ചരിത്രം സൃഷ്ടിച്ച് ഹൈക്കോടതി; ശബരിമല മേല്‍ശാന്തി നിയമന വിഷയം പരിഗണിച്ചത് തത്സമയം യൂട്യൂബില്‍

ചരിത്രം സൃഷ്ടിച്ച് ഹൈക്കോടതി; ശബരിമല മേല്‍ശാന്തി നിയമന വിഷയം പരിഗണിച്ചത് തത്സമയം യൂട്യൂബില്‍

ആദ്യമായാണ് കേരള ഹൈക്കോടതി പരിഗണിക്കുന്ന ഒരു കേസിൽ തത്സമയ സംപ്രേക്ഷണം നടത്തുന്നത്
Updated on
1 min read

കേസ് നടപടികള്‍ യൂട്യൂബില്‍ തത്സമയം സംപ്രേക്ഷണം ചെയ്ത് ചരിത്രം സൃഷ്ടിച്ച് ഹൈക്കോടതി. ശബരിമല മേൽശാന്തി നിയമന വിഷയത്തില്‍ ദേവസ്വം ബെഞ്ചിന്റെ പ്രത്യേക സിറ്റിങ്ങാണ് തത്സമയം യൂട്യൂബില്‍ ലഭ്യമായത്. നിയമനങ്ങൾക്ക് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്യുന്ന ഹർജികളാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചത്. ആദ്യമായാണ് കേരള ഹൈക്കോടതി പരിഗണിക്കുന്ന ഒരു കേസിൽ തത്സമയ സംപ്രേക്ഷണം നടത്തുന്നത്.

മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്നാണ് ഹർജിക്കാരുടെ വാദം

ഹർജിക്കാരുടെ ആവശ്യപ്രകാരമാണ് യുട്യൂബ് ലൈവ് സ്ട്രീമിങ് നടത്തിയത്. ശനിയാഴ്ച വാദം പൂർത്തിയാകാത്തതിനാൽ ഡിസംബർ 17ന് ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റി. മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ ടി എൽ സിജിത്ത്, പി ആർ വിജീഷ്, സി വി വിഷ്ണു നാരായണൻ തുടങ്ങിയവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഒരു സമുദായത്തിൽ നിന്നുള്ള പൂജാരിമാരെ ശബരിമല മേൽശാന്തിമാരായി ക്ഷണിക്കുന്ന കീഴ്വഴക്കം മാറ്റാനാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്നാണ് ഹർജിക്കാരുടെ വാദം. മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന് എതിരാണ്. മലയാള ബ്രാഹ്മണരെ ഒരു ജാതി വിഭാഗമായാണ് മലബാർ മാന്വലിലും 1881 ലെ സെൻസസ് രേഖകളിലും രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ പതിറ്റാണ്ടുകളായി തുടരുന്ന രീതിയാണിതെന്നും മാറ്റാനാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡും വ്യക്തമാക്കി.

വിജ്ഞാപനത്തിലെ വ്യവസ്ഥ ജാതി വിവേചനമാണെന്നും യോഗ്യരായവരാണ് ശബരിമല മേൽശാന്തിമാരാകേണ്ടതെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ, ഒരു സമുദായത്തിൽ നിന്നുള്ള പൂജാരിമാരെ ശബരിമല മേൽശാന്തിമാരായി ക്ഷണിക്കുന്നത് കീഴ്വഴക്കമാണെന്നും പുരാതനകാലം മുതലുള്ള രീതി മാറ്റാനാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമല മേൽശാന്തി എന്നത് പൊതു നിയമനമോ സ്ഥിരം നിയമനമോ അല്ലെന്നുമാണ് ദേവസ്വം ബോർഡിൻ്റെ വാദം.

logo
The Fourth
www.thefourthnews.in