കോടതികള്‍ ഇനി 'ഉയിര്‍ത്തെഴുന്നേല്‍ക്കും;' ഇതാ വീണ്ടുമൊരു കൂട്ടുകക്ഷി ഭരണകാലം
ഭരണഘടനയുടെ അടിസ്ഥാനശിലകളാണ് നീതിന്യായ സംവിധാനവും ഭരണനിർവഹണ വിഭാഗവും. ഇതിൽ ഒന്ന് മറ്റൊന്നിനു കീഴ്പ്പെടാൻ പാടില്ല എന്നതാണ് ഭരണഘടനയുടെ അടിസ്ഥാനമൂല്യത്തെ നിലനിർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാൽ നീതിന്യായ വ്യവസ്ഥിതിയുടെ നിലപാടുകൾ രാജ്യത്ത് പലസമയങ്ങളിലായി ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തെമ്പാടും ഒരു സമഗ്രാധിപത്യ ഭരണകൂടത്തിനനുകൂലമായി നീതിന്യായ വ്യവസ്ഥ മാറുന്നതായുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇന്ത്യയും ഇതിൽ നിന്ന് വ്യത്യസ്‍തമല്ല. സമഗ്രാധിപത്യമുള്ള ഒരു സർക്കാരിന്റെ കാലാവധി അവസാനിച്ച് ഒരു സഖ്യകക്ഷി സർക്കാർ പതിറ്റാണ്ടിനിപ്പുറം വീണ്ടും രാജ്യത്ത് അധികാരമേൽക്കുമ്പോൾ സർക്കാരുകളുടെ ഭൂരിപക്ഷത്തിനനുസരിച്ചാണോ കോടതികൾ പ്രവർത്തിക്കുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ സാധാരണഗതിയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള ഒരു സമഗ്രാധിപത്യ സർക്കാർ ഭരണത്തിലിരിക്കുമ്പോൾ കോടതികൾ അതിനനുസരിച്ച് മയപ്പെടുന്നതായും, സഖ്യസർക്കാരുകളുണ്ടാകുമ്പോൾ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കൂടുതൽ ശക്തമായി നിലനിൽക്കുന്നതായുമാണ് രാഷ്ട്രീയ നിരീക്ഷകരും മുതിർന്ന അഭിഭാഷകരും വിലയിരുത്തുന്നത്. ഇതിനെ സാക്ഷ്യപ്പെടുത്തുന്ന മുൻ സുപ്രീംകോടതി ജഡ്ജ് സഞ്ജയ് കിഷൻ കൗളിന്റെ തന്നെ നിരീക്ഷണമുണ്ട്. അദ്ദേഹം വിരമിച്ചതിനു ശേഷം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പറയുന്നത്.
ശക്തമായ സർക്കാരുകളാണുള്ളതെങ്കിൽ കോടതിയുടെ ഭാഗത്തുനിന്ന് സർക്കാരിനെ ചോദ്യം ചെയ്തുകൊണ്ടുള്ള വിധിന്യായങ്ങളുണ്ടാകുന്നത് കുറവായിരിക്കുമെന്നും, സഖ്യസർക്കാരുകളുടെ കാലത്ത് ശക്തമായ ഇടപെടൽ കോടതികളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നുമാണ് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്. 1990 മുതൽ നമ്മൾ സഖ്യ സർക്കാരുകളെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ആ കാലയളവിൽ കോടതികളുടെ ഇടപെടലുകൾ വളരെ ശക്തമായിരുന്നു എന്നും ശേഷം ഒറ്റക്കക്ഷി സർക്കാരുകൾ അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വ്യത്യസ്ത ചരിത്ര സന്ധികളിൽ കോടതികളുട പ്രവർത്തനം എങ്ങനെയെന്ന് പരിശോധിക്കാം.
