മരിച്ച കുട്ടി ഉയിർത്തെഴുന്നേല്‍പ്പിക്കാന്‍ മന്ത്രവാദം; ഹത്രാസിലെ ബോലേ ബാബയ്ക്കെതിരെ മുന്‍പും കേസ്
ഉത്തർപ്രദേശിൽ 116 പേരുടെ മരണത്തിനിടയാക്കിയ സത്സംഗിന് നേതൃത്വം നൽകിയ ബോലേ ബാബയെ 2000ൽ മരിച്ച പെൺകുട്ടിയെ ഉയർത്തെഴുനേൽപ്പിക്കാമെന്നുവാഗ്ദാനം ചെയ്ത് കബളിപ്പിച്ചതിന് പോലീസ് അറസ്റ്റു ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. ഉത്തർപ്രദേശിലെ ദുരന്തവാർത്തയ്ക്കു ശേഷം ആളുകൾ ഏറ്റവും കൂടുതൽ ഓൺലൈനിൽ തിരഞ്ഞ വ്യക്തി ബോലേ ബാബയായിരിക്കും. നാരായൺ സാകർ വിശ്വഹരി അഥവാ ബോലേ ബാബ എന്നറിയപ്പെടുന്ന അമാനുഷിക്കാനായി സ്വയം അവകാശപ്പെടുന്ന ഇയാളുടെ ശരിയായ പേര് സൂരജ് പാൽ എന്നാണ്. ഇയാളുടെ പ്രഭാഷണം കാണാൻ കൂടിയ ആളുകളാണ് തിക്കിലും തിരക്കിലും പെട്ട് ഹത്രാസിൽ മരിച്ചത്.
ത്തർപ്രദേശിലെ ദുരന്തവാർത്തയ്ക്കു ശേഷം ആളുകൾ ഏറ്റവും കൂടുതൽ ഓൺലൈനിൽ തിരഞ്ഞ വ്യക്തി ബോലേ ബാബ
ശവസംസ്കാരത്തിനായി പെൺകുട്ടിയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയാതായിരുന്നു. അവിടേക്കാണ് സൂരജ് പാലിന്റെ നേതൃത്വത്തിൽ 200 പേരുൾപ്പെടുന്ന സംഘം വരുന്നത്. പോലീസ് രേഖകൾ പ്രകാരം 2000 മാർച്ച് 18നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉയിർത്തെഴുന്നേൽപ്പിക്കാൻ പെൺകുട്ടിയുടെ മൃതദേഹം ശ്മശാനത്തിലെ പ്രത്യേക ഭാഗത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പെൺകുട്ടികളുടെ ബന്ധുക്കളിൽ ചിലർ എതിർപ്പുയർത്തുകയുംപോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പോലീസുമായി സൂരജ് പാലും സംഘവും തർക്കിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. പിന്നീട് കൂടുതൽ പോലീസിനെ എത്തിച്ചാണ് രംഗം നിയന്ത്രണവിധേയമാക്കിയത്. തേജ്‌വീർ സിങ് പറയുന്നു. സംഘർഷങ്ങൾക്കിടയിൽ നിന്നും സൂരജ് പാലിനെയും സംഘത്തെയും തങ്ങൾ അറസ്റ്റു ചെയ്‌തെന്നും തേജ്‌വീർ സിങ് പറയുന്നു. പിന്നീട് ഡെപ്യുട്ടി സൂപ്രണ്ടായി ഷാനക്കയറ്റം ലഭിച്ച തേജ്‌വീർ സിങ് 2019ലാണ് സർവീസിൽ നിന്ന് വിരമിച്ചത്.
തനിക്ക് അമാനുഷിക കഴിവുകളുണ്ടെന്നും മരിച്ച കുട്ടിയെ ജീവിപ്പിക്കാൻ കഴിയുമെന്നും അവകാശപ്പെട്ട ഇയാളും അനുയായികളും 2000ൽ ആഗ്രയിൽ വച്ച് ഒരു ശവസംസ്കാരച്ചടങ്ങ് നിർത്തിവയ്പ്പിച്ചതിനാണ് അന്ന് പോലീസ് കേസെടുത്തത്. ഇയാൾ അന്ന് ആഗ്രയിലെ ഷാഹ്‌ഗഞ്ച് ഭാഗത്ത് കേദാർ നഗറിലായിരുന്നു താമസം.
സൂരജ് പാലും ആളുടെ ഭാര്യയും മറ്റു നാലുപേരുമുൾപ്പെടെ ആറുപേർക്കെതിരെയാണ് അന്ന് ഷാഹ്ഗഞ്ച് പോലീസ് കേസെടുത്തത്. നിയമവിരുദ്ധമായ മന്ത്രവാദമുൾപ്പെടെ നടത്തിയതിനാണ് അന്ന് പോലീസ് കേസെടുത്തത്. സാധാരണ ആരോഗ്യകാരണങ്ങളാൽ മരണപ്പെട്ട കുട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കാൻ സാധിക്കുമെന്നവകാശപ്പെട്ട സൂരജ് പാലിന്റെ നേതൃത്വത്തിൽ 200ലധികംപേർ പെൺകുട്ടിയുടെ വീട്ടിലേക്ക് കയറി വരികയായിരുന്നു എന്നാണ് അന്ന് ഷാഹ്‌ഗഞ്ച് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന തേജ്‌വീർ സിങ് വെളിപ്പെടുത്തിയത്. 2000 മാർച്ചിലാണ് സംഭവം നടക്കുന്നതെന്നും അദ്ദേഹം ഓർമ്മിക്കുന്നു.
നിലവിൽ ആഗ്ര ഡിവൈഎസ്പി ആയിട്ടുള്ള സൂരജ് കുമാർ റായ് പറയുന്നതനുസരിച്ച് സൂരജ് പാലിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും, അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തെന്നും പറഞ്ഞു.
സത്സംഗിൽ സൂരജ് പാൽ പ്രഭാഷണം നൽകി പുറത്തേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ കാർ പോയവഴിയിലുള്ള മണ്ണ് തങ്ങളുടെ നെറ്റിയിൽ തേയ്ക്കാൻ തിരക്കുകൂട്ടിയ ആളുകളിൽ നിന്നാണ് ഈ അപകടത്തിന്റെ തുടക്കം. കാർ കടന്നു പോകുന്ന വഴികളിലെല്ലാം ആളുകൾ തടിച്ചുകൂടുകയും കാറിന്റെ പിന്നാലെ ഓടുകയും ചെയ്തു. 80000പേർ പങ്കെടുക്കുന്ന പരിപാടിയാണെന്ന് പറഞ്ഞാണ് പോലീസിൽ സൂരജ് പാലും സംഘവും അനുമതി തേടിയത്. എന്നാൽ അതിലുമധികം ആളുകൾ പങ്കെടുക്കുകയും, വന്നവർ തിക്കിത്തിരക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ഇത്രയും വലിയ അപകടം ഹത്രാസിൽ ഉണ്ടാകുന്നത്.