ആയുധം താഴെവച്ച യുഎന്‍എല്‍എഫ്; 'ഇമേജ് പോയ' മോദിക്ക് മണിപ്പൂരില്‍ കിട്ടിയ കച്ചിത്തുരുമ്പോ?

ആയുധം താഴെവച്ച യുഎന്‍എല്‍എഫ്; 'ഇമേജ് പോയ' മോദിക്ക് മണിപ്പൂരില്‍ കിട്ടിയ കച്ചിത്തുരുമ്പോ?

മണിപ്പൂരിലെ വംശീയ കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള കച്ചിതുരുമ്പാണ് യുഎല്‍എഫിന്റെ സമാധന പാതയിലേക്കുള്ള വരവ്
Updated on
2 min read

ആറു പതിറ്റാണ്ടു നീണ്ടുനിന്ന സായുധ നീക്കം അവസാനിപ്പിച്ച് സമാധാനത്തിന്റെ പാതയിലേക്ക് കടന്നിരിക്കുകയാണ് മണിപ്പൂരിലെ ഏറ്റവും പഴക്കം ചെന്ന വിഘടനവാദ ഗ്രൂപ്പായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്. യുഎന്‍എല്‍എഫും അതിന്റെ സായുധ വിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മിയും മാറിമാറിവന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. മണിപ്പൂരിലെ വംശീയ കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള കച്ചിതുരുമ്പാണ് യുഎല്‍എഫിന്റെ സമാധന പാതയിലേക്കുള്ള വരവ്.

യുഎന്‍എല്‍എഫും സര്‍ക്കാരും സമാധാന കരാറില്‍ ഒപ്പുവച്ചതിന് പിന്നാലെ, നരേന്ദ്ര മോദിയുടെ സമാധാന ശ്രമങ്ങളുടെ വിജയമാണെന്ന് പുകഴ്ത്തി മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് രംഗത്തുവന്നതും വിഷയം ബിജെപിയുടെ രാഷ്ട്രീയ നേട്ടമായി ഉയര്‍ത്തി കാണിക്കാനായിരുന്നു. ഇത് തിരിച്ചറിഞ്ഞ തരത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ പ്രതികരണവും വന്നത്. മണിപ്പൂരിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സന്ദര്‍ശനം ഉടന്‍ പ്രതീക്ഷിക്കാമെന്നാണ് ജയ്റാം രമേശിന്റെ പ്രതികരണം. അതുകൊണ്ടാണ്, വടക്ക് കിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് യുഎന്‍എല്‍എഫ് ആയുധം താഴെവച്ചത് എന്ന തരത്തില്‍ മണിപ്പൂരിലേക്ക് അമിത് ഷാ ദേശീയ ശ്രദ്ധ ക്ഷണിക്കുന്നതെന്നും രമേശ് പറഞ്ഞു.

എന്താണ് യുഎന്‍എല്‍എഫ്?

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ വിഘടന മുന്നേറ്റങ്ങള്‍ തീപടര്‍ത്തിയ കാലത്താണ് യുഎന്‍എല്‍എഫിന്റേയും രംഗപ്രവേശനം. 1964 നവംബര്‍ 24നാണ് താഴ്‌വര കേന്ദ്രീകരിച്ച് അറംബാം സമരേന്ദ്ര സിങ് എന്ന വിഘടനവാദി നേതാവ് സംഘടനയ്ക്ക് രൂപം നല്‍കുന്നത്. മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമാക്കുക എന്നായിരുന്നു സംഘടനയുടെ പ്രഖ്യാപിത മുദ്രാവാക്യം. മണിപ്പൂരിലെ മറ്റു വിഘടനവാദ ഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, കുക്കികളേയും നാഗകളേയും ഒരേ കുടക്കീഴില്‍ അണിനിരത്താന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞു.

