പഠനത്തിനും പരീക്ഷയ്ക്കും മാത്രമല്ല, നിയമനത്തിനും ഹിന്ദി നിര്‍ബന്ധമാക്കണം: ഔദ്യോഗിക ഭാഷാസമിതി
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങള്‍ക്കും ഹിന്ദി നിര്‍ബന്ധമാക്കാന്‍ നീക്കം. കേന്ദ്രീയ വിദ്യാലയങ്ങൾ, ഐഐടി, ഐഐഎം, എയിംസ്, നവോദയ വിദ്യാലയങ്ങൾ, കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിലും കേന്ദ്ര സര്‍വീസ് റിക്രൂട്ട്മെന്റുകള്‍ക്കും ഹിന്ദി മുഖ്യ മാധ്യമമാക്കണമെന്നാണ് പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതിയുടെ നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച പതിനൊന്നാം റിപ്പോർട്ടിലാണ് പുതിയ നിർദ്ദേശം ഇടംപിടിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ വിവിധ പരിശീലന സ്ഥാപനങ്ങളില്‍ ഹിന്ദി മാത്രം മതിയെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. റിക്രൂട്ട്മെന്റ് നിബന്ധനകളില്‍ ഹിന്ദി പ്രധാന ഭാഷയായി ഉള്‍പ്പെടുത്തണം. പരീക്ഷകളിൽ ഇംഗ്ലീഷ് ചോദ്യപ്പേപ്പറിന് പകരം ഹിന്ദി ചോദ്യപേപ്പർ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തില്‍ 112 ശുപാര്‍ശകളാണ് സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സമര്‍പ്പിച്ചിരിക്കുന്നത്.
മറ്റു നിർദ്ദേശങ്ങൾ
ഹിന്ദി മുഖ്യഭാഷയായ സംസ്ഥാനങ്ങളിൽ എല്ലാ സർക്കാർ ഇടപാടുകളും ഹിന്ദിയിലാക്കണം.
മറ്റു സംസ്ഥാനങ്ങളിൽ അതതു ഭാഷയ്ക്കൊപ്പം ഹിന്ദിക്കും പ്രോത്സാഹനം വേണം.
ഹൈക്കോടതി നടപടികളും ഉത്തരവുകളും ഹിന്ദിയിലാക്കുക. ആവശ്യമുള്ളവ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുക.
ഹിന്ദി ഉപയോഗിക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥരെ താക്കീത് ചെയ്യണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി തസ്തിക 3 വർഷത്തിലേറെ ഒഴിഞ്ഞുകിടന്നാല്‍, സ്ഥാപന മേധാവിയെ ഉത്തരവാദിയാക്കുകയും സർവീസ് ബുക്കിൽ രേഖപ്പെടുത്തുകയും വേണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇംഗ്ലീഷിനു പകരം പ്രാദേശിക ഭാഷകൾ പഠനത്തിന് ഉപയോഗിക്കാം.
വിദേശ എംബസികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി പ്രോത്സാഹിപ്പിക്കുകയും മാസത്തിൽ റിപ്പോർട്ട് നൽകുകയും വേണം.
ഐക്യരാഷ്ട്ര സഭയിലും ഇന്ത്യയുടെ ഇടപെടലുകള്‍ ഹിന്ദിയിലാക്കണം.
വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് അമിത് ഷാ നേരത്തെയും പ്രസ്താവിച്ചിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതോടെ, ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.