ലക്ഷ്യം ബംഗാള്‍; സിഎഎയിലൂടെ മതുവ-രാജ്‌വന്‍ഷി ബെല്‍റ്റ് പിടിക്കാന്‍ ബിജെപി

ലക്ഷ്യം ബംഗാള്‍; സിഎഎയിലൂടെ മതുവ-രാജ്‌വന്‍ഷി ബെല്‍റ്റ് പിടിക്കാന്‍ ബിജെപി

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ, മതുവ, രാജ്‍വൻഷി സമുദായങ്ങൾ ഒരു കാലത്ത് ഇടതുപക്ഷവുമായി ചേർന്ന് നിന്നിരുന്നു. എന്നാൽ പിന്നീട്‌ മമതയുടെയും തൃണമൂലിന്റെയും സ്വാധീനത്തിലായി
Updated on
2 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായി പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രാബല്യത്തിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നീക്കത്തിന് പിന്നിൽ കൃത്യമായ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ ഉണ്ടെന്നതിൽ സംശയമില്ല. നാല് വർഷം മുൻപ് പ്രഖ്യാപിച്ചെങ്കിലും സിഎഎ നടപ്പാക്കുന്നതിൽ ബിജെപി എടുത്ത കാലതാമസം എത്ര ശക്തമായ തിരഞ്ഞെടുപ്പ് ഉപകരണമായാണ് സിഎഎയെ കേന്ദ്രം കണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതാണ്.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങൾ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് പ്രസ്തുത നിയമം. എന്നാൽ സിഎഎ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ തന്നെ രാജ്യത്താകമാനം നിയമത്തിനെതിരെ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. വിവിധ പ്രതിപക്ഷ പാർട്ടികളും കേരളം, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളും പ്രതിഷേധം അറിയിക്കുകയും കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

ലക്ഷ്യം ബംഗാള്‍; സിഎഎയിലൂടെ മതുവ-രാജ്‌വന്‍ഷി ബെല്‍റ്റ് പിടിക്കാന്‍ ബിജെപി
സിഎഎ: ബാധിക്കുന്നത് മുസ്‌ലിങ്ങളെ മാത്രമോ? രേഖകളില്ലാത്ത ഹിന്ദുക്കള്‍ക്കും വെല്ലുവിളി

എന്നാൽ സിഎഎ പ്രാബല്യത്തിൽ വന്നതോടെ യഥാർഥത്തിൽ കരിനിഴൽ വീഴുന്നത് പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലാണ്. സിഎഎ വിജ്ഞാപനത്തിനൊപ്പം ബിജെപിയുടെ കണ്ണുകൾ പശ്ചിമ ബംഗാളിലെ വിവിധ കുടിയേറ്റ വിഭാഗങ്ങളിലേക്കും നീളുന്നുണ്ട്. പശ്ചിമ ബംഗാളിലെ രണ്ട് സുപ്രധാന സമുദായങ്ങളായ മതുവ, രാജ്‍വൻഷി വിഭാഗങ്ങളാണ് ഇവയിൽ പ്രധാനം. ഈ വിഭാഗങ്ങളുടെ സ്വാധീനം ഉറപ്പിക്കുക എന്നതാണ് ബിജെപിയുടെ പ്രാഥമിക ലക്ഷ്യം. ഏകദേശം 8 ലോക്സഭാ സീറ്റുകളിലെങ്കിലും നിർണായക പങ്ക് വഹിക്കാൻ ഈ വിഭാഗങ്ങൾക്ക് സാധിക്കും എന്നത് തന്നെയാണ് നീക്കത്തിന് പിന്നിലെ കാരണം.

പശ്ചിമ ബംഗാളിൽ മതുവ, രാജ്‍വൻഷി വിഭാഗങ്ങളുടെ സ്വാധീനം എന്താണ് ?

സംസ്ഥാനത്തിൻ്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ സുപ്രധാന പങ്ക് വഹിക്കുന്ന രണ്ട് വിഭാഗങ്ങളാണ് മതുവകളും രാജ്‍വൻഷികളും. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയുടെ വിഭജനകാലത്തും തുടർന്നും ഇന്ത്യയിലേക്കെത്തിയ ഹിന്ദു അഭയാർഥി സമൂഹമാണ് മതുവ സമുദായം. പട്ടികജാതി (എസ്‌സി) വിഭാഗത്തിൽ പെടുന്ന ഇവർ നാമസൂദ്രന്മാരോ അവർണരോ ആണ്. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി ജനസംഖ്യയാണ് മതുവ സമുദായം. വടക്ക്, തെക്ക് 24 പർഗാനാസ് ജില്ലകളിലും നദിയ, ഹൗറ, കൂച്ച് ബെഹാർ, നോർത്ത്, സൗത്ത് ദിനാജ്പൂർ, മാൾഡ തുടങ്ങിയ അതിർത്തി ജില്ലകളിലുമാണ് ഈ സമൂഹം കൂടുതലും താമസിക്കുന്നത്. ആദ്യകാലങ്ങളിൽ അതിർത്തി പ്രദേശങ്ങളിൽ ആയിരുന്നു. ഇന്ത്യൻ പൗരത്വം നേടാനുള്ള ശ്രമത്തിലാണ് മതുവകൾ. ബംഗാളിലെ മൊത്തം ജനസംഖ്യയുടെ 17 ശതമാനം വരെ മതുവകളാണെന്നാണ് കണക്കുകൾ. ബംഗാളിലെ തെക്കൻ മേഖലകളിൽ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ ഇവർക്ക് വ്യക്തമായ സ്വാധീനം ഉണ്ട്.

