ദളിതന്റെ ശബ്ദം നിലച്ചു; 'വണ്‍മാന്‍ ആര്‍മി' ആംസ്‌ട്രോങ്ങിനെ ഇല്ലാതാക്കിയതെന്തിന്?

ദളിതന്റെ ശബ്ദം നിലച്ചു; 'വണ്‍മാന്‍ ആര്‍മി' ആംസ്‌ട്രോങ്ങിനെ ഇല്ലാതാക്കിയതെന്തിന്?

ജൂലൈ 5 വെള്ളിയാഴ്ച വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ നടന്ന കൊലപാതകം ദേശീയ തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു
Updated on
2 min read

'ഡെലിവറി ബോയ്സ് എന്ന വ്യാജേന മൂന്ന് മോട്ടോർ ബൈക്കുകളിലെത്തിയ ആറംഗ സംഘം കയ്യിൽ കരുതിയിരുന്ന വെട്ടുകത്തിയും അരിവാളും ഉപയോഗിച്ച് പിന്നിൽനിന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു' തമിഴ്‌നാട് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) പ്രസിഡൻ്റ് കെ ആംസ്ട്രോങ്ങിന്റെ കൊലപാതകം നടന്നത് ഇങ്ങനെയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. ജൂലൈ 5 വെള്ളിയാഴ്ച വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ നടന്ന ഈ കൊലപാതകം ദേശീയ തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

അഭിഭാഷകനും ദളിത് നേതാവുമായ കെ ആംസ്ട്രോങ്, വേണുഗോപാൽ സ്വാമി കോവിൽ സ്ട്രീറ്റിലെ നിർമാണത്തിലിരിക്കുന്ന തൻ്റെ വീടിന് സമീപം സുഹൃത്തുക്കൾക്കും അനുയായികൾക്കുമൊപ്പം സംസാരിച്ചുകൊണ്ടിരിക്കെയാണ് കൊല്ലപ്പെടുന്നത്. 52- കാരനായ അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങിൽ സംസാരിച്ച ബിഎസ്‌പി അധ്യക്ഷ മായാവതി കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

2006-ൽ ചെന്നൈ കോർപ്പറേഷൻ കൗൺസിലറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം 2007-ലാണ് ബിഎസ്പി തമിഴ്നാട് ഘടകത്തിൻ്റെ അധ്യക്ഷനായി നിയമിതനാകുന്നത്. തൻ്റെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതിക്ക് വേണ്ടി ചെന്നൈയിൽ റാലികൾ ഏകോപിപ്പിക്കുകയും നഗരത്തിലെ അറിയപ്പെടുന്ന ദളിത് നേതാവായി മാറുകയും ചെയ്തിരുന്നു. 2011-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽനിന്ന് എംകെ സ്റ്റാലിനെതിരെ മത്സരിക്കുകയും ചെയ്തു. ബി ആർ അംബേദ്കറുടെ പ്രത്യയശാസ്ത്രവും ബുദ്ധമതവും പ്രചരിപ്പിക്കുന്നതിനായി ജീവിതം സമർപ്പിച്ചിരുന്ന വ്യക്തിയാണ് കെ ആംസ്ട്രോങ്.

ജൂലൈ അഞ്ചിന് സംഭവിച്ചതെന്ത്?

പെരമ്പൂരിലെ വേണുഗോപാൽ സ്വാമി കോവിൽ സ്ട്രീറ്റിലെ ഇടുങ്ങിയ വഴിയിൽ സ്ഥിതി ചെയ്യുന്ന തൻ്റെ വീടിന്റെ നിർമാണം എത്രത്തോളമായെന്ന് അറിയാനായിരുന്നു ജൂലൈ അഞ്ചിന് പതിവുപോലെ ആംസ്ട്രോങ് അവിടെയെത്തിയത്. ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. സഹോദരൻ വീരമണി, സുഹൃത്തുക്കളായ ബാലാജി, അബ്ദുൾ ഗനി എന്നിവർക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കെയാണ് രാത്രി ഏഴേകാലോടെ ആക്രമണമുണ്ടാകുന്നത്.

