നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ രാജി പിന്‍വലിച്ച് വിക്രമാദിത്യ; ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് താത്കാലിക ആശ്വാസം. രാജി തീരുമാനത്തില്‍ നിന്ന് മന്ത്രി വിക്രമാദിത്യ സിങ് പിന്‍മാറി. പാര്‍ട്ടിയുടെ വിശാല താത്പര്യം കണക്കിലെടുത്താണ് രാജി പിന്‍വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിനും മുകളിലാണ് പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്‌ന പരിഹാരത്തിനായി എഐസിസിസി നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിക്രമാദിത്യയുടെ പിന്മാറ്റം. ലോക്‌സഭ തിരഞ്ഞെടുപ്പിനുശേഷം വിക്രമാദിത്യയെ മുഖ്യമന്ത്രിയാക്കാമെന്ന് എഐസിസി സംഘം വാക്കുനല്‍കിയതായാണ് സൂചന. മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിനെ മാറ്റണം എന്നാവശ്യപ്പെട്ടാണ് വിക്രമാദിത്യ രാജി വെച്ചത്.
വിക്രമാദിത്യയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സുഖു നേരത്തെ പറഞ്ഞിരുന്നു. വിക്രമാദിത്യ സിങ് തനിക്ക് സഹോദര തുല്യനാണെന്നും രാജി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സുഖുവിന്റെ പ്രതികരണം. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആറ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ക്രോസ് വോട്ട് ചെയ്തതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ് രാജി പ്രഖ്യാപിച്ചത്.
മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ. രാജിക്ക് ശേഷം വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. പിതാവിന്റെ പ്രതിമ സ്ഥാപിക്കാനായി സര്‍ക്കാരിനോട് ഒരുതുണ്ട് സ്ഥലം ആവശ്യപ്പെട്ടിട്ട് അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ''പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കി കൊടുത്ത വ്യക്തിയുടെ പ്രതിമ സ്ഥാപിക്കാന്‍ മാല്‍ റോഡില്‍ ഒരുതുണ്ട് ഭൂമി കണ്ടത്താന്‍ അവര്‍ക്കായില്ല'', എന്നായിരുന്നു വിക്രമാദിത്യ സിങിന്റെ വൈകാരിക പ്രസ്താവന.
''ഞങ്ങള്‍ വികാരാധീനരായ ആളുകളാണ്. പദവികള്‍ ഞങ്ങള്‍ കാര്യമാക്കുന്നില്ല. പക്ഷേ, ഒരു പരസ്പര ബഹുമാന ബോധം ഉണ്ടാകേണ്ടതുണ്ട്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവര്‍ അത് ചെയ്തില്ല. എനിക്ക് മുറിവേറ്റു, അത് രാഷ്ട്രീയപരമല്ല, വൈകാരികമാണ്. പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ വിഷയം അവതരിപ്പിച്ചിട്ടും ഒന്നും നടന്നില്ല'', അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെ വീഴ്ത്താനുള്ള ബിജെപി ശ്രമം പരാജയപ്പെട്ടെന്ന് സുഖ്‌വീന്ദര്‍ സിങ് സുഖു അവകാശപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിന് ശേഷം നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് പിന്നാലെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും അഞ്ചുവര്‍ഷം ഭരിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെ, ബജറ്റ് ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ ഉള്‍പ്പെടെ പതിനഞ്ച് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത നിയമസഭ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബാക്കിയുള്ള പത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു.
അതേസമയം, രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ നോട്ടീസ് നല്‍കി. എംഎല്‍എമാര്‍ക്ക് എതിരെ തിടുക്കപ്പെട്ട് നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ആറ് എംഎല്‍എമാര്‍ പെറ്റീഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.