മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി കോൺഗ്രസ് സർക്കാർ; വരുമാന വർധനവ് ലക്ഷ്യമിട്ട് ഹിമാചൽ

മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി കോൺഗ്രസ് സർക്കാർ; വരുമാന വർധനവ് ലക്ഷ്യമിട്ട് ഹിമാചൽ

ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പശു സെസായി പത്തുരൂപ ഈടാക്കുമെന്ന് സർക്കാർ
Updated on
1 min read

മദ്യത്തിൽ നിന്നും വരുമാനം വർധിപ്പിക്കാൻ പശു സെസ് ഏർപ്പെടുത്തി ഹിമാചല്‍ സര്‍ക്കാര്‍. ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പശു സെസായി പത്തുരൂപ ഈടാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. പ്രതിവര്‍ഷം നൂറ് കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. അതിനിടെ തദ്ദേശഭരണ പ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 212 രൂപയില്‍ നിന്ന് 240 രൂപയായി ഉയര്‍ത്തി. മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മത്സ്യക്കുളങ്ങള്‍ സ്ഥാപിക്കുന്നതിനായി 80 ശതമാനം സബ്‌സിഡി നല്‍കും. 25,000 പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ 25,000 രൂപ അടക്കം നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ഫണ്ട് സ്വരൂപിക്കുന്നതിന് സംസ്ഥാനങ്ങൾ ഏർപ്പെടുത്തുന്ന നികുതിയാണ് പശു സെസ്. 2% മുതൽ 20% വരെയാണ് സെസ് നിരക്ക്. മദ്യക്കുപ്പികൾ, കാറുകൾ, ബൈക്കുകൾ ആഡംബര വസ്തുക്കൾ കൂടാതെ അവയുടെ ചരക്കുസേവനത്തിൽ നിന്നുമാണ് പ്രധാനമായും നികുതി സ്വരൂപിക്കുന്നത്. ഇന്ത്യയിൽ പശു സെസ് ചുമത്തിയ ആദ്യത്തെ സംസ്ഥാനം പഞ്ചാബ് ആണ്. പഞ്ചാബ് കൂടാതെ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും പശുസെസ് ഏർപ്പെടുത്തിയിട്ടുണ്ട്. 2016ലാണ് പഞ്ചാബിൽ പശു സെസ് നടപ്പിലാക്കിയത്. നാലുചക്രവാഹനങ്ങൾ വാങ്ങിക്കുമ്പോൾ 1,000 രൂപ, ഇരുചക്ര വാഹനങ്ങൾക്ക് 500 രൂപ, ഓയിൽ ടാങ്കറിന് 100 രൂപ, വൈദ്യുതി ഉപഭോഗ യൂണിറ്റിന് 2 പൈസ എന്ന നിലയിലാണ് നികുതി ഈടാക്കുന്നത്. വിവാഹ മണ്ഡപങ്ങൾക്ക് 500 രൂപയും എ സി ഹാൾ ആണെങ്കിൽ 1000 രൂപയും നികുതിയായി നൽകണം. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 10 രൂപയും പഞ്ചാബ് മീഡിയം ലിക്കറിന് 5 രൂപയുമാണ് നികുതി.

പഞ്ചാബിന് തൊട്ടുപിന്നാലെ ഹരിയാനയിലും പശു സെസ് ഏർപ്പെടുത്തിയിരുന്നു. വിവാഹ മണ്ഡപങ്ങൾക്ക് 2100 രൂപ നൽകണമെന്നായിരുന്നു ഹരിയാന സർക്കാരിൻ്റെ നിർദേശം. വിനോദനികുതിയിൽ നിന്നും അഞ്ച് ശതമാനം സെസ് പിരിച്ചെടുക്കുകയും സർക്കാരിൻ്റെ പരിധിയിലുള്ള അമ്പലങ്ങളിലെ സംഭാവനയുടെ 50% പശു സെസായി ഈടാക്കുകയും വേണം. 2003ലെ മൂല്യവർദ്ധിത നികുതി ( വാറ്റ് ) ആക്ട് പ്രകാരം രാജസ്ഥാനിൽ വിൽക്കുന്ന എല്ലാത്തരം മദ്യത്തിൽ നിന്നും പശു സംരക്ഷണത്തിനു വേണ്ടി 20 ശതമാനം സർചാർജ് ഈടാക്കിയിരുന്നു. വസുന്ദര രാജെ മുഖ്യമന്ത്രിയായിരിക്കെയാണ് തീരുമാനം. 2019ലാണ് ഉത്തർപ്രദേശിൽ ആദ്യമായി പശു സെസ് ഏർപ്പെടുത്തിയത്. രണ്ട് ശതമാനമായിരുന്നു സെസ് ചാർജ്.

logo
The Fourth
www.thefourthnews.in