റിപ്പബ്ലിക് ദിനം പൂർണതോതിൽ ആഘോഷിക്കാൻ നിർദേശം; കെസിആറിന്  കോടതിയിൽ തിരിച്ചടി

റിപ്പബ്ലിക് ദിനം പൂർണതോതിൽ ആഘോഷിക്കാൻ നിർദേശം; കെസിആറിന് കോടതിയിൽ തിരിച്ചടി

പരേഡും ഗാർഡ് ഓഫ് ഓണറും അടക്കം റിപ്പബ്ലിക് ദിനപരിപാടിയിൽ ഉൾപ്പെടുത്തണമെന്നും കോടതി
Updated on
1 min read

റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ തെലങ്കാന സർക്കാരിന് കോടതിയുടെ വിമർശനം. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് പൂർണതോതിൽ റിപ്പബ്ലിക് ദിന ആഘോഷം സംഘടിപ്പിക്കണമെന്ന് തെലങ്കാന ഹൈക്കോടതി സർക്കാരിന് കർശന നിർദേശം നൽകി കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ പൂർണ തോതിൽ സംഘടിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതു താല്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ .

കോവിഡ് കാരണമാണ് പരിപാടി വെട്ടിച്ചുരുക്കിയതെന്നായിരുന്നു സർക്കാരിന്റെ വാദം

രാജ്ഭവനിൽ പതാകയുയർത്തൽ ചടങ്ങ് മാത്രം നടത്തുമെന്നും മുഖ്യമന്ത്രിയുടെ വീട്ടിൽ ചെറുപരിപാടികൾ മാത്രമേ സംഘടിപ്പിക്കൂ എന്നുമായിരുന്നു സംസ്ഥാനസർക്കാർ അറിയിച്ചിരുന്നത്. കോവിഡ് കാരണമാണ് പരിപാടി വെട്ടിച്ചുരുക്കിയതെന്നായിരുന്നു സർക്കാറിന്റെ വാദം . റിപ്പബ്ലിക് ദിന ആഘോഷത്തെ കുറിച്ച് വിവരം നൽകണമെന്നാവശ്യപ്പെട്ട് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്തെഴുതിയിരുന്നു. എന്നാൽ ഇതിനു മുഖ്യമന്ത്രി ഔദ്യോഗികമായി മറുപടി നൽകിയിരുന്നില്ല.

കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതായിട്ടും ഇത്തവണ പരിപാടിയിൽ പൊതുജന പങ്കാളിത്തം അനുവദിക്കാതായതോടെയായിരുന്നു ഹൈക്കോടതിയിൽ ഹർജി എത്തിയത്

കോവിഡ് കാലത്തിനു മുൻപ് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിലായിരുന്നു സർക്കാരിന്റെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നിരുന്നത്. രണ്ടു വർഷമായി ആഘോഷപരിപാടികൾ സർക്കാർ വെട്ടി ചുരുക്കി മുഖ്യമന്ത്രിയും ഗവർണറും ഔദ്യോഗിക വസതികളിലായിരുന്നു ദേശീയ പതാക ഉയർത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതായിട്ടും ഇത്തവണ പരിപാടിയിൽ പൊതുജന പങ്കാളിത്തം അനുവദിക്കാതായതോടെയായിരുന്നു ഹൈക്കോടതിയിൽ ഹർജി എത്തിയത് .

പരേഡും ഗാർഡ് ഓഫ് ഓണറും അടക്കം റിപ്പബ്ലിക് ദിനപരിപാടിയിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പരേഡിന് തയ്യാറെടുക്കുകയും ഗവർണറുടെ സന്ദേശം എഴുതി തയ്യാറാക്കുകയും ചെയ്തിട്ടില്ലാത്തതിനാൽ കോടതി ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് സർക്കാർ .

logo
The Fourth
www.thefourthnews.in