കോടതി ഏറ്റുപറഞ്ഞ അടിയന്താരവസ്ഥക്കാലത്തെ വിധേയത്വം
1975 ജൂൺ 25ന് അടിയന്തരാവസ്ഥ എന്ന സവിശേഷ സാഹചര്യം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായതുതന്നെ രണ്ടു കോടതി വിധികളോടുള്ള ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ പ്രതികരണം എന്ന തരത്തിൽക്കൂടിയാണ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ റായ്ബറേലിയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ തീരുമാനമാണ് അതിൽ ആദ്യത്തേത്. 1971ലെ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിക്കെതിരെ മത്സരിച്ച രാജ് നരേയ്ൻ നൽകിയ പരാതിയിന്മേലായിരുന്നു കോടതിയുടെ വിധി. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ഇന്ദിര തന്റെ അധികാരം ദുർവിനിയോഗം ചെയ്തു എന്നതായിരുന്നു രാജ് നരേയ്ൻറെ ആരോപണം. ലോക്സഭാ അംഗത്വം പൂർണമായും റദ്ദുചെയ്യാനാണ് അന്ന് അലഹബാദ് ഹൈക്കോടതി തീരുമാനിച്ചത്. എന്നാൽ പിന്നീട് ഇന്ദിര ഗാന്ധി അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചു. വി ആർ കൃഷ്ണയ്യരുടെ വെക്കേഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ലോക്സഭാംഗത്വം പൂർണമായും റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം അതുപോലെ അംഗീകരിക്കുകയായിരുന്നില്ല കൃഷ്ണയ്യർ ചെയ്തത്. അദ്ദേഹം ഇന്ദിരാഗാന്ധിയുടെ അംഗത്വം ഭാഗികമായി റദ്ദുചെയ്യാനാണ് തീരുമാനിച്ചത്. ലോക്സഭയിൽ പോകാം എന്നാൽ ചർച്ചയുടെ ഭാഗമാകാനോ വോട്ട് ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല, ലോക്സഭ അംഗത്തിന്റെ ശമ്പളം സ്വീകരിക്കാൻ പാടില്ല ഇങ്ങനെ നിരവധി നിബന്ധനകൾ വിആർ കൃഷ്ണയ്യർ മുന്നോട്ടു വച്ചു. ഈ നിബന്ധനകളാണ് ഇന്ദിരാഗാന്ധിയെ ചൊടിപ്പിച്ചതെന്ന് പിന്നീട് പലരും വിലയിരുത്തിയിട്ടുണ്ട്. ലോക്സഭാംഗത്വം പൂർണമായും റദ്ദുചെയ്യുക എന്ന അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ വിആർ കൃഷ്ണയ്യർ ശരിവച്ചിരുന്നെങ്കിൽ ഇന്ദിരാഗാന്ധിക്ക് ഇത്ര ദേഷ്യമുണ്ടാകില്ലെന്നും തന്റെ അധികാരം ഭാഗികമായി നിയന്ത്രണത്തിലാക്കിയതിന്റെ ദേഷ്യത്തിലാണ് അടിയന്തരവസ്ഥ എന്ന തീരുമാനത്തിലേക്ക് അവർ പോയതെന്നും നിരവധി രാഷ്ട്രീയ നിരീക്ഷകർ പിന്നീട് പറഞ്ഞിട്ടുണ്ട്.
