ഹരിയാനയിലെ ഭയപ്പെടുത്തുന്ന 'ബേട്ടി പഠാവോ' മോഡൽ
ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നിന് ഹരിയാന സർക്കാരിന് കീഴിലുള്ള ഒരു ഗേൾസ് സ്കൂളിലെ അമ്പതിലധികം വിദ്യാർഥിനികൾ ചേർന്ന് രാഷ്ട്രപതിക്കും ദേശീയ വനിതാ കമ്മീഷനും ഉൾപ്പെടെയുള്ള അധികാരികൾക്ക് അഞ്ച് പേജ് വരുന്ന ഒരു കത്തെഴുതി. സ്കൂളിലെ പ്രധാനാധ്യാപകനായ കര്‍താര്‍ സിങ് വിദ്യാർഥിനികളെ ഓഫീസ് മുറിയിലേക്ക് വിളിച്ച് വരുത്തി പല തവണ ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു കത്തിലെ വെളിപ്പെടുത്തൽ. വിവരം പുറത്തറിഞ്ഞാൽ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികളെ ഇയാൾ ഭീഷണിപ്പെടുത്തിയതായും കത്തിലുണ്ടായിരുന്നു. ഏകദേശം രണ്ടരമാസത്തിന് ശേഷം ഹരിയാന വനിത കമ്മീഷൻ വിഷയത്തിൽ കേസെടുത്തു. തുടർന്ന് ഒക്ടോബർ 27 ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. പിന്നെയും ദിവസങ്ങൾ കഴിഞ്ഞ് നവംബർ നാലിനാണ് ഇയാൾ അറസ്റ്റിലാകുന്നത്.
സബ് ഡിവിഷണൽ മജിസ്ട്രേറ്റിൻറെ നേതൃത്വത്തിൽ കമ്മിറ്റി ചേർന്ന് പരാതി അന്വേഷിച്ചു. ഈ കമ്മിറ്റി സ്കൂളിലെ ഒമ്പതാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിലുള്ള 392 വിദ്യാർഥിനികളുടെ മൊഴിയെടുത്തു. ഇതിൽ142 വിദ്യാർഥിനികൾക്ക് പ്രധാന അധ്യാപകനായ കര്‍താര്‍ സിങ്ങില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി കമ്മിറ്റിയോട് വെളിപ്പെടുത്തി. തുടർന്നുള്ള അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങളാണ് ഹരിയാനയിലെ സ്ത്രീ സുരക്ഷയെ കുറിച്ച് ഭയാനകമായ ചിത്രം നൽകുന്നത്. ഇതേ അധ്യാപകൻ മുൻപ് ജോലിചെയ്തിരുന്ന രണ്ട് സ്കൂളുകളിലും സമാനമായ പരാതികൾ ഉയർന്നിരുന്നെന്ന വിവരങ്ങളും പുറത്തു വന്നു. എന്നിട്ടും ഇയാൾക്ക് പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പരാതി പരിഹാര കമ്മിറ്റിയോ, കംപ്ലേയിൻറ് ബോക്സോ പോലുമില്ലാത്ത സ്കൂളിൽ അയാൾ ഏഴ് വർഷം പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തികൊണ്ടിരുന്നു.
