ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടർ
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടർ

നിർബന്ധിത മതപരിവർത്തന നിരോധന നിയമവുമായി ഹരിയാനയും; നിയമം ലംഘിച്ചാൽ 4 വർഷം വരെ തടവ്

ഹിമാചലിനും ഉത്തർ പ്രദേശിനും കർണാടകയ്ക്കും ശേഷം ഇത്തരത്തിൽ നിയമം കൊണ്ടുവരുന്ന നാലാമത്തെ സംസ്ഥാനമാണ് ഹരിയാന
Updated on
2 min read

നിർബന്ധിത മതപരിവർത്തനം തടയാന്‍ നിയമനിർമാണം നടത്തുന്നതിനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് ഹരിയാന സർക്കാർ. പുതിയ നിയമം സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ ഡിസംബർ 15 ന് വിജ്ഞാപനം ചെയ്തു. ഹരിയാന പ്രിവൻഷൻ ഓഫ് അൺലോഫുൾ കൺവേർഷൻ ഓഫ് റിലീജിയൻ റൂൾസ്, 2022 പ്രകാരം, മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഉദ്ദേശിക്കുന്ന ഏതൊരു വ്യക്തിയും ഈ വിവരം ജില്ലാ മജിസ്‌ട്രേറ്റിൽ അറിയിക്കണം. ഇത് ജില്ലാ മജിസ്ട്രേറ്റ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കണം. ഇത്തരത്തില്‍ പ്രസിദ്ധീകരണം സംബന്ധിച്ച് വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാനും അവസരമുണ്ട്. ഈ വർഷം മാർച്ചിലാണ്‌ നിയമവിരുദ്ധ മതപരിവർത്തനം തടയുന്നതിനുള്ള ബിൽ ഹരിയാന നിയമസഭ പാസാക്കിയത്. ഗവർണറുടെ അനുമതി ലഭിച്ചതിന് ശേഷമാണ് നിയമത്തിലെ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനമിറക്കിയത്.

യാതൊരു വിധത്തിലുള്ള നിർബന്ധത്തിനും വഴങ്ങിയല്ല മതം മാറുന്നതെന്ന് മതപരിവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്ന വ്യക്തി ജില്ലാ മജിസ്‌ട്രേറ്റിന് മുന്‍പാകെ സത്യവാങ്മൂലം നല്‍കണം

ഹിമാചലിനും ഉത്തർ പ്രദേശിനും കർണാടകയ്ക്കും ശേഷം ഇത്തരത്തിൽ നിയമം കൊണ്ടുവരുന്ന നാലാമത്തെ സംസ്ഥാനമാണ് ഹരിയാന. വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ അനുസരിച്ച്, പ്രായപൂര്‍ത്തിയായ വ്യക്തി പരിവർത്തനത്തിന് മുൻപ്, സ്ഥിരമായി താമസിക്കുന്ന ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റിന് ഫോം 'എ'യില്‍ അറിയിപ്പ് നല്‍കണം. പ്രായപൂർത്തിയെത്താത്ത വ്യക്തിക്കാണ് പരിവർത്തനം ചെയ്യേണ്ടതെങ്കിൽ, മാതാപിതാക്കളോ രക്ഷിതാവോ, ഫോം 'ബി'യിൽ അറിയിപ്പ് നൽകണം. മത പുരോഹിതർ കൂട്ട പരിവർത്തന പരിപാടികള്‍ സംഘടിപ്പിക്കാനായി ഫോം 'സി'യില്‍ അപേക്ഷ നൽകാം. പരിവർത്തനത്തിന് എതിർപ്പുകൾ ഉണ്ടെങ്കിൽ അറിയിക്കാനായി ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് നോട്ടീസ് പ്രസിദ്ധീകരിക്കണമെന്നും സർക്കാർ നിർദേശം നൽകി.