എന്നാൽ ഇതൊക്കെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പ് നടന്ന സംഭവങ്ങളാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷമുള്ളകോടതികളുടെ പ്രവർത്തനത്തിന് എഡിഎം ജബൽപൂർ കേസ് പോലെ ഒരുദാഹരണംവേറെയുണ്ടാകില്ല. ഒരു വ്യക്തിയെ നിയമവിരുദ്ധമായി തടവിൽ പാർപ്പിക്കാൻ പാടില്ല എന്ന മൗലികാവകാശം സർക്കാരിന്റെ താല്പര്യത്തിനനുസരിച്ച് മാറ്റാം എന്നതായിരുന്നു എഡിഎം ജബൽപൂർ കേസിലെ സുപ്രീംകോടതി വിധി. പിഎൻ ഭഗവതി അധ്യക്ഷനായ ബെഞ്ച് 4:1 ഭൂരിപക്ഷത്തിലാണ് ഈ വിധി പുറപ്പെടുവിച്ചത്. അന്ന് വിയോജിപ്പ് രേഖപ്പെടുത്തിയ ഒരേയൊരു ജഡ്ജി ഹാൻസ് രാജ് ഖന്നയാണ്. എന്നാൽ ആ അഭിപ്രായം അന്ന് പരിഗണിക്കപ്പെട്ടില്ല. വിധിക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു. ആ ബഞ്ചിന്റെ അധ്യക്ഷനായ പി എൻ ഭഗവതി പ്രത്യക്ഷമായി തന്നെ ഇന്ദിര ഗാന്ധിയെ പുകഴ്ത്തി രംഗത്തെത്തുന്ന സാഹചര്യമുണ്ടായി. പിന്നീട് വർഷങ്ങൾക്കുശേഷം 2019ൽ സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട കേസ് ഇന്നത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോൾ എഡിഎം ജബൽപൂർ കേസ് പ്രത്യേകം പരാമർശിക്കുകയും കേസിൽ സുപ്രീംകോടതിക്ക് തെറ്റുപറ്റി എന്ന് ഏറ്റുപറയുകയും ചെയ്തിരുന്നു. അന്ന് വിയോജിപ്പ് പ്രകടിപ്പിച്ച രാജ് ഖന്നയുടെ നിലപാടുകളെയാണ് കോടതിയപ്പോൾ ഉയർത്തിപ്പിടിച്ചത്.
കോടതികൾ കുന്തമുനകളായ യുപിഎകാലം
2004 മുതൽ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് കോടതികൾ ശക്തമായ തിരുത്തൽ ശക്തികളായി നിലകൊണ്ടു. സർക്കാർ പ്രതിസന്ധിയിലായ നിരവധി കാര്യങ്ങൾ ഈ കാലയളവിൽ സംഭവിക്കുന്നുണ്ടായിരുന്നു. അഴിമതി ആരോപണങ്ങളായിരുന്നു ആ കാലത്ത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നത്. അതിൽ സർക്കാരിനെ തന്നെ താഴെയിറക്കാൻ കാരണമായ രണ്ട് ആരോപണങ്ങളാണ് 2ജി സ്പെക്ട്രം അഴിമതിയും കൽക്കരി കുംഭകോണവും.
2ജി സ്പെക്ട്രം ലൈസൻസുകൾ നൽകിയതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ വലിയ അഴിമതി നടന്നു എന്നതായിരുന്നു 2ജി സ്പെക്ട്രം കേസ്. 122 ലൈസൻസുകൾ നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഡിഎംകെ നേതാക്കളായ യുപിഎ മന്ത്രിസഭയിലെ അന്നത്തെ ടെലികോം മന്ത്രി എ രാജയും കനിമൊഴിയുമുൾപ്പെടെയുള്ളവർ കേസിൽ കക്ഷികളായി. ശതകോടികളുടെ അഴിമതിയാണ് നടന്നതെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ.
കൽക്കരി കുംഭകോണ കേസിലാണെങ്കിൽ ഏറ്റവും നിർണായകമായത് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് ആണ്. സിഎജി റിപ്പോർട്ടിലാണ് 2004 മുതൽ 2009 വരെ കൽക്കരി ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയതിൽ അഴിമതി നടന്നിട്ടുണ്ട് എന്ന വിവരം പുറത്തുവന്നത്. അത് പിന്നീട് സിബിഐ അന്വേഷിക്കുകയും കോടതി സർക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. അവിടെ നിന്ന് 2014ൽ എത്തിയാൽ, പിന്നീടിങ്ങോട്ട് 2024 വരെയുള്ള പത്തുവർഷക്കാലയളവിൽ മേൽപ്പറഞ്ഞ സിഎജി, സിബിഐ എന്നീ ഏജൻസികൾ സർക്കാരിനനുസരിച്ച് പരുവപ്പെടുകയോ നിർജീവമാവുകയോ ചെയ്തതായി കാണാം.
