അദാനി ഗ്രൂപ്പിന്‍റെ നിഴൽ കമ്പനികളിൽ നിക്ഷേപം; സെബി ചെയർപേഴ്സണെതിരെ ഹിൻഡൻബർഗ്, ആരോപണം തള്ളി മാധബി ബുച്ച്
സെബി ചെയർപേഴ്സണെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച്. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും ധവൽ ബുച്ചിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിഡൻബർഗ് പുറത്തുവിട്ട രേഖകളിൽ പറയുന്നത്. സെബി ചെയര്‍പേഴ്‌സന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഗുരുതര ആരോപണമാണ് റിപ്പോർട്ട് ഉന്നയിക്കുന്നത്.
സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയ്‌ക്കെതിരെ വൻ വെളിപ്പെടുത്തൽ ഉടനെന്ന ഒറ്റവരി ഹിൻഡൻബർഗ് റിസർച്ച് ശനിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ ശനിയാഴ്ച രാത്രിയോടെയാണ് രേഖകൾ പുറത്ത് വിട്ടത്. അതേസമയം റിപ്പോർട്ട് തള്ളി മാധബി ബുച്ച് രംഗത്തെത്തി. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും അവർ വ്യക്തമാക്കി.
"ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണ്. ഏത് ഏജൻസിക്കും രേഖകൾ നൽകാൻ തയ്യാറാണ്. ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരമാണ് നിലവിൽ നടത്തുന്നത്. എന്റെ ജീവിതവും സാമ്പത്തിക ഇടപാടുകളും ഒരു തുറന്ന പുസ്തകമാണ്," മാധബി ബുച്ച് വ്യക്തമാക്കി.
അദാനിക്കെതിരെ മുന്‍പ് ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു റിപ്പോർട്ട് പുറത്ത് വന്നത്. വിദേശത്ത് കടലാസ് കമ്പനികൾ രൂപീകരിച്ച്, അവയിലൂടെ സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരി വില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു പ്രധാന ആരോപണം. ആരോപണങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ ഗൗതം അദാനിയുടെ ആസ്തിയിലും വൻ ഇടിവുണ്ടായി.