ബിപോർ ജോയ് ചുഴലിക്കാറ്റ് ഇന്ത്യയിൽ കാലവർഷത്തെ എങ്ങനെ ബാധിക്കും?
ബിപോർ ജോയ് ചുഴലിക്കാറ്റ് ഇന്ത്യയോട് അടുക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ട്വിറ്ററിലൂടെയാണ് കാലാവസ്ഥാ വകുപ്പ് വിവരം പുറത്തുവിട്ടത്. ഇന്ന് രാവിലെ ഗോവയിൽനിന്ന് തെക്ക് പടിഞ്ഞാറ് 890 കിലോമീറ്റർ അകലെയായിരുന്ന ബിപോർ ജോയ്, 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷയെന്ന് ട്വീറ്റിൽ പറയുന്നു. ഇന്ത്യയിൽ കാലവര്‍ഷത്തിന്റെ തുടക്കത്തെ കൊടുങ്കാറ്റ് സ്വാധീനിച്ചേക്കാമെന്നാണ് റിപ്പോർട്ട്.
ബിപോർ ജോയ് കാലവർഷത്തെ എങ്ങനെ ബാധിക്കും?
ജൂൺ 8-9 തീയതികളിൽ കാലവർഷം ഇന്ത്യയിലേക്ക് പ്രവേശിക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റ് വെതർ റിപ്പോർട്ട് ചെയ്യുന്നത്. അറബിക്കടലിലെ ശക്തമായ കാലാവസ്ഥാ സംവിധാനങ്ങൾ കാരണം കാലവർഷം പശ്ചിമഘട്ടത്തിന് അപ്പുറത്തേക്ക് കടക്കാൻ ബുദ്ധിമുട്ടും. ഇത് കാലവർഷത്തെ തടസ്സപ്പെടുത്തിയേക്കാെമെന്നും റിപ്പോർട്ടുകളുണ്ട്.
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കാലവർഷം ആരംഭിക്കാൻ വൈകും. എന്നാൽ മൊത്തത്തിൽ ലഭിക്കുന്ന മഴയുടെ അളവ് കുറയുമെന്നോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കാലവർഷം വൈകിയെത്തുമെന്നോ ഇതിനർത്ഥമില്ലെന്നും സ്കൈമെറ്റ് റിപ്പോർട്ടിൽ പറയുന്നു. വർദ്ധിച്ചുവരുന്ന 'എൽ നിനോ' സാഹചര്യങ്ങൾക്കിടയിലും കാലവർഷം ഇന്ത്യയിൽ സാധാരണ രീതിയിൽ ലഭിക്കുമെന്ന് ഐഎംഡി നേരത്തെ വ്യക്തമാക്കിയിരുന്നു.
കാലവർഷം താമസിക്കുന്നതിൽനിന്ന് എന്ത് മനസ്സിലാക്കാം?
തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നതിലെ കാലതാമസം കൃഷിയെ ബാധിക്കും. ഇത് ഉൽപ്പാദനം കുറയുന്നതിനിടയാക്കും. വിളകളെ ബാധിക്കും. നീണ്ട വേനൽക്കാല അവസ്ഥയിലേക്കും ഇത് നയിച്ചേക്കാം.
ബിപോർ ജോയിയെക്കുറിച്ച് ഐഎംഡിയുടെ മുന്നറിയിപ്പ്
ബിപോർ ജോയി ചുഴലിക്കാറ്റിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 135-145 കിലോമീറ്ററിലെത്താം. ജൂൺ പത്തോടെ 170 കിലോമീറ്റർ വേഗതയിൽ വീശാനും സാധ്യതയുണ്ട്. ജൂൺ എട്ട് മുതൽ ജൂൺ 10 വരെ കൊങ്കൺ-ഗോവ-മഹാരാഷ്ട്ര തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമായി തുടരുമെന്നും ഐഎംഡി അറിയിച്ചു. മത്സ്യത്തൊഴിലാളികൾ വരും ദിവസങ്ങളിൽ അറബിക്കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിലുള്ളവർ തീരത്തേക്ക് മടങ്ങാനും നിർദ്ദേശിച്ചിട്ടുണ്ട്.