കോവിഡ് വാക്സിന്‍
കോവിഡ് വാക്സിന്‍

കോവിഡ് തിരിച്ചുവരവ് ഇന്ത്യയെ വീണ്ടും വേട്ടയാടുമോ? ആദ്യ ഘട്ടങ്ങളെ മറികടന്നത് എങ്ങനെ ?

മഹാമാരിയുടെ തുടക്കം മുതൽ ഇന്നുവരെ, കോവിഡ് -19 നിയന്ത്രണത്തിലാക്കാൻ ഇന്ത്യ എന്താണ് ചെയ്തത്
Updated on
2 min read

മൂന്ന് വർഷം മുൻപ് ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് വീണ്ടും ചൈനയിൽ രൂക്ഷമാകുന്നതായാണ് റിപ്പോർട്ടുകൾ. വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബിഎഫ്.7 ആണ് ഇത്തവണ ചൈനയെ വിറപ്പിക്കുന്നത്. എന്നാൽ ചൈനയിലെ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഇന്ത്യയും കരുതൽ നടപടികൾ സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു. ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യ വ്യക്തമാക്കി. ഒരു പക്ഷേ മൂന്ന് വർഷം കോവിഡിനെ നേരിട്ട അനുഭവ സമ്പത്തായിരിക്കാം ഈ ആത്മവിശ്വാസത്തിന് പിന്നിൽ. എന്നാൽ, കോവിഡ് തിരികെ എത്തുമ്പോൾ, രണ്ടു വട്ടം പിടിച്ചുകെട്ടിയെന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യയ്ക്ക് വീണ്ടും വെല്ലുവിളി ഉയർത്താൻ വൈറസിന് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം.

ലോകത്തിലാദ്യമായി കോവിഡിനുള്ള ഇൻട്രാ-നേസൽ വാക്സിൻ വികസിപ്പിച്ചെടുത്ത രാജ്യം കൂടിയാണ് ഇന്ത്യ.

കോവിഡ്-19 ഇന്ത്യ പിടിച്ചുകെട്ടിയത് എങ്ങനെ?

പകർച്ചവ്യാധിയുടെ പ്രാരംഭഘട്ടത്തിൽ, 2020 ഏപ്രിലിൽ തന്നെ വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ രാജ്യം ആരംഭിച്ചിരുന്നു. ഒരു വർഷത്തിനകം രാജ്യം തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് അടിയന്തര ഉപയോഗാനുമതി ലഭിച്ചു. ഇതോടൊപ്പം ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച ആസ്ട്രാസെനക്കയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിനും ഉപയോഗാനുമതി ലഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഏകദേശം ഒരു വർഷത്തിന് ശേഷം, 2021 ജനുവരിയിൽ രാജ്യം വാക്സിനേഷൻ യജ്ഞം ആരംഭിച്ചു.

കൃത്യമായ വാക്സിനേഷനിലൂടെ രാജ്യത്തിന്റെ പലമേഖലകളിലേയും മരണനിരക്ക് പിടിച്ചു നിർത്താൻ നമുക്കായി . ഇന്ത്യയിൽ 12 വാക്സിനുകളാണ് നിലവിൽ ഉപയോ​ഗിക്കാൻ അം​ഗീകാരം കിട്ടിയിട്ടുളളത്. കൂടാതെ, സാമൂഹിക അകലം പാലിക്കുകയും മാസ്കുകൾ ധരിക്കുകയും സാനിറ്റൈസറുകൾ ഉപയോ​ഗിക്കുകയും ചെയ്തതിലൂടെ വൈറസിന്റെ വ്യാപനം ഒരു പരിധി വരെ തടയാനായി.

കോവിഡ് സംബന്ധിച്ച ശാസ്ത്രീയ ​ഗവേഷണത്തിന് ഊന്നൽ നൽകണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ച് ലോകത്തിലാദ്യമായി കോവിഡിനുള്ള ഇൻട്രാ-നേസൽ വാക്സിൻ വികസിപ്പിച്ചെടുത്ത രാജ്യം കൂടിയാണ് ഇന്ത്യ.

സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം

ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുളള ഒരു രാജ്യം കോവിഡിനെതിരെ പോരാടുക എന്നത് വലിയ വെല്ലുവിളി നിറ‍ഞ്ഞ കാര്യമാണ്. പ്രധാനമായും വാക്സിന്റെ ലഭ്യത ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് ആദ്യത്തെ കടമ്പ. ആദ്യ ഘട്ടങ്ങളിൽ അതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും 18 വയസ്സിന് മുകളിലുളള ജനസംഖ്യയുടെ 88 ശതമാനത്തിലധികം പേർക്കും വാക്സിൻ നൽകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. മഹാമാരി വന്ന് ഒരു വർഷത്തിനുളളിൽ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും 2021 ജനുവരിയിൽ തന്നെ വാക്സിനുകൾ നൽകാനായി. ഇവർക്ക് പുറമെ, 60 വയസ്സിനും 45 വയസ്സിനും മുകളിലുള്ളവർക്കായി 2021 മാർച്ചിൽ തന്നെ വാക്സിനുകൾ വിതരണം ചെയ്യാനായി. ഈ മാസം 2-നകം 2.19 ബില്യണിലധികം ഡോസുകളാണ് രാജ്യത്തിൽ വിതരണം ചെയ്തത്.

