'കോണ്‍ഗ്രസിന് ദിശാബോധമില്ല, നേതാവുമില്ല'; ഹിമാചല്‍ പ്രദേശ് വര്‍ക്കിങ് പ്രസിഡന്റ് ബിജെപിയില്‍
പാര്‍ട്ടി നേതൃത്വത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിജെപിയില്‍. മുന്‍ കാബിനറ്റ് മന്ത്രി കൂടിയായ ഹര്‍ഷ് മഹാജനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഹര്‍ഷ് മഹാജന്‍ അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് മഹാജന്‍ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന് ദിശാബോധമില്ല. പാര്‍ട്ടിക്ക് നേതാവോ അടിത്തട്ടില്‍ പ്രവര്‍ത്തകരോ ഇല്ലെന്നും മഹാജന്‍ കുറ്റപ്പെടുത്തി. നാല് പതിറ്റാണ്ടിലേറെയായുള്ള കോണ്‍ഗ്രസ് ബന്ധമാണ് മഹാജന്‍ അവസാനിപ്പിച്ചത്. 1993, 1998, 2003 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് തവണ ചമ്പ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ വ്യക്തിയാണ് മഹാജന്‍. 1998ല്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ അടുത്ത അനുയായി കൂടിയായിരുന്നു ഹര്‍ഷ് മഹാരാജ്. കഴിഞ്ഞ മെയ് മാസത്തിലാണ് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് ആയി നിയമിക്കപ്പെട്ടത്.
നവംബറില്‍ ഹിമാചലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാജന്റെ കൂറുമാറ്റം കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകും. ഒരു വശത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര തുടരുന്നതിനിടെയാണ് കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാക്കളടക്കമുള്ള ഒരു വിഭാഗം നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നത്. രാജസ്ഥാന്‍ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരം കണാന്‍ കഴിയാത്ത കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഹര്‍ഷ് മഹാജന്റെ ബിജെപി പ്രവേശം.