സിദ്ദിഖ് കാപ്പന്‍
സിദ്ദിഖ് കാപ്പന്‍

ചീഫ് ജസ്റ്റിസായി യുയു ലളിതിന്റെ ആദ്യ ദിനം ഹിജാബ് നിരോധന കേസും സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയും പരിഗണിക്കും

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഓഗസ്റ്റ് 29 ന് കാപ്പന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുക
Updated on
1 min read

സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയും ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളും ഓഗസ്റ്റ് 29 ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കാപ്പന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുക. ഹിജാബ് നിരോധത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുക ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചായിരിക്കും. യുയു ലളിത് ചീഫ് ജസ്റ്റിസായി അധികാരമേറ്റ് ആദ്യമായി പരിഗണിക്കുന്ന നിര്‍ണായകമായ ഹര്‍ജികളാണിവ.

ഹിജാബ് നിരോധത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുക ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചായിരിക്കും

ഹിജാബ് നിരോധനത്തിനെതിരെ സമസ്ത ഉള്‍പ്പെടെ നല്‍കിയ 23 ഹര്‍ജികളാണ് സുപ്രീംകോടതി നാളെ പരിഗണിക്കുന്നത്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്കിനെ ചോദ്യം ചെയ്ത് മൂന്നുമാസം മുന്‍പാണ് വിവിധ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. മാര്‍ച്ച് 15 ന് ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് ഹർജികൾ.

ഹിജാബ് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഹിജാബ് ധരിക്കുന്നതില്‍ പെണ്‍കുട്ടികള്‍ ഇപ്പോഴും ബുദ്ധിമുട്ട് നേരിടുന്നത് ചൂണ്ടിക്കാട്ടി ജൂലൈ 13 ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വിഷയത്തില്‍ അടിയന്തര ലിസ്റ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഹേമന്ത്ഗുപ്തയും സുധാന്‍ഷു ധൂലിയയും അടങ്ങുന്ന ബെഞ്ച് കേസ് പരിഗണിക്കുന്നത്.

സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൻ്റെ അനിവാര്യമായ ആചാരമല്ല

കര്‍ണാടക ഹൈക്കോടതി

സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ അചാരമല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഹര്‍ജി നല്‍കിയവരുടെ മൗലിവകാശങ്ങളുടെ ലംഘനമല്ലെന്നും ബെഞ്ച് വ്യക്തമാക്കി.

അതേ സമയം ഹാഥ്റസ് ഗൂഢാലോചന കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. അലഹബാദ് ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

അലഹബാദ് ഹൈക്കോടതി കാപ്പൻ്റെ ജാമ്യപേക്ഷ തള്ളിയിരുന്നു

ദളിത് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതല നിറവേറ്റുക മാത്രമായിരുന്നു കാപ്പന്റെ ഹാഥ്‌റസ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. കെട്ടിച്ചമച്ച കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് കാപ്പനെ കസ്റ്റഡിയിലെടുത്തതെന്ന് ജാമ്യ ഹര്‍ജിയിൽ പറയുന്നു.

logo
The Fourth
www.thefourthnews.in