കെജ്‌രിവാളിനു വേണ്ടി 'ഇന്ത്യ' ഏതറ്റം വരെ പോകും?
ഡൽഹി മുഖ്യമന്ത്രിയും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ പ്രധാന മുഖങ്ങളിൽ ഒരാളുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ബിജെപിയുടെ നീക്കങ്ങൾക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയർന്നിട്ടുള്ളത്. ഇത്തരത്തിൽ ' ഇഡി' കൂട്ടിൽ അകപ്പെടുന്ന ആദ്യത്തെയാളുമല്ല കെജ്‌രിവാൾ. ഇലക്ട്‌റൽ ബോണ്ട് വിവരങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു കെജ്‌രിവാളിന്റെ നാടകീയമായ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
നേരത്തെ മനീഷ് സിസോദിയയുടെയും ഇപ്പോൾ കെജ്‌രിവാളിന്റെയും അറസ്റ്റ് ആം ആദ്മി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല, പ്രത്യേകിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് ഏറ്റവും അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ. പാർട്ടിയിൽ ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവവും, വിഷയത്തിൽ ജനവികാരം ഉണർത്താൻ സാധിക്കാതെ വരുന്നതും തിരിച്ചടിയാകും.
ഇപ്പോൾ ഇന്ത്യ സഖ്യത്തിന്റെ കൂടെ ഭാഗമാണ് ആം ആദ്മി പാർട്ടിയും കെജ്‌രിവാളും. സഖ്യത്തിന്റെ മുഖ്യ പ്രചാരകരിൽ ഒരാൾ. ഡൽഹിയിൽ സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി എ എ പി ധാരണയിലെത്തുകയും ചെയ്തതാണ്. ഈ സാഹചര്യത്തിൽ കെജ്‌രിവാളിന്റെ അറസ്റ്റ് ഇന്ത്യ സഖ്യത്തെക്കൂടി ബാധിക്കും. പ്രചാരണ പരിപാടികളിൽ നിന്ന് കെജ്‌രിവാളിനെ അകറ്റുക എന്ന ലക്ഷ്യം കൂടി ബിജെപിക്ക് ഉണ്ടായിരിക്കെ പ്രത്യേകിച്ചും. ഈ സാഹചര്യത്തില്‍ കെജ്‌രിവാളിനൊപ്പം നിൽക്കുക എന്നതാണ് ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്ക് പ്രാഥമികമായി ചെയ്യാൻ സാധിക്കുക.
അത്തരത്തിൽ ഭിന്നതകൾ മറന്ന് ഇന്ത്യ സഖ്യത്തെ ഒറ്റകെട്ടാക്കാൻ കെജ്‌രിവാൾ വിഷയത്തിന് സാധിക്കുമോ? വിഷയം ജനങ്ങളിലേക്കെത്തിക്കാനും നല്ല രീതിയിലുള്ള മുന്നേറ്റം നടത്താനും സഖ്യത്തിന് ആകുമോ ?
'ഇന്ത്യ'യുടെ പ്രതിഷേധങ്ങൾ
കെജ്‌രിവാളിന്റെ അറസ്റ്റിനെ പോസിറ്റീവ് ആയി ഉപയോഗപ്പെടുത്താമെന്ന് തന്നെയാണ് സഖ്യത്തിന്റെ പ്രതീക്ഷ. ആദ്യഘട്ടത്തിൽ തന്നെ കെജ്‌രിവാളിന് ശക്തമായ പിന്തുണ 'ഇന്ത്യ' പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു, പിന്നാലെയാണ് പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തത്. കേന്ദ്രത്തിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ മെഗാ റാലി സംഘടിപ്പിക്കാനാണ് പദ്ധതി. ഇന്നലെ 'ഇന്ത്യ' സഖ്യം വിളിച്ചുചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ഈ പ്രഖ്യാപനം.
വിജയകരമായി സഖ്യം രൂപീകരിക്കാൻ കഴിഞ്ഞെങ്കിലും പിന്നാലെയുണ്ടായ അസ്വാരസ്യങ്ങൾ മുന്നണിയെയും നേതാക്കളെയും ഒരുപോലെ കുഴക്കിയിരുന്നു. സീറ്റ് പങ്കിടൽ ചർച്ചകൾ തുടരെ പരാജയമായതും നിതീഷ് കുമാർ അടക്കമുള്ള നേതാക്കൾ കൊഴിഞ്ഞ് പോയതും വലിയ തിരിച്ചടികളാണ് നൽകിയത്. മമത അടക്കമുള്ള നേതാക്കൾ ഇടഞ്ഞ് തന്നെയാണ് തുടരുന്നതും. അത്തരമൊരു സാഹചര്യത്തിൽ, ആഭ്യന്തര കലഹങ്ങളുടെ നടുവിൽ നിന്ന് എത്രത്തോളം ജനങ്ങളിലേക്കെത്താൻ സഖ്യത്തിന് സാധിക്കുന്നുണ്ടെന്ന് വിലയിരുത്തേണ്ട സംഗതി തന്നെയാണ്.
കേന്ദ്രത്തോട് സന്ധിയില്ലാത്ത പോരാട്ടം നടത്തി, തങ്ങളുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ പ്രതിപക്ഷ സഖ്യത്തിന് കൈവന്നിരിക്കുന്ന സുവർണാവസരം കൂടിയാണ് ഈ അവസരമെന്ന് വേണമെങ്കിൽ പറയാം. തെരുവിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് ജനങ്ങളുമായി സംവദിക്കാം. എന്നിരുന്നാലും, ദേശീയ തലത്തിൽ ബിജെപി അജണ്ടയെ പ്രതിരോധിക്കാനുള്ള ശേഷിയോ നേതൃത്വമോ ഒരു പാർട്ടിക്കും ഇല്ലാത്തതിനാൽ പ്രതിപക്ഷത്തിന് ഇതെത്രത്തോളം പ്രാവർത്തികം ആക്കാനാവും എന്നത് കാത്തിരുന്ന തന്നെ കാണേണ്ടതാണ്.
