ന് പരിഹാസം മാത്രമായിരുന്നു ഉണ്ടായത്.

രാഹുലിന് ജിലേബി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ലെന്നും ജിലേബി ഫാക്ടറികള്‍ എന്നൊരു സംവിധാനമെ ഇല്ലെന്നുമായിരുന്നു ബിജെപിയുടെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുലിനേയും കോണ്‍ഗ്രസിനെയും ഇക്കാര്യത്തില്‍ പരിഹസിച്ചു. അധികാരത്തിലെത്തിയാല്‍ അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ എന്നതായിരുന്നു ഇന്ത്യ സഖ്യത്തിന്റെ പദ്ധതിയെന്നും പ്രധാനമന്ത്രി സ്ഥാനമാണോ ജിലേബിയാണോ വലുതെന്ന് അവരോട് ചോദിക്കാനും മോദി ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in