ഉഷ്ണ തരംഗം; ചൂട് കൂടിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, തയ്യാറെടുപ്പുകൾ വിലയിരുത്തും
കടുത്ത ചൂടിൽ വീർപ്പ് മുട്ടുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സന്ദർശനം നടത്തും. ഇന്ന് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
കടുത്ത ചൂടുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളും യോഗത്തിൽ ചർച്ചയായി. ആരോഗ്യമന്ത്രാലയത്തിന്റെയും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന അഞ്ചംഗ സംഘമാണ് ഏറ്റവും കൂടുതല്‍ ചൂട് ബാധിച്ച സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുക. ഉഷ്ണ തരംഗത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെയും സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
താപനില കുതിച്ചുയരുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഓണ്‍ലൈന്‍ മീറ്റിങ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി
ആരും ഇനി ഉഷ്ണ തരംഗം മൂലം മരിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും, സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി എല്ലാ തലത്തിലും ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്നും മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. താപനില കുതിച്ചുയരുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഓണ്‍ലൈന്‍ മീറ്റിങ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഉത്തര്‍പ്രദേശ്, ബീഹാര്‍, ഹരിയാന, തമിഴ്‌നാട്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, വിദര്‍ഭ, ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങി വിവിധ പ്രദേശങ്ങളില്‍ അതികഠിനമായ ഉഷ്ണതരംഗം ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും വേനല്‍ അവധി നീട്ടിയിട്ടുണ്ട്
അതേ സമയം മധ്യ കിഴക്കന്‍ മേഖലയില്‍ നാളെ മുതല്‍ ചൂട് കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ, എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുറച്ച് ദിവസങ്ങളായി കടുത്ത ചൂട് മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും വേനല്‍ അവധി നീട്ടിയിട്ടുണ്ട്.
ഏപ്രില്‍ മുതൽ ജൂണ്‍ വരെ ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില വര്‍ധിക്കുമെന്ന് കാലവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ചൂടിനേക്കാള്‍ അസാധാരണ താപനില ഉഷ്ണ തരംഗത്തില്‍ അനുഭവപ്പെടും. താപ തരംഗങ്ങള്‍ സാധാരണയായി മാര്‍ച്ചിനും ജൂണ്‍ മാസത്തിനുമിടയിലുമാണ് ഉണ്ടാകാറുള്ളത്. ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ അത് ജൂലൈ വരെ നീളാനും സാധ്യതയുണ്ട്.