'മുഗളന്മാരോ ബ്രിട്ടീഷുകാരോ അനുവദിച്ചിട്ടില്ല'; താജ്മഹലിലെ ഉറൂസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടന കോടതിയിൽ
ലോകപ്രശസ്തമായ ആഗ്ര താജ്‌മഹലില്‍ നടത്തുന്ന ഉറൂസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടന കോടതിയിൽ. അഖില ഭാരത് ഹിന്ദു മഹാസഭയാണ് ആഗ്ര കോടതിയില്‍ ഹര്‍ജി നൽകിയത്.
സൂഫി പണ്ഡിതന്റെ ശവകുടീര(ദര്‍ഗ)ത്തില്‍ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് ഉറൂസ്. ഉറൂസ് സമയത്ത് താജ്മഹലിനുള്ളിലേക്കുള്ള സൗജന്യ പ്രവേശനത്തെയും അഖില ഭാരത് ഹിന്ദു മഹാസഭ (എബിഎച്ച്എം) ജില്ലാ പ്രസിഡന്റ് സൗരഭ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.
ഹര്‍ജി സ്വീകരിച്ച ആഗ്ര കോടതി വാദം കേള്‍ക്കല്‍ മാര്‍ച്ച് നാലിലേക്ക് മാറ്റിവച്ചു. ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെയാണ് ഈ വര്‍ഷത്തെ ഉറൂസ് നടക്കുന്നത്. മുഗളന്മാരോ ബ്രിട്ടീഷുകാരോ താജ്മഹലിനുള്ളില്‍ ഉറൂസ് അനുവദിച്ചിട്ടില്ലെന്ന് എബിഎച്ച്എം വക്താവായ സഞ്ജയ് ജട് ആരോപിച്ചു.
''ആഗ്രയിലെ ചരിത്രകാരനായ രാജ് കിഷോര്‍ രാജ് നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച രേഖ മുന്‍നിര്‍ത്തിയാണ് ഹര്‍ജി നല്‍കിയത്. ആര്‍ടിഐ പ്രകാരമുള്ള അപേക്ഷയിൽ താജ്മഹലില്‍ ഉറൂസ് സംഘടിപ്പിക്കാനും നമസ്‌കാരം നടത്താനും ആരാണ് അനുവദിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ)യോട് രാജ് കിഷോര്‍ ചോദിച്ചു. മുഗളന്മാരോ ബ്രിട്ടീഷ് സര്‍ക്കാരോ ഇന്ത്യന്‍ സര്‍ക്കാരോ ഉറൂസ് നടത്താന്‍ അനുവദിച്ചില്ലെന്ന് എഎസ്‌ഐ മറുപടി നല്‍കിയിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ്, സയ്യിദ് ഇബ്രാഹിം സയ്യിദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഉറൂസ് നിർത്തിവെക്കാൻ ഷാജഹാന്‍ ഉറൂസ് കമ്മിറ്റിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1653ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാനാണ് താജ്മഹല്‍ നിര്‍മിച്ചത്. അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് താജ്മഹലില്‍ ഉറൂസ് നടത്തുന്നത്. മൂന്ന് ദിവസം നില്‍ക്കുന്ന ഉറൂസില്‍ ചദര്‍ പോഷി, സന്താള്‍, ഗുസുള്‍, കുല്‍ തുടങ്ങിയ ആചാരങ്ങളുണ്ടാകും.