പ്രാദേശിക പാർട്ടികളായ തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ തുങ്ങിയവക്ക് അതത് സംസ്ഥാനങ്ങളിൽ മികച്ച പിന്തുണ നൽകാൻ കഴിയും. എന്നിരുന്നാലും കെജ്‌രിവാളിന്റെ അറസ്റ്റും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഡൽഹിക്ക് പുറത്ത് എന്തെങ്കിലും പ്രകമ്പനം തീർക്കുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. തുടർച്ചയായി രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയ ആം ആദ്‌മിക്ക് ഡൽഹിയിലെ ജനങ്ങൾ പിന്തുണ നൽകുമെന്ന് മാത്രം പ്രതീക്ഷിക്കാം.
എന്നിരുന്നാലും ലോക്സഭാ തിരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രചാരണ പരിപാടികളെക്കാൾ ആം ആദ്മി പ്രവർത്തകർക്ക് പ്രതിഷേധ പരിപാടികളിൽ ശ്രദ്ധ ചെലുത്തേണ്ട അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഈ വിഷയം രാജ്യത്തുടനീളം ഉപയോഗിക്കുന്നതിനും പരിമിതികൾ ഉണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിക്ക് സ്വാധീനമില്ല. അതിനാൽ സ്വാധീനമുള്ള ഇന്ത്യ സഖ്യത്തിലെ അംഗങ്ങളെ ആശ്രയിക്കേണ്ടതുണ്ട്.
കെജ്‌രിവാളിന്റെ അറസ്റ്റ് സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ മറന്ന് വിവിധ കക്ഷികളെ ഒരുമിപ്പിക്കാന്‍ സഹായിച്ചുവെന്നുവേണം പ്രാഥമിക നിഗമനങ്ങളില്‍ നിന്നു മനസിലാക്കാന്‍. പാർട്ടികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ആഭ്യന്തര കലഹങ്ങളും മൂലം പൊരുതി മുട്ടിയ നേതൃത്വത്തിന് ഇത് ആശ്വാസ്യകരമാണ്. സ്വകാര്യ താൽപര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് ബിജെപിയെന്ന ഒരൊറ്റ ലക്ഷ്യത്തിനെതിരേ അണിനിരക്കാൻ ഇത് 'ഇന്ത്യ'യെ സഹായിക്കും.
എന്നാൽ കോൺഗ്രസും എഎപിയും തമ്മിൽ കടുത്ത മത്സരം നടക്കുന്ന പഞ്ചാബിൽ ഇത് ഫലിച്ചേക്കില്ല. കെജ്‌രിവാളിനെ പ്രതിരോധിക്കാൻ കോൺഗ്രസ് രംഗത്തുവരുന്നത് ഇരുപാർട്ടികളിലെയും പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷിച്ചേക്കാം. ആം ആദ്മി സർക്കാരിനെതിരെ പ്രവർത്തിക്കുന്ന പഞ്ചാബിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വിഷയത്തെ എങ്ങനെ ഉൾക്കൊള്ളും എന്നതും പ്രധാനമാണ്.
ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യം കൂടി സഖ്യത്തിന്റെ കെജ്‌രിവാളിനുള്ള തുറന്ന പിന്തുണയ്ക്ക് പിന്നിലുണ്ട്. ഡൽഹിയിൽ ബിജെപിയുമായി ത്രികോണ മത്സരത്തിനിറങ്ങുന്ന കോൺഗ്രസും എഎപിയും ബിജെപി വിരുദ്ധ വോട്ടുകൾ സമാഹരിക്കാമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇത് ബിജെപിക്ക് കാര്യമായ വെല്ലുവിളി ഉയർത്തും. എന്നിരുന്നാലും കെജ്‍രിവാളിന്റെ അറസ്റ്റ് ഡൽഹിയിൽ പോലും നന്നായി ഉപയോഗപ്പെടുത്താൻ ആം ആദ്‌മിക്ക് ആയിട്ടില്ല.
ഹരിയാന, ഗുജറാത്ത്, ഗോവ തുടങ്ങിയ കോൺഗ്രസിന് ആം ആദ്മി പാർട്ടിയെക്കാൾ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് അഴിമതിക്കാരനായ നേതാവിനെ പിന്തുണയ്ക്കുന്നു എന്ന ചിത്രം ബിജെപിക്ക് നേട്ടമുണ്ടാക്കും. തെലങ്കാനയിലും സമാനമായ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഡൽഹി മദ്യ അഴിമതി കേസിന്റെ ഭാഗമെന്നാരോപിച്ച് ബിആർഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കെ കവിത അടുത്തിടെ അറസ്റ്റിലായ സാഹചര്യവും തെലങ്കാനയിൽ നിലനിൽക്കുന്നുണ്ട്.
എന്നിരുന്നാലും കെജ്‌രിവാളിന് വേണ്ടി ഇന്ത്യ സഖ്യം എത്ര ദൂരം പോകുമെന്നതും ചോദ്യമാണ്. തുടർച്ചയായ തിരിച്ചടികളും ഇടച്ചിലുകളും നേരിടുന്ന സഖ്യത്തിന് എത്ര ആഴത്തിൽ വിഷയത്തിൽ പ്രവർത്തിക്കാൻ സാധിക്കും എന്നതാണ് ഇനി കാണേണ്ടത്.