ഗ്യാന്‍വാപിയുടെ നിലവറയില്‍ പ്രാർത്ഥന ആരംഭിച്ച് ഹിന്ദുക്കള്‍; കനത്ത സുരക്ഷ

ഗ്യാന്‍വാപിയുടെ നിലവറയില്‍ പ്രാർത്ഥന ആരംഭിച്ച് ഹിന്ദുക്കള്‍; കനത്ത സുരക്ഷ

ഇന്നലെ രാത്രിയോടെ തന്നെ ഹിന്ദു വിശ്വാസികള്‍ പള്ളിക്ക് സമീപം എത്തിയിരുന്നു
Updated on
1 min read

കോടതി ഉത്തരവിന് പിന്നാലെ വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുടെ നിലവറയില്‍ ഹിന്ദുക്കള്‍ പ്രാർത്ഥന ആരംഭിച്ചു. ''ഹിന്ദു വിഭാഗത്തിന് പ്രാർത്ഥന നടത്താന്‍ അനുമതി ലഭിച്ചിരിക്കുന്നു. ഏഴ് ദിവസത്തിനുള്ള സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കണം. എല്ലാവർക്കും അവിടെ പ്രാർത്ഥിക്കാന്‍ അവകാശമുണ്ട്,'' ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനായ വിഷ്ണു ശങ്കർ ജയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ രാത്രിയോടെ തന്നെ ഹിന്ദു വിശ്വാസികള്‍ പള്ളിക്ക് സമീപം എത്തിയിരുന്നു. രാഷ്ട്രീയ ഹിന്ദു ദളിന്റെ പ്രവർത്തകർ പള്ളിക്കുസമീപം 'മന്ദിർ' എന്ന് എഴുതി ഒട്ടിച്ചതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു. സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ വന്‍ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.

മസ്ജിദിന്റെ ബേസ്മെന്റില്‍ നാല് നിലവറകളാണുള്ളത്. അതിലൊന്ന് അവിടെ താമസിച്ചിരുന്ന പുരോഹിത കുടുംബത്തിന്റെ കൈവശമായിരുന്നു. ബാബരി മസ്ജിദ് തകർത്തതിനുപിന്നാലെ അന്നത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ഗ്യാന്‍വാപിയുടെ നിലവറകള്‍ സീൽ ചെയ്യുകയായിരുന്നു. ഇതിനുമുന്‍പ് പുരോഹിത കുടുംബത്തിലെ സോംനാഥ് വ്യാസ് അവിടെ പ്രാർത്ഥന നടത്തിയിരുന്നു. അവിടെ പ്രാർത്ഥന നടത്തുന്നതിന് അനുവാദം തേടി സോംനാഥിന്റെ കുടുംബത്തിലെ ശൈലേന്ദ്ര പഥക്കാണ് കോടതിയെ സമീപിച്ചത്.

ഗ്യാന്‍വാപിയുടെ നിലവറയില്‍ പ്രാർത്ഥന ആരംഭിച്ച് ഹിന്ദുക്കള്‍; കനത്ത സുരക്ഷ
അയോധ്യയില്‍നിന്ന് വാരാണസിയിലേക്ക്; ഹിന്ദുത്വത്തിന്റ വഴികള്‍

പാരമ്പര്യമായുള്ള പുരോഹിത കുടുംബമെന്ന നിലയില്‍ മസ്ജിദിനുള്ളിൽ ആരാധന നടത്താന്‍ തങ്ങളെ അനുവദിക്കണമെന്നായിരുന്നു ശൈലേന്ദ്രയുടെ ആവശ്യം. ഇതിലാണ് കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പാണ് ഇതിനുപിന്നിലെന്ന് മസ്ജിദ് കമ്മിറ്റിയുടെ ആരോപണം. ബാബരി മസ്ജിദിന്റെ കാര്യത്തിലെടുത്ത അതേ നിലപാട് ഇവിടെ ആവർത്തിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഗ്യാന്‍വാപി കേസിലെ നിർണായക വഴിത്തിരിവായാണ് കോടതി ഉത്തരവ് വിലയിരുത്തപ്പെടുന്നത്. മസ്ജിദ് പണിയുന്നതിന് മുന്‍പ് ക്ഷേത്രം നിലനിന്നിരുന്നതായി സർവേയില്‍ കണ്ടെത്തിയതായാണ് ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ നിലപാട്.

കോടതി ഉത്തരവ് പ്രകാരം മാത്രമായിരിക്കണം ഗ്യാന്‍വാപി പള്ളിയില്‍ നടപടികള്‍ പുരോഗമിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ''വാരാണസി കോടതി ഏഴ് ദിവസമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നിയമനടപടികള്‍ക്ക് മുകളില്‍ പോകാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്,'' അഖിലേഷ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in