മതപരിവർത്തന പരിപാടികൾ സംഘടിപ്പിക്കുന്നത് പുരോഹിതനോ മറ്റാരെങ്കിലും ആണെങ്കിൽ, അവർ മുൻകൂട്ടി രേഖകൾ സമർപ്പിച്ച് അനുമതി വാങ്ങണം

നിർബന്ധത്തിന് വഴങ്ങിയല്ലാതെ, മതപരിവർത്തനം ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തി അത് സംബന്ധിച്ച് സത്യവാങ്മൂലം നൽകിയാൽ ഉടൻ നോട്ടീസ് പതിക്കും. അവർ പരിവർത്തനം ചെയ്യുന്നതിന്റെ കാരണം, ഉപേക്ഷിക്കാൻ തീരുമാനിച്ച മതത്തിൽ എത്ര കാലമായി വിശ്വസിക്കുന്നു, പ്രതിമാസ വരുമാനം, പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവരാണോ, തൊഴിൽ തുടങ്ങിയ വിശദാംശങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിന് മുൻപാകെ വ്യക്തമാക്കണം. കൂടാതെ, മതപരിവർത്തന പരിപാടികൾ സംഘടിപ്പിക്കുന്നത് പുരോഹിതനോ മറ്റാരെങ്കിലും ആണെങ്കിൽ, അവർ മുൻകൂട്ടി രേഖകൾ സമർപ്പിച്ച് അനുമതി വാങ്ങണമെന്നും നിർദേശമുണ്ട്. അല്ലാത്തപക്ഷം, അഞ്ച് വർഷത്തിൽ കുറയാത്ത തടവും 4 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും.

ഇത്തരം പരിവർത്തനങ്ങൾക്ക് എതിരെ ജില്ലാ മജിസ്‌ട്രേറ്റിന് രേഖാമൂലമുള്ള എതിർപ്പുകൾ ലഭിച്ചാൽ, അവ പരിശോധിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളണം. പരിശോധനയിൽ നിർബന്ധിത മതപരിവർത്തനമാണെന്ന് കണ്ടെത്തിയാൽ, സമർപ്പിച്ചിട്ടുള്ള രേഖകൾ സഹിതം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. എതിർപ്പുകൾ ഇല്ലാത്തപക്ഷം, അപേക്ഷ പരിഗണിച്ച് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. മജിസ്‌ട്രേറ്റ് നടപടിയിൽ വിയോജിപ്പുള്ള വ്യക്തിക്ക് സർട്ടിഫിക്കറ്റ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനും അവകാശമുണ്ട്.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടർ
നിർബന്ധിത മത പരിവർത്തനം രാജ്യസുരക്ഷയെ വരെ ബാധിച്ചേക്കാവുന്ന ഗുരുതര പ്രശ്നം: സുപ്രീംകോടതി

വിവാഹം കഴിക്കാനായി മതം മറച്ചുവെക്കുന്നത് മൂന്ന് വർഷത്തിൽ കുറയാത്തതും 10 വർഷം വരെ നീണ്ടുനിൽക്കുന്ന തടവ് ശിക്ഷയും 3 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ഇതില്‍ പറയുന്നു. മതം മാറി വിവാഹം ചെയ്ത ശേഷം ബന്ധം വേർപെടുത്തിയാൽ, പ്രതിഭാഗം, പങ്കാളിക്കും അതിൽ ജനിച്ച കുട്ടിയ്ക്ക് പ്രായപൂർത്തി എത്തുന്നതുവരെയും ജീവനാംശം നൽകണം. ഭിന്നശേഷിയുള്ള കുട്ടിയാണെങ്കിൽ ജീവനാംശം ആജീവനാന്തം തുടരേണ്ടതുണ്ട്. നിയമപ്രകാരം, വിവാഹത്തിൽ നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യതയും പ്രതിഭാഗത്തിനാണ്. അല്ലാത്തപക്ഷം, ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കാൻ വ്യവസ്ഥയുണ്ടെന്നും വിജ്ഞാപനത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in