ഇത്തരത്തിൽ പരാതികൾ മൂടിവെക്കാൻ അധ്യാപകന് വലിയ രാഷ്ട്രീയ പിന്തുണയുണ്ടായിരുന്നതായി ഹരിയാനയിൽ നിന്നുള്ള മുൻ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി സാംഗ്വ ദ ഫോർത്തിനോട് പറഞ്ഞു. ഹരിയാനയിൽ ലൈംഗിക പീഡന കേസിലെ പ്രതികൾ സംരക്ഷിക്കപ്പെടുന്നത് സ്ഥിരം കാഴ്ച്ചയാവുകയാണ്. ഹരിയാന മന്ത്രിയായ സന്ദീപ് സിംഗ് ഉൾപ്പടെ ലൈംഗികാരോപണവിധേയരായിട്ടും യാതൊരു നടപടിയും നേരിടാത്ത നിരവധി കേസുകൾ സംസ്ഥാനത്തുണ്ട്. ഇപ്പോൾ പ്രധാനധ്യാപകൻ അറസ്റ്റിലായ സ്കൂളിലെ രണ്ട് വിദ്യാർഥിനികൾ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിട്ടുണ്ട്. അധ്യാപകൻറെ പീഡനവുമായി ഇതിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം, പരാതി തുറന്നു പറഞ്ഞ വിദ്യാർത്ഥികളുടെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം, കുറ്റവാളികളാണെന്ന് തെളിഞ്ഞിട്ടും കൃത്യമായ ശിക്ഷയുറപ്പാക്കാൻ സാധിക്കാത്ത അവസ്ഥയിൽ സംസ്ഥാനത്തെ സ്ത്രീകൾ എങ്ങിനെ ധൈര്യമായി പുറത്തിറങ്ങും? ബേട്ടി ബച്ചാവോ ബേഠി പഠാവോ എന്ന് സർക്കാർ ആവർത്തിക്കുമ്പോൾ തന്നെ, അവരുടെ സ്കൂളുകളിൽ നടക്കുന്നത് ഇതാണ്. എങ്ങനെ രക്ഷിതാക്കൾ ധൈര്യമായി പെൺകുട്ടികളെ പഠിപ്പിക്കാനയയ്ക്കും?, ജഗ്മതി സാംഗ്വ ചോദിക്കുന്നു.
ഹരിയാനയിലെ സ്കൂളുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു തരത്തിലുള്ള സംവിധാനങ്ങളുമില്ലെന്ന് സാംഗ്വ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ ചൂണ്ടികാണിക്കുന്നു. ഇൻറേണൽ കമ്മിറ്റികളോ, പരാതി പരിഹാര സെല്ലുകളോ, കൗൺസിലർമാരോ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. എന്തിന് പല സ്കൂളുകളിലും ശുചിമുറികൾപോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട പഞ്ചാബ് ഹരിയാന ഹൈക്കോടതികൾ സെക്കൻഡറി എഡ്യുക്കേഷൻ ഡയറക്ടർ ജനറിലിനോട് സത്യവാങ്ങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ലഭിച്ച കണക്കുകളിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പരിതാപകരമായ അവസ്ഥ വ്യക്തമാകുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ വകയിരുത്തിയ 1176.38 കോടി രൂപ കഴിഞ്ഞ പത്ത് വർഷത്തിനിടെ വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, ഇതേ കാലഘട്ടത്തിൽ ബഡ്ജറ്റിൽ വകയിരുത്തിയ പതിമൂവായിരം കോടി രൂപ ചിലവഴിച്ചിട്ടില്ല എന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. അതേസമയം വിദ്യാഭ്യാസ വകുപ്പിൻറെ തന്നെ സർവേയിൽ കണ്ടെത്തിയ ചില കാര്യങ്ങളുണ്ട്. ഹരിയാനയിലെ 131 സർക്കാർ സ്കൂളുകളിൽ കുടിവെള്ളമില്ല, 236 എണ്ണത്തിൽ വൈദ്യുതി കണക്ഷനില്ല, 538 സ്കൂളുകളിൽ ഒരു ശുചിമുറി പോലുമില്ല, 1047 സ്കൂളുകളിൽ ആൺകുട്ടികൾക്ക് ശുചിമുറിയില്ല.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻറെ കടുത്ത അനാസ്ഥ കണക്കിലെടുത്ത് കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ് ഇപ്പോൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചേരുന്ന പേരുകളുണ്ടാക്കി പദ്ധതി രൂപീകരിക്കുന്ന സർക്കാരിന് ആ വകയിൽ മാറ്റിവെച്ച തുക പൂർണ്ണമായി വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കാൻ കഴിയുന്നില്ല എന്നത് പരിഹാസ്യമാണ്. വോട്ട് ചെയ്യുന്ന ജനങ്ങളേയും, ജനാധിപത്യ വ്യവസ്ഥയെ തന്നെയും നോക്കി പരിഹസിക്കുന്ന നിലപാടാണത്. ലോകം ജെൻസി തലമുറയ്ക്ക് ചേരുന്ന തരത്തിൽ മാറുമ്പോൾ ഇവിടെ ഈ ഗ്രാമങ്ങളിൽ കുട്ടികൾക്ക് സ്കൂളിൽ സുരക്ഷയേർപ്പെടുത്താനോ,സൌകര്യങ്ങൾ നൽകാനോ സർക്കാരിന് കഴിയുന്നില്ല.