'കോവിൻ പോർട്ടലിലെ വിവരങ്ങൾ സുരക്ഷിതം'; ഡാറ്റ ചോർന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രാലയം
കോവിഡ് വാക്സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ കോവിൽ പോർട്ടലിൽ സുരക്ഷിതമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വിവരങ്ങൾ ചോർന്നെന്ന വാർത്തകൾക്ക് പിന്നാലെയാണ് സർക്കാരിന്റെ വിശദീകരണം. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും കോവിൻ പോർട്ടലിൽ നിന്ന് നേരിട്ട് വിവരങ്ങൾ ചോർന്നിട്ടില്ലെന്നും മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിന്റെ കോവിൻ പോർട്ടലിൽ ഡാറ്റാ സ്വകാര്യതയ്‌ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്. OTP ആധികാരികത അടിസ്ഥാനമാക്കിയുള്ള ഡാറ്റ ആക്‌സസ് മാത്രമേ പോർട്ടലിൽ നൽകിയിട്ടുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു.
രാജ്യത്ത് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ വിവരങ്ങൾ ടെലഗ്രാമിൽ ലഭ്യമാണെന്ന വാർത്ത ദ ഫോർത്താണ് ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെ ദേശീയ മാധ്യമങ്ങളടക്കം വാർത്ത റിപ്പോർട്ടു ചെയ്തു. വിവരം ചോർന്നെന്ന് അവകാശപ്പെടുന്ന ചില മാധ്യമ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് വസ്തുതാ വിരുദ്ധമെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിൻ പോർട്ടലിൽ നിന്നുള്ള ഡാറ്റ ചോർന്നെന്നാണ് റിപ്പോർട്ടുകൾ ആരോപിക്കുന്നത്. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം അടിസ്ഥാന രഹിതമാണ്. COWIN വികസിപ്പിച്ചതും നിയന്ത്രിക്കുന്നതും ആരോഗ്യമന്ത്രാലയം ആണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
നിലവിൽ വാക്സിനേറ്റ് ചെയ്ത ഗുണഭോക്താവിന്റെ ഡാറ്റ ആക്‌സസ് മൂന്ന് തലങ്ങളിലാണ് ലഭ്യമാകുക. ഒടിപി ഇല്ലാതെ വാക്സിനേഷൻ ലഭിച്ച ഗുണഭോക്താക്കളുടെ ഡാറ്റ ഏതെങ്കിലും ബോട്ടിന് ലഭ്യമാകില്ല. പ്രായപൂർത്തിയായവർക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട് ജനിച്ച വർഷം (YOB) മാത്രമേ ആപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളു. എന്നാൽ ബോട്ടിൽ പുറത്തുവന്ന വിവരങ്ങളിൽ ജനനതീയതി അടക്കം ലഭ്യമാണെന്ന് അവകാശപ്പെടുന്നു. ഗുണഭോക്താവിന്റെ വിലാസം ആരോഗ്യ മന്ത്രാലയം ശേഖരിച്ചിട്ടില്ല. അതിനാൽ പുറത്തുവന്നത് കോവിൻ പോർട്ടലിലെ വിവരങ്ങളല്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
OTP ഇല്ലാതെ ഡാറ്റ ലഭിക്കുന്ന മാർഗങ്ങളൊന്നുമില്ലെന്ന് COWIN വികസിപ്പിച്ചെടുത്ത സംഘം സ്ഥിരീകരിച്ചു. ഇപ്പോഴുള്ള വിവരങ്ങളെ സംബന്ധിച്ച് പ്രശ്നം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനോട് (സിഇആർടി-ഇൻ) അഭ്യർഥിച്ചിട്ടുണ്ട്. CoWIN-ന്റെ നിലവിലുള്ള സുരക്ഷാ നടപടികൾ അവലോകനം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടെലിഗ്രാം ബോട്ടിനായുള്ള ബാക്കെൻഡ് ഡാറ്റാബേസ് CoWIN ഡാറ്റാബേസിൽ നിന്ന് നേരിട്ട് ചോർന്നതല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്- ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.
വാക്സിൻ എടുത്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന വിവരം ദ ഫോര്‍ത്ത് ഇന്നലെയാണ് പുറത്തുവിട്ടത്. ഇതിനുപിന്നാലെ ദേശീയമാധ്യമങ്ങളും നിരവധി രാഷ്ട്രീയനേതാക്കളും വിദഗ്ധരും വിഷയമേറ്റെടുത്തു. പ്രമുഖരും അല്ലാത്തവരുമടക്കം രാജ്യത്തെ അനേകമാളുകളുടെ വിവരങ്ങൾ ഇങ്ങനെ ടെലഗ്രാം വഴി ചോർന്നു. അതിനിടെ ടെലഗ്രാം ബോട്ട് പ്രവർത്തനം നിർത്തിയിട്ടുണ്ട്.