പാക് ഭീകരര്‍ക്ക് ഹിന്ദു പേരുകള്‍; 'ഐസി 814 ദി കാണ്ഡഹാര്‍ ഹൈജാക്ക്' വെബ്‌സീരിസ് വിവാദത്തില്‍ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ മേധാവിയെ വിളിച്ചുവരുത്തി കേന്ദ്രം

പാക് ഭീകരര്‍ക്ക് ഹിന്ദു പേരുകള്‍; 'ഐസി 814 ദി കാണ്ഡഹാര്‍ ഹൈജാക്ക്' വെബ്‌സീരിസ് വിവാദത്തില്‍ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ മേധാവിയെ വിളിച്ചുവരുത്തി കേന്ദ്രം

ചീഫ്, ഡോക്ടര്‍, ബര്‍ഗര്‍, ഭോല, ശങ്കര്‍ എന്നിവയായിരുന്നു കോഡ് പേരുകള്‍. ഇതില്‍ ഭോല, ശങ്കര്‍ പേരുകള്‍ക്കെതിരെയാണ് വിവാദം കത്തിയത്
Updated on
1 min read

1999-ല്‍ പാകിസ്താന്‍ ആസ്ഥാനമായ ഭീകരസംഘടന ഹര്‍കത്ത്-ഉല്‍-മുജാഹിദീന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്തതിനെക്കുറിച്ചുള്ള വെബ് സീരീസ് വിവാദത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. 'ഐസി 814 - ദി കാണ്ഡഹാര്‍ ഹൈജാക്ക്' എന്ന വെബ് സീരീസില്‍ വിമാനം റാഞ്ചിയ ഹൈജാക്കര്‍മാര്‍ക്ക് ഹിന്ദു പേരുകളായ 'ഭോല', 'ശങ്കര്‍' എന്നിവ നല്‍കിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ വിവാദം ഉടലെടുത്തിരുന്നു. പാക് തീവ്രവാദികള്‍ക്ക് മനപൂര്‍വമാണ് ഈ പേരുകള്‍ നല്‍കിയതെന്നായിരുന്നു ആക്ഷേപം. ഇതിനു പിന്നാലെയാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ മേധാവിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്.

അന്നു റാഞ്ചപ്പെട്ട വിമാനത്തിന്റെ പൈലറ്റ് ദേവി ശരണും മാധ്യമപ്രവര്‍ത്തകനായ ശ്രിന്‍ജോയ് ചൗധരിയും ചേര്‍ന്നു രചിച്ച 'ഫ്‌ലൈറ്റ് ഇന്‍ടു ഫിയര്‍: ദി ക്യാപ്റ്റന്‍സ് സ്റ്റോറി' എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അനുഭവ് സിന്‍ഹയും ത്രിശാന്ത് ശ്രീവാസ്തവയുമാണ് ചേര്‍ന്ന് വെബ്‌സീരിസ് തയാറാക്കിയത്. നസറുദ്ദീന്‍ ഷാ, വിജയ് വര്‍മ്മ, പങ്കജ് കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

1999 ഡിസംബര്‍ 24-ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 814 വിമാനം ഹൈജാക്ക് ചെയ്ത സംഭവമാണ് വെബ് സീരീസിന്റെ ഉള്ളടക്കം. 191 യാത്രക്കാരുമായി വിമാനം നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. പറന്നുയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാരെന്ന വ്യാജേന അഞ്ച് ഹൈജാക്കര്‍മാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അമൃത്സര്‍, ലാഹോര്‍, ദുബായ് എന്നിവിടങ്ങളില്‍ നിരവധി ലാന്‍ഡിംഗുകള്‍ വിമാനം നടത്തിയിരുന്നു. ഇബ്രാഹിം അത്തര്‍, ഷാഹിദ് അക്തര്‍ സയ്യിദ്, സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂര്‍ ഇബ്രാഹിം, ഷാക്കിര്‍ എന്നിവരായിരുന്നു ഹൈജാക്കര്‍മാര്‍. ഭീകരരായ മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ എന്നിവരെ ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കലായിരുന്നു ഭീകരരുടെ ആവശ്യം. ഒടുവില്‍, അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ ഭീകരരെ മോചിപ്പിക്കാന്‍ നിര്‍ബന്ധിതായിരുന്നു.

ഈ ഹൈജാക്കർമാരുടെ പേരുകള്‍ വിമാനത്തിനുള്ളിൽ പരസ്പരം സംഭാഷണങ്ങൾക്കായി പ്രത്യേത കോഡ് പേരുകളായാണ് വെബ്‌സീരിസില്‍ ചിത്രീകരിച്ചത്. ചീഫ്, ഡോക്ടര്‍, ബര്‍ഗര്‍, ഭോല, ശങ്കര്‍ എന്നിവയായിരുന്നു കോഡ് പേരുകള്‍. ഇതില്‍ ഭോല, ശങ്കര്‍ പേരുകള്‍ക്കെതിരെയാണ് വിവാദം കത്തിയത്.

ഈ പേരുകള്‍ ഉപയോഗിച്ചതിന് വെബ് സീരീസ് നിര്‍മ്മാതാക്കളെ വിമര്‍ശിച്ച് ബിജെപി നേതാവ് അമിത് മാളവ്യയും രംഗത്തെത്തിയിരുന്ന. 'IC-814 ഹൈജാക്കര്‍മാര്‍ തങ്ങളുടെ മുസ്ലീം ഐഡന്റിറ്റി മറയ്ക്കാന്‍ അപരനാമങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. വെബ് സീരിസ് നിര്‍മാതാക്കള്‍ അവരുടെ അമുസ്ലിം പേരുകള്‍ ഉയര്‍ത്തിപ്പിടിച്ചു അവരുടെ ക്രിമിനല്‍ ഉദ്ദേശ്യം നിയമവിധേയമാക്കി. ഫലം പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഹിന്ദുക്കള്‍ IC-814 ഹൈജാക്ക് ചെയ്തതായി ആളുകള്‍ കരുതും. ,'എക്സിന്റെ ഒരു പോസ്റ്റില്‍ മാളവ്യ കുറിച്ചു. 'പാകിസ്ഥാന്‍ ഭീകരരുടെ കുറ്റകൃത്യങ്ങള്‍ വെള്ളപൂശാനുള്ള ഇടതുപക്ഷത്തിന്റെ അജണ്ടയാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in