'ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല'; അദാനിക്ക് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്

'ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല'; അദാനിക്ക് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്

അദാനി നൽകിയ 413 പേജ് മറുപടിയിൽ 30 പേജിൽ മാത്രമാണ് കഴമ്പുള്ളതെന്ന് സ്ഥാപനം
Updated on
2 min read

ഓഹരി വിപണിയിൽ കൃത്രിമം കാണിച്ചെന്ന റിപ്പോര്‍ട്ട് തള്ളിയ അദാനി ഗ്രൂപ്പിന് മറുപടിയുമായി ഹിൻഡൻബർഗ് . ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ലെന്നാണ് ഹിൻഡൻബർഗിന്റെ രൂക്ഷമായ മറുപടി. അദാനി നൽകിയ 413 പേജ് വരുന്ന മറുപടിയിൽ 30 പേജിൽ മാത്രമാണ് റിപ്പോർട്ടിലെ വിഷയം പ്രതിപാദിച്ചിട്ടുള്ളത്. മാത്രമല്ല, 88 ചോദ്യങ്ങളിൽ 62 എണ്ണത്തിനും മറുപടി നൽകിയില്ലെന്നും ഹിൻഡൻബർഗ് ആവർത്തിച്ചു. ലോകത്തെ അതി സമ്പന്നരിൽ ഒരാളാണെങ്കിലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണെന്നും ഇന്ത്യയുടെ സമ്പത്ത് അദാനി ആസൂത്രിതമായി കൊള്ളയടിക്കുകയാണെന്നും സ്ഥാപനം കുറ്റപ്പെടുത്തി. യുഎസ് ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു മറുപടി നൽകിയത്.

അദാനി ഗ്രൂപ്പിന്റെ ചെയർമാന്റെ സഹോദരൻ വിനോദ് അദാനിയുമായും അദ്ദേഹത്തിന്റെ ഓഫ് ഷോർ ഷെൽ സ്ഥാപനങ്ങളുമായും സംശയാസ്പദമായ ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഇടപാടുകൾ സ്റ്റോക്ക്, അക്കൗണ്ടിംഗ് എന്നിവയിൽ കൃത്രിമം കാട്ടിയതിന്റെ വ്യക്തമായ തെളിവാണെന്നും അതെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നതായും ഹിൻഡൻബർഗ് വ്യക്തമാക്കി. എന്നാൽ, വിനോദ് അദാനിയ്ക്ക് അദാനി ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ലെന്നും സുതാര്യമല്ലാത്ത ഇടപാടുകൾ നടന്നിട്ടില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ മറുപടി. വിനോദ് അദാനിയുമായി ബന്ധപ്പെട്ട ഓഫ് ഷോർ ഷെൽ സ്ഥാപനങ്ങളിൽ നിന്ന് അദാനി ഗ്രൂപ്പ് വഴി ഒഴുകിയ കോടിക്കണക്കിന് യുഎസ് ഡോളറിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അതേപറ്റി അറിവില്ലെന്നായിരുന്നു മറുപടിയെന്നും ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പ്രധാന ചോദ്യങ്ങളെ അവഗണിച്ചും സ്ഥാപനത്തിന്റെ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്ന തരത്തിലുമായിരുന്നു അദാനിയുടെ മറുപടിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കുന്നു.

'ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല'; അദാനിക്ക് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്
രാജ്യത്തിനെതിരായ ആസൂത്രിത ആക്രമണം; ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് മറുപടിയുമായി അദാനി ഗ്രൂപ്പ്

അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങൾ രാജ്യത്തിന് എതിരായ ആസൂത്രിത ആക്രമണമാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം

ദശാബ്ദങ്ങളായി അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടി ജനുവരി 24നാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്. പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ കനത്ത ഇടിവ് നേരിട്ടു. 46,000 കോടി രൂപയുടെ ഇടിവാണ് കമ്പനി നേരിട്ടത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളും ബുധനാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ റിപ്പോർട്ടിലെ വിശദാംശങ്ങള്‍ കള്ളമാണെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.

കമ്പനിയുമായി ബന്ധപ്പെടാനോ വസ്തുതകൾ പരിശോധിക്കാനോ ശ്രമിക്കാതെയാണ് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് അദാനി ഗ്രൂപ്പ് ആരോപിച്ചത്. അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങൾ രാജ്യത്തിന് എതിരായ ആസൂത്രിത ആക്രമണമാണെന്നും കമ്പനി ആരോപിച്ചിരുന്നു. നിക്ഷേപകരെയും പൊതുജനത്തെയും തെറ്റിദ്ധരിപ്പിക്കുന്ന വിദേശ സ്ഥാപനത്തിന്റെ പ്രവർത്തി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ അവർ വ്യക്തമാക്കി. തിരിമറി സാധൂകരിക്കുന്ന തെളിവുകൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട ഹിൻഡൻബർഗ്, നിയമ നടപടി നേരിടാൻ തയ്യാറാണെന്നും വ്യക്തമാക്കുകയായിരുന്നു.

'ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല'; അദാനിക്ക് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്
അടിതെറ്റി അദാനി; ഓഹരി വിപണിയില്‍ വന്‍തിരിച്ചടി, പത്ത് കമ്പനികളും നഷ്ടത്തില്‍

അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക നില പരിശോധിച്ചാല്‍ ഓഹരി വില ഉയര്‍ന്നതാണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in