കോൺഗ്രസിന് പ്രതീക്ഷ പതിവ് ഭരണമാറ്റത്തിൽ; പതിനെട്ടടവും പയറ്റി ബിജെപി: ഹിമാചൽ നാളെ വോട്ടിംഗ് ബൂത്തിൽ

കോൺഗ്രസിന് പ്രതീക്ഷ പതിവ് ഭരണമാറ്റത്തിൽ; പതിനെട്ടടവും പയറ്റി ബിജെപി: ഹിമാചൽ നാളെ വോട്ടിംഗ് ബൂത്തിൽ

ഭരണത്തുടർച്ചയ്ക്കായി ബിജെപിയും തിരിച്ചുപിടിക്കാൻ കോൺഗ്രസുമാണ് പോരാട്ടത്തിന്റെ മുന്‍നിരയില്‍
Updated on
2 min read

ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ഹിമാചൽ പ്രദേശ് ശനിയാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. കോൺഗ്രസും ബിജെപിയും തമ്മിലുള്ള ദ്വന്ത യുദ്ധത്തിനാണ് ഹിമാചൽ സാക്ഷ്യം വഹിക്കുന്നത്. 1982 മുതലുള്ള വോട്ടിങ് രീതിയിലാണ് കോൺഗ്രസിന്റെ മുഴുവൻ പ്രതീക്ഷയും. എന്നാല്‍ ഇത്തവണ ചരിത്രം തിരുത്തികുറിക്കാനുള്ള പഠിച്ച പണികളെല്ലാം പയറ്റുകയാണ് ബിജെപി. ഭരണമികവ് തുടര്‍ഭരണം നല്‍കുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറും സംഘവും.

ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷത്ത് നിന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയുമെല്ലാം തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. നാല് ദശാബ്ദങ്ങളായി ഹിമാചലിൽ ഒരു പാർട്ടിക്കും ഭരണത്തുടർച്ച ഉണ്ടായിട്ടില്ല. കോൺഗ്രസും ബിജെപിയും തമ്മിൽ ഭരണകൈമാറ്റം നടന്നുകൊണ്ടേയിരുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇത്തവണ ഹിമാചലില്‍ പ്രവചനങ്ങൾ അത്ര എളുപ്പമാകില്ല.

ഡിസംബറിൽ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിലെ പോലെ ത്രികോണ മത്സരമല്ല ഹിമാചലിൽ. ഭരണത്തുടർച്ചയ്ക്കായി ബിജെപിയും തിരിച്ചുപിടിക്കാൻ കോൺഗ്രസും തന്നെയാണ് മുൻപന്തിയിലുള്ളത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ ജന്മനാട്ടിൽ വിജയം നേടുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടം തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണയാണ് ഹിമാചലില്‍ പ്രചാരണത്തിനായി എത്തിയത്. ഭാരത് ജോഡോ യാത്രയിലായതിനാൽ രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തിയിട്ടില്ല. മറ്റൊരു പരാജയം ഭയപ്പെടുന്നതിനാലാണ് രാഹുല്‍ പ്രചാരണത്തിന് എത്താത്തതെന്നാണ് ബിജെപി ആരോപണം. എന്നാല്‍, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ സജീവ പങ്കാളിത്തം ഹിമാചലിലുണ്ടായിരുന്നു.

ബിജെപി

2017ൽ നടന്ന അവസാന നിയമസഭാ തിരഞ്ഞെടുപ്പിൽ 43 സീറ്റുകൾ നേടിയാണ് ബിജെപിയുടെ ജയ്‌റാം ഠാക്കൂർ അധികാരത്തിലേറുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഇറക്കുന്ന ഹിന്ദുത്വ കാർഡ് തന്നെയാണ് ഹിമാചലിലും ബിജെപിയുടെ തുറുപ്പുചീട്ട്. ഏക സിവിൽ കോഡ് നടപ്പിലാക്കുക, വഖ്ഫ് ബോർഡിന്റെ സ്വത്തുവകകൾ എന്നിങ്ങനെ 11 വാഗ്ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയിലുള്ളത്.

കോൺഗ്രസ്

ഹിമാചലിൽ ഭരണം കൈമാറി വരുന്ന പാരമ്പര്യവും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമാണ് കോൺഗ്രസിന്റെ പ്രധാന പ്രചാരണ ആയുധം. എല്ലാ വിഭാഗങ്ങളെയും ലക്ഷ്യം വെച്ചാണ് കോൺഗ്രസിന്റെ ഇത്തവണത്തെ പ്രകടനപത്രിക. പ്രബല വിഭാഗമായ സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് ''ഓൾഡ് പെൻഷൻ സ്‌കീം'' (ഒപിഎസ്) ആണ് പ്രധാന വാഗ്ദാനങ്ങളിലൊന്നാണ്. രണ്ടര ലക്ഷം വോട്ടുകളാണ് ഇതിലൂടെ കോൺഗ്രസ് ഉന്നം വെയ്ക്കുന്നത്. സംസ്ഥാനത്തെ ആപ്പിൾ കർഷകരെ കൂടെനിർത്താൻ വേണ്ടി എംഎസ്പി എന്ന വാഗ്ദാനവുമുണ്ട്. എഎപിയുടേതിന് സമാനമായി സൗജന്യ വാഗ്ദാനങ്ങളും ഇക്കുറി കോൺഗ്രസിന്റെ ആവനാഴിയിൽ ഇടം പിടിച്ചിട്ടുണ്ട്. 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 18നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് 1500 രൂപ എന്നിവയാണ് അതിലെ പ്രധാന ആകർഷണങ്ങൾ.

ബിജെപിയുടെ ഹിന്ദുത്വയെ പ്രതിരോധിക്കാൻ അഞ്ച് വർഷത്തിലൊരിക്കൽ കുടുംബത്തിലെ ഒരംഗത്തിനും, 60 വയസിന് മുകളിലുള്ള സ്ത്രീകൾക്കും സൗജന്യ തീർത്ഥാടനവും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. യുവജനങ്ങളെ പാർട്ടിയോട് ചേർത്ത് നിർത്താൻ കഴിഞ്ഞ തവണ 75,000 തൊഴിലവസരങ്ങൾ ആയിരുന്നുവെങ്കിൽ ഇത്തവണ അത് അഞ്ച് ലക്ഷമാണ്. സ്വകാര്യമേഖലയിൽ 80% യുവാക്കൾക്ക് തൊഴിൽ എന്നിവയും പത്രികയിലുണ്ട്.

ആം ആദ്മി പാർട്ടി

ഗുജറാത്തിലെ പോലെ, എഎപി ഹിമാചലിൽ അത്ര സജീവമല്ല. 68 സീറ്റുകളിലേക്കും മത്സരിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ മാത്രമേ ചലനം ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളു. കോൺഗ്രസിന്റേത് പോലെ പെന്‍ഷന്‍ സ്കീം വാഗ്ദാനം എഎപിയും മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നിരുന്നാലും എഎപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കില്ല എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

logo
The Fourth
www.thefourthnews.in