ആയുധം താഴെവച്ച യുഎന്‍എല്‍എഫ്; 'ഇമേജ് പോയ' മോദിക്ക് മണിപ്പൂരില്‍ കിട്ടിയ കച്ചിത്തുരുമ്പോ?
അനാദരവ് അരുത്, മണിപ്പൂരില്‍ മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കണം: സുപ്രീംകോടതി

നാഗാലാന്‍ഡിലെ ഏറ്റവും പ്രബല വിഘടനവാദ ഗ്രൂപ്പായിരുന്ന എന്‍എസ്‌സിഎന്‍ (ഐഎം) ആണ് ആദ്യ കാലത്ത് ഇവര്‍ക്ക് സായുധ പരിശീലനം നല്‍കിവന്നത്. 1990ല്‍ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി എന്ന പേരില്‍ സായുധ സംഘടനയ്ക്ക് രൂപം നല്‍കി. ഇന്ത്യന്‍ സേനയും മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മിയുമായി നിരന്തരം ഏറ്റുമുട്ടലുകള്‍ നടന്നു. രണ്ടായിരത്തിന്റെ തുടക്കത്തില്‍ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മിക്ക് രണ്ടായിരത്തിന് മുകളില്‍ കേഡര്‍മാരുണ്ടായിരുന്നു.

സ്വതന്ത്ര മണിപ്പൂര്‍ ആശയം ഉയര്‍ത്തിപ്പിടിച്ച് സായുധ കലാപം ആരംഭിച്ച സംഘടന, പിന്നീട് 2020കളില്‍ നിലപാടുകള്‍ മയപ്പെടുത്തിതുടങ്ങി. 1990ലാണ് യുഎന്‍എല്‍എഫില്‍ ആദ്യ പിളര്‍പ്പുണ്ടാക്കുന്നത്. 2000ല്‍ അറംബാം സമരേന്ദ്ര സിങിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘടനയെ നയിച്ച ആര്‍ കെ മേഘേന്‍ 2010ല്‍ അറസ്റ്റിലായതിന് പിന്നാലെ യുഎന്‍എല്‍എഫ് വീണ്ടും പിളര്‍ന്നു. ഇത് സംഘടനയുടെ ശക്തി ക്ഷയിപ്പിച്ചു.

ആയുധം താഴെവച്ച യുഎന്‍എല്‍എഫ്; 'ഇമേജ് പോയ' മോദിക്ക് മണിപ്പൂരില്‍ കിട്ടിയ കച്ചിത്തുരുമ്പോ?
'വലിയ കള്ളങ്ങൾ മറച്ചുവെക്കാനുള്ള സൂത്രം'; എൻഎംസി ലോഗോ വിവാദത്തില്‍ ഡോ. കെ വി ബാബു

മോദിയുടെ ഇമേജ് നേരെയാക്കല്‍ ശ്രമമോ?

ഇന്ത്യന്‍ സേനയോട് നിരന്തരം ഏറ്റുമുട്ടിയിരുന്ന ഇവര്‍, ഒരിക്കല്‍പ്പോലും സമാധന ചര്‍ച്ചയ്ക്ക് തയ്യാറായിന്നില്ല. 2020 മുതല്‍ കേന്ദ്രം യുഎന്‍എല്‍എഫുമായി വെടിനിര്‍ത്തല്‍ കരാറിന് ശ്രമിക്കുന്നുണ്ടായിരുന്നു. മറ്റു പല വിഘടന ഗ്രൂപ്പുകളും സമാധാനത്തിന്റെ പാതയിലേക്ക് കടന്നുവന്നപ്പോഴും യുഎന്‍എല്‍എഫ് തങ്ങളുടെ നിലപാടില്‍ അയവുവരുത്തിയില്ല. യുന്‍എല്‍എഫിന്റെ സമാധാന പാതയിലേക്കുള്ള തിരിച്ചുവരവ് ആയുധമാക്കി, ബിജെപി മണിപ്പൂരില്‍ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനുള്ള ആദ്യ പടിയിലേക്ക് നീങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതിന് ശേഷം, നോര്‍ത്ത് ഈസ്റ്റ് മേഖല ശാന്തമാണ് എന്ന ബിജെപിയുടെ പ്രചാരണത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു മണിപ്പൂര്‍ കലാപം. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ പരാജയമായെന്നും കലാപത്തിന് പിന്നില്‍ ബിജെപിയാണെന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്റെ നിരന്തര വിമര്‍ശനം കടുത്തപ്പോഴാണ് പ്രധാനമന്ത്രി കലാപത്തെ കുറിച്ച് പ്രതികരിക്കാന്‍ തന്നെ തയ്യാറായത്. നോര്‍ത്ത് ഈസ്റ്റില്‍ 'ഇമേജ് തകര്‍ന്നു' നില്‍ക്കുന്ന മോദിയെ രക്ഷിക്കാനാണ് അമിത് ഷായുടെ സമാധാന നീക്കമെന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

logo
The Fourth
www.thefourthnews.in