പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങും; സുതാര്യതയും വിശ്വസ്തതയും ഉറപ്പാക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി
ഹിമാചല്‍ പ്രദേശില്‍ അധികാരമേറ്റതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു. സംസ്ഥാനത്ത് പഴയ പെന്‍ഷന്‍ സ്‌കീം മടക്കിക്കൊണ്ടുവരുമെന്ന് പ്രഖ്യാപനം. പ്രഥമ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് തീരുമാനം. കോണ്‍ഗ്രസ് നല്‍കിയ സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നു കൂടിയായിരുന്നു ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം (ഒപിസ്) പ്രഖ്യാപനം.
ഞങ്ങള്‍ 10 വാഗ്ദാനങ്ങള്‍ മുന്നോട്ട് വച്ചാണ് ജനങ്ങളെ കണ്ടത്. ഇവയെല്ലാം കാര്യക്ഷമമായി നടപ്പാക്കും. സുതാര്യവും വിശ്വസ്ഥതയും ഉറപ്പാക്കുന്ന സര്‍ക്കാരായിരിക്കും ഹിമാചല്‍ പ്രദേശിലേത് എന്നായിരുന്നു തീരുമാനം വിശദീകരിച്ച് സുഖ്‌വിന്ദർ സിങ് സുഖു എഎന്‍ഐക്ക് നല്‍കിയ പ്രതികരണം.
നേരത്തെ, കോണ്‍ഗ്രസിലെ മറ്റ് മുതിര്‍ന്ന നേതാക്കളും സമാനമായ അഭിപ്രായം മുന്നോട്ടുവച്ചിരുന്നു. ഒപിഎസ് പ്രഖ്യാപനം ഹിമാചലില്‍ പാര്‍ട്ടിയുടെ വിജയത്തെ ഏറെ സ്വാധീനിച്ചു എന്നായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നടത്തിയ പ്രതികരണം. സമൂഹത്തിലെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് എന്നായിരുന്നു അദ്ദേഹം ഒപിഎസിനെ വിശേഷിപ്പിച്ചത്.
പാര്‍ട്ടിയുടെ താര പ്രചാരകയായി സംസ്ഥാനത്ത് നിറഞ്ഞ് നിന്ന പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് റാലികളില്‍ ഒപിഎസ് വിഷയം ഉയര്‍ത്തിക്കാട്ടി
കോണ്‍ഗ്രസിന്റെ ഒപിഎസ് വാഗ്ദാനം ഹിമാചല്‍ പ്രദേശിലെ വോട്ടര്‍മാരിലെ സ്വാധീന ശക്തികളില്‍ ഒന്നായ സര്‍ക്കാര്‍ ജീവനക്കാരെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് തന്നെയാണ് വിലയിരുത്തല്‍. പാര്‍ട്ടിയുടെ താര പ്രചാരകയായി സംസ്ഥാനത്ത് നിറഞ്ഞ് നിന്ന പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് റാലികളില്‍ ഒപിഎസ് വിഷയം ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. 'സാമ്പത്തികമായി അപ്രായോഗികം' എന്ന വാദം ഉയര്‍ത്തിയായിരുന്നു ബിജെപി ഇതിനെ നേരിട്ടത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഒപിഎസ് നടപ്പാക്കുന്നത് വിശദീകരിച്ചായിരുന്നു പ്രിയങ്ക ഇതിനെ നേരിട്ടത്.
ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും തപാല്‍ ബാലറ്റുകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു
ഒപിഎസ് വാഗ്ദാനം സര്‍ക്കാര്‍ ജീവനക്കാരെ നേരിട്ട് ബാധിക്കുന്ന ഒന്നായിരുന്നു എന്ന് തപാല്‍ ബാലറ്റുകള്‍ നിര്‍ണായകമായ മണ്ഡലത്തിലെ ഫല സൂചനകള്‍ വ്യക്തമാക്കിയിരുന്നു. ഇത്തവണ ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും തപാല്‍ ബാലറ്റുകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രം കണക്കിലെടുത്താല്‍, ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളില്‍ 50 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്നേറി. ഗുജറാത്തില്‍ പോലും ഈ കണക്കുകള്‍ കോണ്‍ഗ്രസിന് അനുകൂലമാണ് നിലവില്‍ 17 സീറ്റുകള്‍ സ്വന്തമാക്കിയ കോണ്‍ഗ്രസ് പക്ഷേ 27 സീറ്റുകളില്‍ പോസ്റ്റല്‍ ബാലറ്റുകളില്‍ മുന്നിലെത്തി.
എന്നാല്‍, ഒപിഎസ് വാഗ്ദാനം സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുകള്‍ മൊത്തമായി കോണ്‍ഗ്രസില്‍ എത്തിച്ചു എന്ന് വിലയിരുത്താനാകില്ലെങ്കിലും ഇതൊരു സൂചകമായി കാണാനാണ് കോണ്‍ഗ്രസ് താത്പര്യപ്പെടുന്നത് എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചനകള്‍.
പങ്കാളിത്ത പെന്‍ഷന്‍ സംവിധാനത്തിന് എതിരെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഉയര്‍ന്നിട്ടുള്ള അതൃപ്തി വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഉപയോഗപ്പെടുത്താവുന്ന ഒന്നാക്കി മാറ്റാനായിരിക്കും ഹിമാചല്‍ നല്‍കിയ ഊര്‍ജ്ജത്തിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുക. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഒപിഎസ് പുനഃസ്ഥാപിക്കണമെന്ന് ജീവനക്കാര്‍ ആഗ്രഹിക്കുന്നു എന്നും, അതിനാല്‍ തന്നെ 2024 പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒപിഎസ് ഒരു പ്രധാന അജണ്ടയാക്കി മുന്നോട്ട് പോകുന്നത് ഉള്‍പ്പെടെ കോണ്‍ഗ്രസ് പരിഗണിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.