പ്രതിരോധിക്കാനാകാതെ മോദികാലം
നരേന്ദ്രമോദി അധികാരത്തിലിരുന്ന പത്തുവർഷം (2014-2024) കോടതികളും സംഭവബഹുലമായിരുന്നു. കോടതികൾ പുരോഗമനപരമായ വിധികൾ പുറപ്പെടുവിക്കുന്നതായും, അതേസമയം ശക്തമായ വിമർശനങ്ങൾക്ക് വിധേയമായതുമായ നിരവധി കോടതി വ്യവഹാരങ്ങളുണ്ടായിട്ടുണ്ട്. ആധാർ, അയോധ്യ, കശ്മീരിന്റ പ്രത്യേക പദവി ഒഴിവാക്കുക എന്നിവ ശക്തമായ വിമർശനങ്ങൾക്ക് വിധേയമായ വിധികളാണ്.
യുപിഎകാലത്ത് കോടതിയിൽ ശക്തമായ സംവാദം നടന്ന വിഷയമായിരുന്നു ആധാർ. ആധാറിൽ ആളുകളുടെ സ്വകാര്യതയെ കുറിച്ചും പന്ത്രണ്ടക്ക സംഖ്യയിൽ ഒരാളുടെ സകല വിവരങ്ങളും കൈമാറുന്ന സാഹചര്യത്തെയുമൊക്കെ ശക്തമായി തന്നെ കോടതി ചോദ്യം ചെയ്തു. എന്നാൽ പിന്നീട് നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആധാർ നിർബന്ധമാക്കുന്നതിൽ തെറ്റില്ല എന്ന തീരുമാനത്തിലേക്ക് കോടതി എത്തി.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി അനുച്ഛേദം 370 എടുത്ത് മാറ്റാൻ മോദിസർക്കാർ തീരുമാനിച്ചപ്പോൾ അതിനെ തടയാനോ ഭരണഘടനാ മൂല്യങ്ങൾക്കനുസരിച്ച് ആ തീരുമാനം കണിശമായി പരിശോധിക്കാനോ കോടതി തയ്യാറായില്ല എന്ന വിമർശനം ശക്തമായി ഉയർന്നിരുന്നു. അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ വ്യാജഏറ്റുമുട്ടൽ കോലയിൽ വാദം കേട്ട ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവും, സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമയെ മാറ്റിയതുമുൾപ്പെടെയുള്ള സംഭവങ്ങളിൽ കോടതി സർക്കാരിന് വശപ്പെട്ടു എന്നവിമർശനം ശക്തമാണ്.
ഈ വിമർശനങ്ങൾക്കെല്ലാമൊടുക്കം രണ്ടാം മോദി സർക്കാരിന്റെ കാലത്ത് കോടതി നടത്തിയ ചില നിർണായക നീക്കത്തെയും എടുത്തുപറയേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനം എടുത്തുമാറ്റി പകരം സർക്കാരിന് സ്വാധീനമുള്ള കമ്മറ്റി അവതരിപ്പിക്കാനുള്ള നീക്കത്തെ കോടതി തടഞ്ഞത്. നാഷണൽ ജുഡീഷ്യൽ അപ്പോയ്ന്റ്മെന്റ്സ് കമ്മിറ്റി എന്ന പേരിൽ അവതരിപ്പിച്ച ഏഴംഗ സമിതിയെ ആണ് കോടതി തള്ളിയത്. മറ്റൊരു പ്രധാനപ്പെട്ട ഇടപെടലായി കണക്കാക്കേണ്ടത് ഇലക്ട്‌റൽ ബോണ്ട് കേസാണ്. ഒരുപക്ഷേ കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഒരുതരത്തിലും പുറത്തുവരാൻ സാധ്യതയില്ലാതിരുന്ന വിവരങ്ങളാണ് ഇലക്ട്‌റൽ ബോണ്ടിന്റെ കാര്യത്തിൽ പുറത്ത് വന്നത്.
സഖ്യസർക്കാരുകളുടെ കാലത്താണ് കോടതികൾ ശക്തമായിട്ടുള്ളതെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. ഒരു പതിറ്റാണ്ടിനിപ്പുറം വീണ്ടും രാജ്യത്ത് ഒരു സഖ്യസർക്കാർ ഭരണത്തിൽ വന്നിരിക്കുന്നു. കോടതികൾ കാവലാളാകുന്ന കാലമാകും ഇനിയുള്ളതെന്നു കരുതാൻ ന്യായങ്ങളുണ്ട്.