ഹരിയാന, ജമ്മു - കശ്മീർ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകൾ കൃത്യമാകുമോ? മുന്‍ പ്രവചനങ്ങളും ജനവിധിയും
ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോൾ ഫലം പുറത്തുവന്നിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹരിയാന, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ഭൂരിഭാഗവും ചൂണ്ടിക്കാട്ടുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസിന് അറുപതില്‍ അധികം സീറ്റ് ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ജമ്മുവിൽ നാഷണല്‍ കോണ്‍ഫറന്‍സിനും ചില സർവേകൾ മുൻതൂക്കം പ്രവചിക്കുന്നു.
എന്നാൽ ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എക്സിറ്റ് പോളുകൾ എത്രത്തോളം കൃത്യമാകും? കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോൾ എങ്ങനെയായിരുന്നു ?
ഹരിയാന :
വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ഹരിയാന. ഭരണം നിലനിർത്താനായി ബിജെപി പോരാടുമ്പോൾ സംസ്ഥാന സർക്കാരിനെതിരെ ഉയർന്നുവന്ന ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ ബിജെപിക്ക് മിന്നുന്ന വിജയം എക്സിറ്റ് പോളുകൾ പ്രവചിച്ചെങ്കിലും, തൂക്കുസഭയാണ് സംസ്ഥാനത്തുണ്ടായത്. എന്നാൽ 2014 ൽ എക്സിറ്റ് പോൾ ഫലങ്ങൾ ഹരിയാനയിൽ ഫലത്തോട് ഏറെ അടുത്ത് നിക്കുന്നതായിരുന്നു.
കോൺഗ്രസിന്റെ പത്ത് വർഷത്തെ ഭരണം അവസാനിപ്പിച്ചാണ് 2014 ൽ സംസ്ഥാനത്ത് ബിജെപി ഭരണത്തിൽ വന്നത്. 90 സീറ്റുകളുള്ള അസംബ്ലിയിൽ ബിജെപിക്ക് 46 സീറ്റുകളുടെ കേവല ഭൂരിപക്ഷത്തിനടുത്തെത്തുമെന്ന് നാല് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. ബിജെപി ശരാശരി 43 സീറ്റുകൾ നേടുമെന്നായിരുന്നു മിക്ക സർവേകളുടെയും പ്രവചനം. ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) 27 സീറ്റുകളുമായി രണ്ടാമതെത്തുമെന്നും കോൺഗ്രസിന് 13 സീറ്റ് ലഭിക്കുമെന്നും ആയിരുന്നു പ്രവചനം. എന്നാൽ ന്യൂസ് 24-ചാണക്യ, എബിപി ന്യൂസ്-നീൽസൺ എന്നിവ ആ വർഷം ബിജെപി ഭൂരിപക്ഷം കടക്കുമെന്ന് കൃത്യമായി പ്രവചിച്ചു. ടൈംസ് നൗവും ഇന്ത്യ ടിവി-സിവോട്ടറും കോൺഗ്രസിൻ്റെ നേട്ടം കൃത്യമായി പ്രവചിച്ചപ്പോൾ ന്യൂസ്24-ചാണക്യയാണ് ഐഎൻഎൽഡിയുടെ ഫലത്തിന് ഏറ്റവും അടുത്തെത്തിയത്.
എന്നാൽ ഫലം വന്നപ്പോൾ ഭൂരിപക്ഷം കടന്ന ബിജെപി 47 സീറ്റുകൾ നേടി. കോൺഗ്രസ് 15 സീറ്റുകൾ നേടി. ഐഎൻഎൽഡിക്ക് പ്രവചിക്കപ്പെട്ട സീറ്റുകളെക്കാൾ 8 എണ്ണം കുറവേ നേടാനായുള്ളു. എന്നാൽ 2019 ലേക്ക് വരുമ്പോൾ 70-ലധികം സീറ്റുകൾ നേടി ബിജെപി വൻ വിജയം നേടുമെന്ന് മിക്ക സർവേകളും പ്രവചിച്ചിരുന്നു. എന്നാൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിച്ചില്ല.
എട്ട് എക്‌സിറ്റ് പോളുകൾ പ്രകാരം ശരാശരി 61 സീറ്റുകൾ ബിജെപി നേടുമെന്നായിരുന്നു കണക്ക്. 18 സീറ്റിൽ നേടി കോൺഗ്രസ് വളരെ പിന്നിലായിരിക്കുമെന്നും സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ബിജെപി 40 സീറ്റുകളും കോൺഗ്രസ് 31 സീറ്റുകളും നേടി. സർവേ ഫലങ്ങളെക്കാൾ 21 സീറ്റുകൾ കുറവ് മാത്രമേ ബിജെപിക്ക് നേടാനായുള്ളു. അതേസമയം 13 അധിക സീറ്റുകൾ കോൺഗ്രസ് നേടി.
ഏഴ് സർവേകൾ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചിരുന്നു. ന്യൂസ് എക്‌സ്-പോൾസ്‌ട്രാറ്റ് ബിജെപി 75-80 സീറ്റുകളിൽ വിജയിക്കുമെന്ന് പ്രവചിച്ചപ്പോൾ, ഇന്ത്യ ടുഡേ-ആക്‌സിസ് മാത്രമാണ് 32-44 സീറ്റുകൾ നേടുമെന്നും ഭൂരിപക്ഷം കുറയുമെന്നും പറഞ്ഞത്. മൂന്ന് സർവേകൾ മാത്രമാണ് കോൺഗ്രസ് 20 സീറ്റ് നേടുമെന്ന് പ്രവചിച്ചത്, ഒന്ന് മാത്രം 30 സീറ്റുകൾ കടക്കുമെന്ന് പ്രവചിച്ചു. ഇന്ത്യാ ടുഡേ-ആക്‌സിസ് കോൺഗ്രസിന് 30-42 സീറ്റ് എന്നും പ്രവചിച്ചു. ഇതായിരുന്നു ഏറ്റവും കൃത്യം.
ജമ്മു കശ്മീർ :
2014-ലാണ് കശ്മീരിൽ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 87 അംഗ സഭയിൽ ഒരു പാർട്ടിക്കും 44 സീറ്റുകളുടെ ഭൂരിപക്ഷം നേടാനാകില്ലെന്ന് അന്ന് സിവോട്ടർ എക്സിറ്റ് പോൾ പ്രവചിച്ചിരുന്നു. 32-38 സീറ്റുകൾ നേടി പിഡിപി ഒന്നാമതും, ബിജെപി 27-33 സീറ്റുകളുമായി ബിജെപി രണ്ടാമതും എത്തുമെന്നും എൻസി 8-14 സീറ്റുകളും കോൺഗ്രസ് 4-10 സീറ്റുകളും നേടും എന്നുമായിരുന്നു എക്‌സിറ്റ് പോൾ കണക്കുകൾ.
ഫലം വന്നപ്പോൾ പിഡിപി 28, ബിജെപി 25, എൻസി 15, കോൺഗ്രസ് 12 എന്നിങ്ങനെയായിരുന്നു സീറ്റ് നിരക്കുകൾ.