സംഭവസ്ഥലത്ത് നിന്ന് 50 മീറ്റർ അകലെയുണ്ടായിരുന്ന വീരമണിയുടെ മൊഴി അനുസരിച്ച്, വെറും പത്ത് സെക്കന്റ് കൊണ്ടായിരുന്നു കൊലപാതകം നടന്നത്. കുറ്റവാളികളെ കാണാൻ പോലും കഴിഞ്ഞില്ല, ആകെ കണ്ടത് തനിക്ക് നേരെ അരിവാളുമായി പാഞ്ഞടുക്കുന്നവരെ മാത്രമാണെന്നും അദ്ദേഹം പറയുന്നു. വീരമണിക്കും തലയ്ക്ക് പരുക്കേറ്റിരുന്നു. ആംസ്ട്രോങ്ങിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ കൊലപാതകം അന്വേഷിക്കാൻ അഡീഷണൽ പോലീസ് കമ്മീഷണർ (നോർത്ത്) അസ്ര ഗാർഗിൻ്റെ നേതൃത്വത്തിൽ 10 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷനുകളും ബൈക്ക് രജിസ്ട്രേഷൻ നമ്പറുകളും വഴി അക്രമികളെ പൊലീസ് കണ്ടെത്തുകയും ചെയ്തു.

ഒരു സാമ്പത്തിക തട്ടിപ്പ് കേസിൽ പണം നഷ്ടപ്പെട്ടവർക്ക് ഒപ്പം നിൽക്കുകയും അവരുടെ നിക്ഷേപം തിരികെ മേടിക്കാൻ ശ്രമം നടത്തുകയും ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് ഭാഷ്യം. എന്നാൽ ആംസ്‌ട്രോങ്ങിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ബിഎസ്പി നേതാവ് മായാവതി, യഥാർത്ഥ കുറ്റവാളികളെ അല്ല പോലീസ് പിടിച്ചതെന്ന് ആരോപിച്ചിരുന്നു. കൂടാതെ, 2023 ഓഗസ്റ്റ് 18ന് ചെന്നൈയിൽ വച്ച് ആർക്കോട്ട് സുരേഷെന്ന ആളുടെ കൊലപാതകവുമായും ഇതിന് ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.

ദളിതന്റെ ശബ്ദം നിലച്ചു; 'വണ്‍മാന്‍ ആര്‍മി' ആംസ്‌ട്രോങ്ങിനെ ഇല്ലാതാക്കിയതെന്തിന്?
വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശത്തിന് അവകാശം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

എന്നാൽ ഈ കണ്ടെത്തലുകൾ കോൺഗ്രസും വിടുതലൈ ചിരുത്തൈകൾ കച്ചിയും തള്ളിയിരുന്നു. കേസിൽ സി ബി ഐ അന്വേഷണം ആവശ്യമാണെന്നും അവർ പറഞ്ഞു. ഉത്തര മദ്രാസിലെ ഒരു രാഷ്ട്രീയ പ്രവർത്തകനെ വ്യക്തിവൈരാഗ്യത്തിൻ്റെ പേരിലാണ് കൊലപ്പെടുത്തിയത് എന്ന വാദം തെറ്റായതും അടിസ്ഥാന യാഥാർത്ഥ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം ട്വീറ്റും ചെയ്തിരുന്നു.

സേലത്ത് കഞ്ചാവും അനധികൃത മദ്യവും വിൽക്കുന്നതിനെ എതിർത്തതിൻ്റെ പേരിൽ ഒരു എഐഎഡിഎംകെ പ്രവർത്തകൻ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്. ബിഎസ്പി അധ്യക്ഷൻ്റെ മൃതദേഹം പെരമ്പൂരിൽ സംസ്‌കരിക്കാൻ അനുവദിക്കാതെ ഡിഎംകെ വഞ്ചനയാണ് നടത്തിയതെന്ന് സിനിമ നിർമാതാവും ആംസ്‌ട്രോങ്ങിൻ്റെ സുഹൃത്തുമായ പാ രഞ്ജിത്ത് പറഞ്ഞു. 2023 ഡിസംബറിൽ ഡിഎംഡികെ നേതാവ് വിജയകാന്തിനെ കോയമ്പേടുള്ള പാർട്ടി ഓഫീസിൽ സംസ്‌കരിക്കുന്നതിന് ഡിഎംകെ സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചില്ല എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ദളിത് നേതാക്കളുടെയും ജനങ്ങളുടെയും കാര്യങ്ങളിൽ നിങ്ങൾക്ക് എന്തങ്കിലും ആത്മാർത്ഥതയുണ്ടോ എന്നും പാ രഞ്ജിത്ത് ചോദിച്ചു.

logo
The Fourth
www.thefourthnews.in