ലൈംഗിക ആരോപണം: ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവെച്ചു
ലൈംഗിക ആരോപണ പരാതിക്ക് പിന്നാലെ ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവെച്ചു . ജൂനിയർ അത്ലറ്റിക് പരിശീലകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ കൂടിയായ സന്ദീപിനെതിരെ ചണ്ഡീഗഡ് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജി. നാഷണൽ ഗെയിംസ് സർട്ടിഫിക്കറ്റ് നൽകാനെന്ന പേരിൽ കായിക മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ജിമ്മിൽ വെച്ച് പരിചയപ്പെട്ട തന്നെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സന്ദീപ് സിങ് ബന്ധപ്പെട്ടതെന്ന് യുവതി പരാതിയിൽ പറയുന്നു.
ആരോപണങ്ങൾ തള്ളിയ മന്ത്രി, ധാർമികതയുടെ അടിസ്ഥാനത്തിലാണ് താൻ രാജിവെക്കുന്നതെന്ന് പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ ലോക്ദളിന്റെ ഓഫീസിൽ വാർത്താസമ്മേളനം നടത്തിയാണ് യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മനോഹർ ലാൽ ഖട്ടർ സർക്കാർ സന്ദീപ് സിങ്ങിനെ ഉടൻ പുറത്താക്കണമെന്നും വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
എന്നാൽ തന്റെ വ്യക്തിത്വത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്ന് സന്ദീപ് സിങ് ആരോപിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ കുറ്റമറ്റ അന്വേഷണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീഷണിപ്പെടുത്തൽ, പീഡനം എന്നീ വകുപ്പുകളാണ് സന്ദീപ് സിങ്ങിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കായിക വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയെ ഏല്പിച്ചുകൊണ്ടാണ് സന്ദീപ് സിങ്ങിന്റെ രാജി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭുപീന്ദര്‍ സിങും രംഗത്തെത്തി.
2004 - 2012 കാലയളവിൽ ഇന്ത്യൻ ഹോക്കി ടീമിനെ പ്രതിനിധീകരിച്ച സന്ദീപ് സിങ് 186 മത്സരങ്ങളിൽ നിന്നായി 138 ഗോളുകൾ നേടിയിട്ടുണ്ട്. 2009ൽ സുൽത്താൻ അസ്ലൻഷാ കപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിലും 2010 ഏഷ്യ കപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെയും ഭാഗമായിരുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ പെഹോവ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് സന്ദീപ് സിങ് ഹരിയാന നിയമസഭയിലെത്തിയത്.