ലക്ഷ്യം ബംഗാള്‍; സിഎഎയിലൂടെ മതുവ-രാജ്‌വന്‍ഷി ബെല്‍റ്റ് പിടിക്കാന്‍ ബിജെപി
സിഎഎ കേരളത്തിലും നടപ്പാക്കും, സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല: അമിത് ഷാ

പശ്ചിമ ബംഗാളിലെ മൊത്തം പട്ടികജാതി ജനസംഖ്യയുടെ ഏറ്റവും വലിയ വിഭാഗമാണ് രാജ്‍വന്‍ഷികൾ. രാജ്‍വന്‍ഷി വിഭാഗക്കാരും ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർഥികളാണ്. 40 ലക്ഷത്തോളം വരുന്ന ജനസംഖ്യയുള്ള ഈ വിഭാഗങ്ങൾ ജയ്പാല്‍ഗുരി, കൂച്ച്‌ബെഹാർ, ബാലുർഘട്ട് മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. സംസ്ഥാനത്തിൻ്റെ വടക്കൻ ഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്ന ഇവർക്ക് തനതായ പാരമ്പര്യവും സംസ്‌കാരവുമുണ്ട്. തിരഞ്ഞെടുപ്പിൽ അവരുടെ സ്വാധീനം തിരിച്ചറിഞ്ഞ് രാഷ്ട്രീയ പാർട്ടികൾ അവരുടെ പിന്തുണ ഉറപ്പാക്കാറുണ്ട്.

2019-ൽ വടക്കൻ ബംഗാളിൽ ബിജെപി വിജയിച്ച മൂന്ന് സീറ്റുകളിലും രാജ്‍വന്‍ഷി - നാമസൂദ്ര വിഭാഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു. 2019 ൽ സിഎഎ പ്രകാരം പൗരത്വം നൽകാമെന്ന ബിജെപി വാഗ്ദാനം അവിടുത്തെ തിരെഞ്ഞെടുപ്പ് ഫലങ്ങളിലും പ്രതിഫലിച്ചിരുന്നു എന്നുതന്നെ പറയാം. സിഎഎയുടെ വിജ്ഞാപനം ആ വാഗ്ദാനം നിറവേറ്റാൻ ലക്ഷ്യമിടുന്നതാണ്. 2021 പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകളിലും സമുദായത്തിൻ്റെ പിന്തുണ നേടാൻ ബിജെപി സിഎഎ വാഗ്ദാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

ലക്ഷ്യം ബംഗാള്‍; സിഎഎയിലൂടെ മതുവ-രാജ്‌വന്‍ഷി ബെല്‍റ്റ് പിടിക്കാന്‍ ബിജെപി
സിഎഎ: മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്, നിയമ പോരാട്ടത്തിന് ഡിവൈഎഫ്‌ഐയും

മതുവ, രാജ്‍വന്‍ഷി സമുദായങ്ങൾ ഒരു കാലത്ത് ഇടതുപക്ഷവുമായി ചേർന്ന് നിന്നിരുന്നു. എന്നാൽ പിന്നീട്‌ മമതയുടെയും തൃണമൂലിന്റെയും സ്വാധീനത്തിൽ ഇത് മാറി. എന്നാല്‍ 2019 മുതല്‍ ഇവരെ ആകര്‍ഷിക്കാന്‍ ബിജെപിക്കായിട്ടുണ്ട്.

ബംഗാളിലെ 1.8 കോടി പട്ടികജാതി ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ് (99.96 ശതമാനം). ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിൽ 10 സീറ്റുകൾ പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. അതിൽ 2019-ൽ കൂച്ച്‌ബെഹാർ, ജൽപായ്ഗുരി, ബിഷ്ണുപൂർ, ബോംഗാവ് എന്നീ നാല് സീറ്റുകൾ ബിജെപി നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in