സുതാര്യമായ ഡിജിറ്റൽ പ്ലാറ്റ്ഫോം

വാക്സിൻ വിതരണത്തിൽ രാജ്യം വിജയിച്ചതിന് പിന്നിലെ പ്രധാന ഘടകം ഡിജിറ്റൽ പ്ലാറ്റ്ഫോമായ കോ-വിൻ ആയിരുന്നു. 2021 ജനുവരി 16-നായിരുന്നു പ്രധാനമന്ത്രി രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കുമായി ഈ ആപ്പിന്റെ സേവനം നൽകിയത്. രാജ്യത്ത് എവിടെയും ഇരുന്ന് എപ്പോൾ വേണമെങ്കിലും വാക്സിനേഷനായി രജിസ്റ്റർ ചെയ്യാനും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും ഈ ആപ്പിലൂടെ ജനങ്ങൾക്ക് കഴിഞ്ഞു എന്നതാണ് വാക്സിൻ വിതരണം സു​ഗമമാകാനിടയായത്. ഇതിൽ രജിസ്റ്റർ ചെയ്ത് സൗകര്യപ്രദമായ സമയം ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചതിലൂടെ വാക്സിൻ വിതരണം കൂടുതൽ ജനകീയവുമായി. തുടർന്ന് എല്ലാ രാജ്യങ്ങൾക്കും ഉപയോഗിക്കാനാകുന്ന വിധം ഈ ആപ്പിനെ ഓപ്പൺ സോഴ്സ് ആക്കി മാറ്റിയിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സിന് അന്തർദേശിയ തലത്തിൽ അടിയന്തര ഉപയോഗത്തിനുളള പട്ടികയിൽ ഇടം പിടിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വന്നിരുന്നു. ഒടുവിൽ 2021 നവംബറിലാണ് ലോകാരോഗ്യ സംഘടന വാക്സിന് അംഗീകാരം നൽകിയത്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളും നിരീക്ഷണവും

വാക്സിനുകൾ വിതരണം ചെയതത് കൊണ്ട് മാത്രമല്ല ഇന്ത്യ കോവിഡിനെ ചെറുത്തത്. വൈറസിന്റെ വ്യാപന തോത് കുറയ്ക്കുന്നതിൽ നിർണ്ണായകമായത് ലോക്ക്ഡൗൺ പോലുളള നിയന്ത്രണങ്ങളായിരുന്നു. ഇത് കർശനമായി നടപ്പിലാക്കിയതും ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചതും കോവിഡിനെ ചെറുക്കുന്നതിൽ വലിയരീതിയിൽ സഹായിച്ചു. വൈറസിന്റെ വ്യാപാനതോത് അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുകയും ജനങ്ങൾക്കാവശ്യമായ അവശ്യ വസ്തുക്കളുടെ ലഭ്യതയും സേവനവും ഉറപ്പ് വരുത്തുന്നതിലും സംസ്ഥാന സർക്കാരുകൾ വിജയിച്ചു. വൈറസിന്റെ പുതിയ വകഭേദങ്ങളെ കണ്ടെത്തുന്നതിനും ടെസ്റ്റ് ചെയ്യുന്നതിനുളള ലാബ് സംവിധാനങ്ങളും രാജ്യത്തിന്റ വിവിധ മേഖലകളിൽ സജ്ജീകരിച്ചിരുന്നു.

നിലവിൽ ചൈനയിൽ രൂക്ഷമായിരിക്കുന്ന ഒമിക്രോൺ ബിഎഫ്-7നെ നേരിടുന്നതിനുളള എല്ലാ സംവിധാനങ്ങളും ഇന്ത്യ ഉറപ്പാക്കിക്കഴിഞ്ഞു. രാജ്യത്ത് സമ്പൂർണ വാക്സിനേഷൻ നടപ്പാക്കിയത് തന്നെയാണ് കോവിഡിനെ ചെറുക്കുന്നതിലുളള ഇന്ത്യയുടെ ആത്മവിശ്വാസവും. അതിലുപരി വിദേശ യാത്രക്കാരെ നിരീക്ഷിക്കാനും പരിശോധിക്കാനുമുളള സംവിധാനങ്ങളും കൊണ്ടുവന്നു കഴിഞ്ഞു. പൊതു ഇടങ്ങളിൽ മാസ്കുകളും നിർബന്ധമാക്കി. എന്നാൽ, കോവിഡിനെ നേരിട്ട പരിചയം ഇന്ത്യയ്ക്ക് ആശ്വാസമാകുമ്പോഴും വൈറസിന്റെ വകഭേദങ്ങളെ ചെറുക്കുന്നതിന് ഇന്ത്യൻ വാക്സിനുകൾക്ക് കഴിയുമോ എന്ന ചോദ്യം ബാക്കി നിൽക്കുകയാണ്.

logo
The Fourth
www.thefourthnews.in